കയ്പമംഗലം: അക്ഷരങ്ങള്‍ അന്യമായിരുന്ന കാലത്ത് കയ്പമംഗലത്തിെൻറ തീരത്ത് സ്ഥാപിച്ച കലാലയം നൂറിെൻറ നിറവിലേക്ക്. 1918ല്‍ ആരംഭിച്ച വിദ്യാലയമാണ് കയ്പമംഗലം ഫിഷറീസ് വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്കൂളായി തലയുയര്‍ത്തി നില്‍ക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി മദ്രാസ് സർക്കാർ ആരംഭിച്ച ഇത് ഫിഷറീസ് വകുപ്പിെൻറ അസി. ഡയറക്ടര്‍ ആയിരുന്ന വി.വി. ഗോവിന്ദെൻറ നേതൃത്വത്തില്‍ എലിമെൻററി സ്കൂളായാണ് പ്രവര്‍ത്തനം തുടങ്ങിയത്. അന്നത്തെ എഴുത്താണിക്കുന്നില് എഴുത്തുപള്ളിക്കൂടം പ്രവര്‍ത്തകനായിരുന്ന അയ്യപ്പന്കുഞ്ഞി സംഭാവനയായി നല്കിയ സ്ഥലത്താണ് സ്കൂള്‍ ആരംഭിച്ചത്. മത്സ്യത്തൊഴിലാളികളെ മുന്നില്‍ക്കണ്ട് തുടങ്ങിയ സ്കൂളില്‍ അവരുടെ കുട്ടികളെ എത്തിക്കുക ഏറെ ശ്രമകരമായിരുന്നു. അധ്യാപകരുടെ കഠിന പ്രയത്നത്തിനൊടുവിലാണ് കുട്ടികള്‍ വന്നുതുടങ്ങിയത്. എങ്കിലും ഉയര്‍ന്ന വിദ്യാഭ്യാസത്തിന് കാത്തുനില്‍ക്കാതെ 15 വയസ്സാകുമ്പോഴേക്കും കുട്ടികള്‍ പാരമ്പര്യ തൊഴിലായ മീന്‍പിടിത്തത്തിലേക്ക് പൊയ്ക്കൊണ്ടിരുന്നു. 1921ല്‍ എട്ടുവരെ ക്ലാസുകള്‍ ഉണ്ടാക്കി ഹയര്‍ എലിമെൻററി സ്കൂളായി ഉയര്‍ത്തി. കണ്ടങ്ങത്ത് കുഞ്ഞുണ്ണിയായിരുന്നു പ്രഥമ പ്രധാനാധ്യാപകന്. 1960ല്‍ സ്കൂളിന് സമീപം നടന്ന ധീവരസഭയുടെ പ്രഥമ സമ്മേളനത്തില്‍ അന്നത്തെ മുഖ്യമന്ത്രി പട്ടം താണുപിള്ളയും അഞ്ച് മന്ത്രിമാരും പങ്കെടുത്തു. സമ്മേളനത്തിലെ ചര്‍ച്ചയുടെ ഫലമായാണ് 1962ല്‍ ഫിഷറീസ് വിഭാഗംകൂടി ഉള്‍പ്പെടുത്തി ഹൈസ്കൂളായി മാറ്റിയത്. 1991ല്‍ സ്കൂളില്‍ വി.എച്ച്.എസ്.ഇ അനുവദിച്ചു. അക്വാകള്‍ച്ചര്‍, ഫിഷ് പ്രോസസിങ് തുടങ്ങിയവയാണ് വൊക്കേഷനല്‍ വിഭാഗത്തില്‍ ആദ്യം അനുവദിച്ചത്. 2000ത്തോടെയാണ് സ്കൂള്‍ ഹയര്‍ സെക്കൻഡറിയായി ഉയർത്തിയത്. സ്ഥല പരിമിതിമൂലം ആ വര്‍ഷം പ്ലസ്ടു ആരംഭിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് എം.എല്‍.എ ഫണ്ടില്‍നിന്ന് തുക അനുവദിച്ച് കെട്ടിടംപണി പൂര്‍ത്തിയാക്കി. 2004ല്‍ പ്ലസ്ടുവിന് തുടക്കംകുറിച്ചു. സ്വകാര്യ വിദ്യാലയങ്ങളെ പിന്തള്ളി എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച നേട്ടം കൊയ്തു. വാര്‍ഷികാഘോഷങ്ങള്‍ക്ക് ചൊവ്വാഴ്ച തുടക്കംകുറിക്കും. തുറമുഖ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.