തൃശൂർ: വാതം മാറ്റാനുപയോഗിക്കുന്ന കുറുന്തോട്ടിക്കുതന്നെ വാതം വന്നാലോ? അതൊരു സാങ്കൽപിക ചോദ്യമായി തള്ളാം. എന്നാൽ, റേഷൻ കാർഡ് വിതരണംതന്നെ ‘റേഷൻ’ ആയാലോ? സാങ്കൽപിക ചോദ്യമല്ല. ജില്ലയിലെ ജനങ്ങൾ ഇത് അനുഭവിക്കുകയാണിപ്പോൾ. റേഷൻ കാർഡ് വിതരണം ഇന്ന് എന്ന് സർക്കാർ പത്രങ്ങളിൽ പരസ്യം ചെയ്തത് കണ്ട് ചെന്ന ഭൂരിഭാഗം പേരും കാർഡ് കിട്ടാതെ നിരാശരായി മടങ്ങി. ജൂൺ ഒന്നിന് തുടങ്ങിയ റേഷൻ കാർഡ് വിതരണത്തിെൻറ ജില്ലയിലെ അവസ്ഥയാണിത്. മുൻഗണന, മുൻഗണനേതര കാർഡുകളിലെ പരാതികളും കൂട്ടിച്ചേർക്കലും ഉൾെപ്പടെ നിരവധി പ്രശ്നങ്ങൾ ഉടലെടുത്തതോടെയാണ് നേരേത്ത കാർഡ് വിതരണം നീണ്ടതെങ്കിൽ ഇപ്പോൾ കുറ്റക്കാർ പൂർണമായും അധികാരികളാണ്. ആറ് താലൂക്കുകളിലായി 1200 റേഷൻ കടകളാണ് ജില്ലയിൽ ഉള്ളത്. ഇതിൽ 201 കടകൾക്കുള്ള റേഷൻ കാർഡാണ് എത്തിച്ചിട്ടുള്ളത്. നാല് താലൂക്കുകളിൽ നാമമാത്രമായാണ് വിതരണം തുടങ്ങിയത്. മുകുന്ദപുരം, ചാലക്കുടി താലൂക്കുകളിൽ കാർഡ് എത്തിക്കാൻ കാലതാമസം ഉണ്ടായതിനാൽ വിതരണ നടപടികൾ പൂർത്തിയായിട്ടില്ല. തിങ്കളാഴ്ച മുതൽ വിതരണം നടത്തിയേക്കും. താലൂക്കുകളിൽ പകുതി കടകൾക്കുപോലും ഉള്ള റേഷൻ കാർഡ് എത്തിയിട്ടില്ല. വെള്ളിയാഴ്ച ഉച്ചവരെ ജില്ലയിൽ ഏറ്റവുമധികം കാർഡ് എത്തിയത് തൃശൂർ താലൂക്കിലാണ്. ഇവിടെ 299 റേഷൻ കടകൾ ഉള്ളതിൽ രണ്ട് ദിവസംകൊണ്ട് 50 കടകൾക്കുള്ള കാർഡെത്തി. ഒരോ ദിവസവും അഞ്ചുവീതം കടകൾക്ക് കാർഡ് വിതരണവും തുടങ്ങിയിട്ടുണ്ട്. ഏറ്റവും കുറവ് കാർഡുകളെത്തിയത് മുകുന്ദപുരം താലൂക്കിലാണ്. ഇവിടെ 157ൽ 14 കടകൾക്കുള്ള കാർഡാണ് എത്തിച്ചത്. വൈകിയെത്തിച്ചതിനാൽ സോർട്ടിങ് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വ്യാഴം, വെള്ളി ദിവസങ്ങളിലായാണ് ചാലക്കുടി താലൂക്കിൽ 56 കടകൾക്കുള്ള കാർഡുകളെത്തിയത്. 198 കടകളാണ് താലൂക്കിലുള്ളത്. മുകുന്ദപുരം, ചാലക്കുടി താലൂക്കുകളിൽ കാർഡ് വിതരണം തിങ്കളാഴ്ച തുടങ്ങും. കൊടുങ്ങല്ലൂർ താലൂക്കിൽ 130ൽ 30, ചാവക്കാട് 184ൽ 30, തലപ്പിള്ളിയിൽ 232ൽ 21 എന്നിങ്ങനെയാണ് കാർഡ് എത്തിയ റേഷൻ കടകളുടെ എണ്ണം. ലാമിനേഷൻ പ്രവൃത്തി പൂർത്തിയാകാത്തതാണ് കാർഡ് വിതരണം വൈകാൻ കാരണമെന്നാണ് വിവരം. സി-ഡിറ്റിനാണ് കാർഡിെൻറ നിർമാണ ചുമതല. കാർഡ് ലാമിനേഷൻ ചെയ്യുന്നതിന് വ്യതിയാനമില്ലാത്ത വൈദ്യുതി വേണം. പവർ സ്റ്റേഷനോട് അനുബന്ധിച്ചുള്ള സ്ഥലങ്ങളാണ് ലാമിനേഷൻ ജോലിക്കായി തെരഞ്ഞെടുത്തത്. 2007ൽ കാലാവധി കഴിഞ്ഞ കാർഡാണ് നിലവിൽ ഉപഭോക്താക്കൾ ഉപയോഗിക്കുന്നത്. 10 വർഷം പിന്നിട്ടിട്ടും പുതിയ കാർഡ് നൽകുന്ന നടപടികൾ അനന്തമായി നീണ്ടു. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷം അഞ്ചുതവണ കാർഡ് വിതരണം ചെയ്യുന്ന തീയതി പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.