തൃശൂർ: കുടിവെള്ള കിയോസ്ക്കുകൾ സ്ഥാപിക്കാനുള്ള നടപടികൾ ഇൗ മാസം അവസാനത്തോടെ പൂർത്തിയാകും. കിയോസ്ക്കുകൾ സ്ഥാപിക്കേണ്ട തറയുടെയും മറ്റും ജോലി പൂർത്തിയാക്കേണ്ടത് അതത് തദ്ദേശ ഭരണസ്ഥാപനങ്ങളാണ്. പഞ്ചായത്തുകളിൽ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളെയും നഗരസഭയിൽ ജില്ല നിർമിതി കേന്ദ്രത്തെയുമാണ് ബേസ്മെൻറ് നിർമാണം ഏൽപിച്ചിരിക്കുന്നത്. മാർച്ച് നടപടി പൂർത്തിയാക്കി ഇവ സ്ഥാപിക്കുമെന്നാണ് പ്രതീക്ഷ. 397 കിയോസ്ക്കുകളാണ് ജില്ലക്ക് അനുവദിച്ചിട്ടുള്ളത്. ഇതിൽ 61 എണ്ണം പട്ടികജാതി കോളനികളിൽ സ്ഥാപിക്കും. സർക്കാർ അനുമതിയും എഗ്രിമെൻറും പൂർത്തിയായിട്ടുണ്ട്. രൂക്ഷമായ കുടിവെള്ളക്ഷാമംമൂലം ജില്ലയിലെ വിവിധ പട്ടികജാതി കോളനികളിൽനിന്ന് കുടുംബങ്ങൾ മാറി താമസിച്ചു തുടങ്ങുമ്പോഴാണ് ഇവർക്ക് കുടിെവള്ളം എത്തിക്കാനുള്ള സർക്കാർ പദ്ധതിയോട് തദ്ദേശ സ്ഥാപനങ്ങൾ അലംഭാവം കാണിക്കുന്നത്. 30,000 രൂപയാണ് ഒരുകിയോസ്ക് സ്ഥാപിക്കാനായി അനുവദിച്ചത്. തദ്ദേശ സ്ഥാപനങ്ങൾക്ക് അവരുടെ പദ്ധതി ഫണ്ട് വഴിയും കുടിവെള്ള കിയോസ്ക്കുകൾ സ്ഥാപിക്കാമെന്ന് കഴിഞ്ഞ ദിവസം സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇവ പ്രാവർത്തികമല്ലെന്ന വിലയിരുത്തലിൽ ആദ്യഘട്ടം പദ്ധതിക്ക് അപേക്ഷ നൽകാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മടിച്ചു. കുടിവെള്ള ക്ഷാമം രൂക്ഷമാകുമ്പോഴും ഇതിനുള്ള നടപടികൾക്ക് സ്ഥാപനങ്ങൾ നടപടി സ്വീകരിച്ചിട്ടില്ല. തൃശൂർ കോർപറേഷൻ ഉൾപ്പെടെ കുടിവെള്ള കിയോസ്ക്കുകൾ സ്ഥാപിക്കുന്നത് പ്രാവർത്തികമല്ലെന്ന നിലപാടിലാണ്. ടാങ്കറുകളിൽ വെള്ളമെത്തിക്കുന്നതിനെക്കാൾ കുറഞ്ഞ ചെലവിൽ ജനങ്ങൾക്ക് വെള്ളം ലഭ്യമാക്കാനും ഇതുമൂലമുണ്ടാകുന്ന ചെലവ് കുറക്കാനുമുള്ള പദ്ധതിയാണ് അനുബന്ധ ജോലികൾ പൂർത്തിയാക്കാത്തതുമൂലം വൈകുന്നത്. 1158 വാര്‍ഡുകളിലായി 1158 ശുദ്ധജല കിയോസ്ക്കുകൾ ജില്ലയില്‍ സ്ഥാപിക്കുമെന്നായിരുന്നു ജില്ല വരൾച്ചാ അവലോകന യോഗത്തിൽ അറിയിച്ചത്. പട്ടികജാതി കോളനികളിലെ 48 വാർഡുകളിലായി 61 കിയോസ്ക്കുകള്ക്കാണ് അനുമതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.