താള നൂപുരധ്വനികളില്‍ മുഖരിതമായ നാലാം സന്ധ്യ

തൃശൂർ: സംഗീത നാടക അക്കാദമിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ നാലാം നാള്‍ ക്ലാസിക്കൽ, ഫ്യൂഷന്‍ സംഗീതത്തി​െൻറയും മോഹിനിയാട്ട ലാസ്യത്തി​െൻറയും മികവാര്‍ന്ന അവതരണം കൊണ്ട് ശ്രദ്ധേയമായി. ഹംസധ്വനി രാഗത്തിലുള്ള വാതാപിയില്‍ തുടങ്ങിയ ഡോ.കുഴല്‍മന്ദം രാമകൃഷ്ണനും സംഘവും അവതരിപ്പിച്ച ഫ്യൂഷന്‍ സംഗീതം ചടുലമായ സംഗീതത്തി​െൻറ മാസ്മരികതയിലൂടെ പ്രേക്ഷകരെ ആനന്ദപുളകിതരാക്കി. അദേരി രാഗത്തിലുള്ള നഗുമോയില്‍ തുടങ്ങി വിവിധ ചലച്ചിത്ര ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഇനവും 'മൃദു'വും ചെണ്ടയും ചേര്‍ന്നുള്ള സമന്വയവും മധ്യമാവതി രാഗത്തിലവതരിപ്പിച്ച അവസാന ഇനവും മികവുറ്റതായി. സുജിത്ത് കുമാര്‍ (പുല്ലാങ്കുഴല്‍ സാക്‌സഫോൺ) ഡിവിന്‍ ചൊവ്വല്ലൂര്‍പടി (നാഗസ്വരം), കലാമണ്ഡലം അരുണ്‍ദാസ് (ചെണ്ട, ഇടയ്ക്ക), ബാബു എടപ്പാള്‍ (കീ ബോര്‍ഡ്), കണ്ണന്‍ തെങ്കര (റിഥം പാഡ്) എന്നിവര്‍ കുഴല്‍മന്ദം രാമകൃഷ്ണന് പിന്തുണയേകി . ആനന്ദഭൈരവി രാഗത്തില്‍ ആദി താളത്തിലുള്ള ചൊല്‍കെട്ടോടെയാണ് ഡോ.മേതില്‍ ദേവിക മോഹിനിയാട്ടക്കച്ചേരിക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് ഭൈരവി രാഗത്തിലുള്ള യാരോ ഇവര്‍, പുനവരാളിയിലുള്ള ചിദംബരയുക്തം, വസന്തയിലുള്ള ഹരിഹരപുത്രം എന്നീ ഇനങ്ങളുടെ നൃത്താവിഷ്‌കാരങ്ങള്‍ നടന്നു. നാട്ടുവാങ്കത്തില്‍ അപര്‍ണയും വായ്പ്പാട്ടില്‍ കലാമണ്ഡലം വിനോദും മൃദംഗത്തില്‍ കല്ലേകുളങ്ങര ഉണ്ണികൃഷ്ണനും പുല്ലാങ്കുഴലില്‍ പാലക്കാട് സൂര്യനാരായണനും വീണയില്‍ ബൈജുവും പക്കമേളമൊരുക്കി. ബുധനാഴ്ച ഗോത്രകലകളായ മലപ്പുലയാട്ടവും പളിയനൃത്തവും പാരമ്പര്യ കലയായ കാക്കരശ്ശി നാടകവും അരങ്ങേറും. ഇടുക്കി ജില്ലയിലെ ആദിവാസി വിഭാഗമായ മലപ്പുലയന്‍ ജാതിയുമായി ബന്ധപ്പെട്ട ഉത്സവങ്ങളില്‍ മാരിയമ്മൻ, കാളിയമ്മന്‍, മീനാക്ഷി എന്നീ ദേവതകളെ ആരാധിക്കുന്നതി​െൻറ ഭാഗമായി അവതരിപ്പിക്കുന്ന നൃത്തരൂപമാണ് മലപ്പുലയാട്ടം. മറയൂര്‍ ജഗദീശനും സംഘവുമാണ് മലപ്പുലയാട്ടം അവതരിപ്പിക്കുന്നത്. ഇടുക്കി ജില്ലയിലെ ആദിവാസി വിഭാഗമായ പളിയരുടെ പാരമ്പര്യ നൃത്ത രൂപമാണ് പളിയനൃത്തം. മാരിയമ്മയെ ആരാധിക്കുന്നവരാണ് പളിയർ. മാരിയമ്മന്‍ ക്ഷേത്രത്തില്‍ ഉത്സവത്തിന് അവതരിപ്പിക്കുന്ന കലാരൂപമാണ് പളിയനൃത്തം. വെള്ളയങ്കാണി പരമ്പരാഗത നൃത്ത സംഘമാണ് അവതരിപ്പിക്കുന്നത്. മധ്യകേരളത്തിലെ അറിയപ്പെടുന്ന ഒരു പാരമ്പര്യ കലയാണ് കാക്കരശ്ശി നാടകം. ഇത് ഒരു സംഗീത നൃത്ത നാടകരൂപമാണ്. കൊട്ടാരക്കര താമരകുടി ഹരികുമാറും സംഘവുമാണ് കാക്കരശ്ശി നാടകാവതരണത്തിന് എത്തിച്ചേരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.