ചേറ്റുവയില്‍ ഡെങ്കിപ്പനി വ്യാപകം

വാടാനപ്പള്ളി: ചേറ്റുവ മിനി ഫിഷിങ് ഹാര്‍ബര്‍ പരിസരത്ത് ഡെങ്കിപ്പനി വ്യാപകം. തൊഴിലാളികളും പരിസരവാസികളും ഓട്ടോഡ്രൈവര്‍മാരുമടക്കം നിരവധിപേര്‍ ആശുപത്രിയില്‍. രണ്ടാഴ്ച മുമ്പ് ഹാര്‍ബര്‍ പരിസരത്തുള്ള ഓട്ടോ തൊഴിലാളിക്കാണ് ആദ്യമായി ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇയാള്‍ രണ്ടാഴ്ചയോളം ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് ഇതേ സ്റ്റാന്‍ഡിലെതന്നെ മറ്റ് ഓട്ടോ ഡ്രൈവര്‍മാര്‍ക്കും പനിയുടെ ലക്ഷണം തുടങ്ങി. കൂടാതെ, ഹാര്‍ബറിലെ കയറ്റിറക്ക് തൊഴിലാളികള്‍, കാന്‍റീന്‍ ജീവനക്കാര്‍, മത്സ്യത്തൊഴിലാളികള്‍, പ്രദേശവാസികള്‍ എന്നിവരടക്കം നിരവധി പേര്‍ക്കാണ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ഇവര്‍ ചാവക്കാട് താലൂക്ക് ഒളരി, ചേറ്റുവ, തൃശൂര്‍, പൊക്കുളങ്ങര എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ശുചിയില്ലായ്മയാണ് പനിക്ക് കാരണമെന്ന് പറയുന്നു. മലിനജലം ശുചീകരിച്ച് ഒഴുക്കിക്കളയുന്നത് ശരിയായ രൂപത്തില്‍ നടക്കുന്നില്ളെന്ന് ആരോപണമുണ്ട്. ഇതോടെ കെട്ടിക്കിടക്കുന്ന മലിനജലത്തില്‍ കൊതുകുകള്‍ പെരുകുകയാണ്. എന്നാല്‍, കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് അധികൃതര്‍ ഈ പ്രദേശത്ത് ഫോഗിങ് നടത്തിയിരുന്നുവെന്നും അടുത്തദിവസം ഈ പ്രദേശത്ത് ആരോഗ്യ വകുപ്പിന്‍െറ പ്രത്യേക സിറ്റിങ് നടത്തുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. അശോകന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.