ചിമ്മിനി ഡാം തുറന്നു; വെള്ളമത്തൊന്‍ വൈകും

തൃശൂര്‍: മണലിപ്പുഴയില്‍ അപ്രതീക്ഷിത സമയത്ത് ആരംഭിക്കേണ്ടിവന്ന തടയണ നിര്‍മാണം നിര്‍ത്തിവെച്ച് കോള്‍മേഖലയിലേക്കായി ചിമ്മിനി ഡാം തുറന്നു. മന്ത്രി വി.എസ്. സുനില്‍കുമാറിന്‍െറ ഇടപെടലിനെ തുടര്‍ന്നാണ് വ്യാഴാഴ്ച വൈകീട്ട് ഡാമിന്‍െറ സ്ളൂയീസ് വാല്‍വുകള്‍ തുറന്നത്. ദശാംശം ആറ് ദശലക്ഷം ഘനമീറ്റര്‍ അളവിലാണ് വാല്‍വുകള്‍ ആദ്യം തുറന്നത്. ഇന്നലെ നേരിയ തോതില്‍ വാല്‍വുകള്‍ അളവ് കൂട്ടി തുറന്നിട്ടുണ്ട്. അതേസമയം തുറന്നുവിട്ട വെള്ളം പരമാവധി കോള്‍മേഖലകളിലേക്ക് എത്തിക്കാന്‍ നടപടി തുടരുന്നുണ്ട്. തീരെ വെള്ളം എത്താത്ത സ്ഥലങ്ങളില്‍ നെല്ലിന് ഉണക്കം വരാതിരിക്കാന്‍ സോയില്‍ ഇഞ്ചക്ഷന്‍ പ്രയോഗിക്കാന്‍ മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. 20 ദിവസത്തോളം ഉണക്കമില്ലാതെ പിടിച്ചുനില്‍ക്കാന്‍ ശേഷിയുള്ള ലായനി പ്രയോഗമാണിത്. വ്യാഴാഴ്ച തൃശൂരില്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥരുമായി മന്ത്രി കൂടിക്കാഴ്ച നടത്തിയാണ് നിര്‍ദേശങ്ങള്‍ നല്‍കിയത്. പുഴയിലെ മണ്‍ചിറകള്‍ തകരാതിരിക്കാനാണ് വെള്ളം അളവ് കുറച്ച് തുറന്നത്. സ്ഥിതിഗതികള്‍ വിലയിരുത്താനായി ഇറിഗേഷന്‍ അസി.എക്സി.എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള സംഘവും മെക്കാനിക്കല്‍ വിഭാഗവും ചിമ്മിനിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. വരന്തരപ്പിള്ളി മേഖലയിലാണ് മാസങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് സമരത്തിന്‍െറയും ഭരണസമ്മര്‍ദത്തെയും തുടര്‍ന്ന് കുറുമാലിപ്പുഴയിലെ തടയണ നിര്‍മാണത്തിനായി ചിമ്മിനി ഡാം അടച്ചത്. കോള്‍ നിലങ്ങള്‍ വരണ്ടു തുടങ്ങിയതിനാല്‍ കര്‍ഷകര്‍ പ്രതിഷേധത്തിലാണ്. കര്‍ഷകരോടോ ജില്ല കോള്‍ നില ഉപദേശക സമിതിയോടോ കൂടിയാലോചിക്കാതെയാണ് ജില്ല ഭരണകൂടവും ജലസേചന വകുപ്പ് ഉദ്യോഗസ്ഥരും പ്രതിസന്ധി സൃഷ്ടിച്ചത്. തടയണ നിര്‍മാണം കോള്‍മേഖലയിലെ നെല്ലുല്‍പാദനത്തെ ബാധിക്കാത്ത വിധം ക്രമീകരിക്കണമെന്ന് നേരത്തെ തന്നെ ആവശ്യമുയര്‍ന്നിരുന്നുവെങ്കിലും ഉദ്യോഗസ്ഥര്‍ അവഗണിച്ചു. ഇതിനിടെയാണ് ഉപദേശകസമിതിയുടെ കൂടിയാലോചന പോലുമില്ലാതെ ഏകപക്ഷീയമായി തടയണ നിര്‍മാണത്തിനായി ഡാം അടക്കാന്‍ തീരുമാനിച്ചത്. കോള്‍ മേഖലയില്‍ കൊയ്ത്തിന് പാകമായതുള്‍പ്പെടെ ഏക്കറുകണക്കിന് നെല്ല് വെള്ളമില്ലാതെ കരിഞ്ഞുണങ്ങുമെന്ന് കാണിച്ച് കര്‍ഷകരുടെ പ്രതിഷേധമുയര്‍ന്നതോടെയാണ് മന്ത്രി വിഷയത്തില്‍ ഇടപെട്ടത്. തടയണ നിര്‍മാണ പ്രദേശവും, കോള്‍മേഖലയും കലക്ടര്‍ പരിശോധിച്ചു. ഇതോടെ ഡാം തുറന്ന് വിടാന്‍ മന്ത്രി അടിയന്തര നിര്‍ദേശം നല്‍കുകയായിരുന്നു. കോള്‍ കര്‍ഷക പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഇറിഗേഷന്‍ കോള്‍ അഡൈ്വസറി കമ്മിറ്റി യോഗം ചേരാതെ ചിമ്മിനി ഡാം അടച്ചിട്ടതില്‍ പ്രതിഷേധിച്ച് ജില്ല കോള്‍കര്‍ഷക സംഘം പ്രതിനിധികള്‍ ഉപദേശക സമിതിയില്‍ നിന്ന് രാജിവെച്ചു. ഉദ്യോഗസ്ഥ നടപടി കൃഷി ഉണങ്ങാന്‍ കാരണമായതെന്ന് രാജി തീരുമാനിച്ച ജില്ല കോള്‍ കര്‍ഷകസംഘം എക്സി.യോഗം വിലയിരുത്തി. പ്രസിഡന്‍റ് കെ.കെ. കൊച്ചുമുഹമ്മദ് അധ്യക്ഷത വഹിച്ചു. വെള്ളത്തിന്‍െറ അളവ് കൂട്ടി വിടണമെന്ന് ആവശ്യപ്പെട്ടു. ജനറല്‍ സെക്രട്ടറി എന്‍.കെ സുബ്രഹ്മണ്യന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.