തൃശൂർ: കുളമ്പുരോഗവും വേനലും പാൽ ഉൽപാദനത്തിൽ കുറവുവരുത്തിയെങ്കിലും തിരിച്ചുവരവിെൻറ സൂചന നൽകുന്ന കേരളത്തിെൻറ ക്ഷീരമേഖലക്ക് ഇരുട്ടടിയാവുകയാണ് കേന്ദ്രത്തിെൻറ അറവു നിരോധന, കാലി കൈമാറ്റ നിയന്ത്രണ ഉത്തരവ്. സംസ്ഥാനത്ത് പ്രതിദിനം 87 ലക്ഷം ലിറ്റർ പാൽ വേണം. ഇതിൽ 78 ലക്ഷം ലിറ്റർ ആഭ്യന്തര ഉൽപാദനമുണ്ട്. 2013മുതൽ പടർന്നുപിടിച്ച കുളമ്പുരോഗവും ആന്ത്രാക്സും മൂലം പാലുൽപാദനത്തിൽ 30 ശതമാനം കുറവു വന്നിരുന്നു. ഇതിൽനിന്ന് ഉയർത്തെഴുന്നേറ്റ മേഖലയെ വേനലും ബാധിച്ചു. ആഭ്യന്തര ഉൽപാദനം അഞ്ച് ശതമാനം കുറഞ്ഞെങ്കിലും സർക്കാർ ഇടപെടലോടെ ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ മിൽമയുടെ സംഭരണത്തിൽ വർധനവുണ്ടായി. മിൽമയുടെ തിരുവനന്തപുരം മേഖല ഒഴികെ എറണാകുളം, മലബാർ മേഖലകൾ ഉൽപാദനത്തിലും സംഭരണത്തിലും സ്വയംപര്യാപ്തമാണ്. പാൽവില ലിറ്ററിന് നാലുരൂപ വർധിപ്പിക്കുകയും 3.35രൂപ ക്ഷീരകർഷകർക്ക് ലഭ്യമാക്കുകയും ചെയ്തതോടെ സാമ്പത്തികമായി ഭേദപ്പെട്ട അവസ്ഥയിലായിരുന്നു കർഷകർ. വേനൽ നേരിടാനുള്ള സർക്കാർ പദ്ധതിയും ഫലം കണ്ടു. ഇതിനിടെയാണ് അറവുനിരോധന, കാലി കൈമാറ്റനിയന്ത്രണ ഉത്തരവുവന്നത്. ഉത്തരവ് നടപ്പാക്കിയാൽ ക്ഷീര മേഖല നേരിടുന്ന പ്രതിസന്ധി സമാനതകളില്ലാത്തതാകുമെന്ന് മിൽമ എറണാകുളം മേഖല യൂനിയൻ ചെയർമാൻ പി.എ. ബാലൻ പറഞ്ഞു. അഞ്ചോ ആറോ പ്രസവം കഴിഞ്ഞ പശുക്കളിൽ പാൽ ഗണ്യമായി കുറയും. ഈ സമയം അതിനെ അറവിന് കൈമാറി പുതിയവ വാങ്ങി നഷ്ടം നികത്തുകയുമാണ് പതിവ്. എന്നാൽ കൈമാറ്റ നിയന്ത്രണം ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. നല്ല ഉൽപാദനം ലഭിക്കുമെന്ന പ്രതീക്ഷയിൽ വാങ്ങുകയും എന്നാൽ രോഗങ്ങളോ മറ്റ് കാരണങ്ങളാലോ പ്രതീക്ഷിച്ചത്ര പാൽ ലഭിക്കാത്തതിനേയും കൈമാറ്റം ചെയ്യുന്ന കേരളത്തിലെ രീതിക്ക് വൻ തിരിച്ചടിയാകും ഉത്തരവ്. മൂരിക്കുട്ടികളെയും വിൽക്കാനാകില്ല. ഫലത്തിൽ സ്വതന്ത്ര കൈമാറ്റം സാധ്യമാവുമായിരുന്ന ക്ഷീര കർഷകർക്ക് പശുവെന്നാൽ വൻ ബാധ്യതയാകുന്ന സ്ഥിതിയാണ് ഉണ്ടാവുകയെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരവുകളിൽ ഇളവുകൾ വരുത്തുമെന്നാണ് കർഷകരുടെ പ്രതീക്ഷയെങ്കിലും ഭാവിയിൽ ക്ഷീരകർഷകർക്ക് ബാധ്യതയാകുന്ന ഉത്തരവുകൾ ഇറങ്ങുമെന്നതാണ് ഇപ്പോഴത്തെ കേന്ദ്രനിലപാടുകൾ സൂചിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.