തൃശൂർ: ഉപയോഗിച്ച് പഴകിയതോ അല്ലെങ്കിൽ ചെറുതായതോ ആയ വസ്ത്രങ്ങൾ നിങ്ങൾക്ക് കൊടുങ്ങല്ലൂർ ‘ലൈൻ ഡ്രസ് ബാങ്കിൽ’ നിക്ഷേപിക്കാം. അത് നിരവധി പേർക്കുള്ള വസ്ത്രമാകും. വീണ്ടും ഉപയോഗിക്കാവുന്നവയേ നിക്ഷേപിക്കാവൂ. ഉടുതുണിക്ക് മറുതുണിയില്ലാത്തവർക്ക് സഹായകമാകാൻ കൊടുങ്ങല്ലൂർ ലൈൻ ഡ്രസ് ബാങ്ക് ജനുവരിയിൽ തുടങ്ങിയ പ്രവർത്തനം സംസ്ഥാനതലത്തിലേക്ക് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. നല്ല വസ്ത്രം ഇല്ലാത്തവർക്ക് സൗജന്യമായി വസ്ത്രം ലഭ്യമാക്കാൻ തുടക്കം കുറിച്ച സംരംഭമാണ് ലൈൻ ഡ്രസ് ബാങ്ക്. കൊടുങ്ങല്ലൂർ ലൈൻ ബിൽഡേഴ്സിെൻറ സഹായത്തോടെ ലൈൻ ഫൗണ്ടേഷന് കീഴിൽ ജനുവരി ഒന്നിന് ആരംഭിച്ച ഡ്രസ് ബാങ്കിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒരു ദിവസം 50 ഓളം ആളുകൾ ഇതിെൻറ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. ബാങ്കിൽ നിക്ഷേപിക്കുന്ന വസ്ത്രങ്ങൾ അലക്കിത്തേച്ച് സ്േപ്ര അടിച്ചാണ് ഷോറൂമിൽ പുതുവസ്ത്രങ്ങൾ പോലെ അലങ്കരിച്ച് പ്രദർശിപ്പിക്കുന്നത്. ഒരു ബട്ടൻപോലും നഷ്ടപ്പെടാത്ത വിവിധ ബ്രാൻഡഡ് വസ്ത്രങ്ങൾ വരെ ഇക്കൂട്ടത്തിലുണ്ടാകും. പലതും വൃത്തിയാക്കി പുത്തൻ ചേലിലാണ് നിക്ഷേപിക്കപ്പെടുന്നത്. വസ്ത്രങ്ങൾ എടുക്കാൻ എത്തുന്നവരെ തിരിച്ചറിയൽ കാർഡ് മുഖേനയാണ് പദ്ധതിയുമായി ബന്ധപ്പെടുത്തുന്നത്. ഒരാൾക്ക് ആറുമാസത്തിൽ ഒരിക്കൽ രണ്ടു ജോടി എന്ന നിലയിൽ വസ്ത്രങ്ങൾ എടുക്കാം. ഇൗ അവസരം ദുരുപയോഗിക്കാതിരിക്കാനാണിത്. വസ്ത്രങ്ങൾ നിക്ഷേപിക്കാൻ താൽപര്യമുള്ളവരിൽനിന്നും അവ സ്വീകരിക്കാൻ വാഹനസൗകര്യം ഒരുക്കുന്ന കാര്യം ആലോചനയിലാണ്. സംരംഭം സംസ്ഥാന വ്യാപകമാക്കുന്നതിെൻറ ഭാഗമായി ജില്ലാതലങ്ങളിൽ സമിതികൾ രൂപവത്കരിക്കും. സംരംഭത്തിെൻറ പ്രചാരണ പരിപാടികൾക്കായി പ്രശസ്തരായ വ്യക്തികളുടെ സേവനവും ഉപയോഗപ്പെടുത്തും. ലൈൻ ഡ്രസ് ബാങ്കുകൾ ഏകീകരിക്കുന്നതിന് പ്രത്യേക ലോഗോയും ഒരുക്കും. പ്രമുഖ ഡിസൈനർമാരിൽനിന്നുമാകും ഇൗ ലോഗോ ക്ഷണിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ രൂപകൽപന ചെയ്യുന്നവരെ ഇതിനായി സംഘടിപ്പിക്കുന്ന ചടങ്ങിൽ ആദരിക്കുമെന്ന് ട്രസ്റ്റ് പ്രസിഡൻറ് പി.എം. ഷിയാസ്, ജനറൽ സെക്രട്ടറി എം.ബി. ഫസൽ ഹക്ക് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.