മറ്റത്തൂരിലെ കിഴക്കന്‍ മേഖലയില്‍ കുടിവെള്ള വിതരണം അവതാളത്തില്‍

കോടാലി: ക്രോസ് ബാറില്‍ സംഭരിച്ച വെള്ളം കൊയ്ത്തിനായി തുറന്നു വിട്ടതിനെ തുടര്‍ന്ന് മറ്റത്തൂര്‍ ഗ്രാമീണ ശുദ്ധജല പദ്ധതിയുടെ പ്രവര്‍ത്തനം അവതാളത്തിലായി. ഇതോടെ മറ്റത്തൂര്‍ പഞ്ചായത്തിലെ കിഴക്കന്‍ മേഖലയിലേക്കുള്ള കുടിവെള്ള വിതരണം നിലച്ചു. കിഴക്കേ കോടാലിയില്‍ വെള്ളിക്കുളം വലിയതോടിനു സമീപത്താണ് മറ്റത്തൂര്‍ ഗ്രാമീണ ശുദ്ധജല പദ്ധതിയുടെ പമ്പ് ഹൗസ് സ്ഥാപിച്ചിട്ടുള്ളത്. പമ്പ് ഹൗസും കിണറും സ്ഥിതി ചെയ്യുന്ന സ്ഥലത്തിനോടുചേര്‍ന്ന് ചെറിയ കൈത്തോട് കടന്നുപോകുന്നുണ്ട്. കോപ്ളിപ്പാടം ക്രോസ് ബാറില്‍ സംഭരിച്ചു നിര്‍ത്തുന്ന വെള്ളമാണ് ഇതിലൂടെ ഒഴുകുന്നത്. ഇത് പമ്പ് ഹൗസിലെ കിണറില്‍ എപ്പോഴും ജലവിതാനം ഉയര്‍ന്നു തന്നെ നില്‍ക്കുന്നതിനാല്‍ കുടിവെള്ള പമ്പിങ് സുഗമമായി നടക്കാറുണ്ട്. എന്നാല്‍ പമ്പ് ഹൗസിന് പിറകുവശത്തുള്ള പാടശേഖരത്തില്‍ നെല്ലുവിളയുമ്പോള്‍ കൊയ്ത്ത് സൗകര്യത്തിനായി കര്‍ഷകര്‍ ക്രോസ് ബാറില്‍ സംഭരിച്ചുനിര്‍ത്തുന്ന വെള്ളം ഒഴുക്കിക്കളയും. ഇതോടെ പമ്പ് ഹൗസിന് സമീപത്തെ കൈത്തോട് വറ്റും. കിണറില്‍ ജലനിരപ്പ് താഴുന്നതു മൂലം കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുകയും ചെയ്യും. കഴിഞ്ഞ 20 വര്‍ഷമായി ഇത് ആവര്‍ത്തിക്കുകയാണ്. എല്ലാ വര്‍ഷവും വേനല്‍ക്കാലത്ത് കൊയ്ത്ത് കാലമായാല്‍ ഇങ്ങനെ ആഴ്ചകളോളം കുടിവെള്ള വിതരണം സ്തംഭിക്കും. നിര്‍ധന കുടുംബങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള കോളനികളിലേക്കും കുന്നിന്‍പ്രദേശങ്ങളിലേക്കുമുള്ള കുടിവെള്ള വിതരണമാണ് പ്രധാനമായും തടസ്സപ്പെടുന്നത്. പമ്പിങ് സ്റ്റേഷനിലെ ഫില്‍റ്റര്‍ബഡിലേക്ക് കോപ്ളിപ്പാടം ക്രോസ്ബാറിന്‍െറ അടിത്തട്ടില്‍ നിന്ന് പൈപ്പുവഴി വെള്ളമത്തെിച്ചാല്‍ പരിഹരിക്കാവുന്നതാണ് ഈ പ്രശ്നമെങ്കിലും ആരും മുന്‍കൈയെടുക്കുന്നില്ല. കുടിവെള്ളപദ്ധതിയുടെ ജലവിതരണ പൈപ്പുകള്‍ കാലപ്പഴക്കം മൂലം വഴിനീളെ പൊട്ടുന്നത് പതിവാണ് മൂന്നുപതിറ്റാണ്ട് മുമ്പ് സ്ഥാപിച്ച പൈപ്പുകളാണിവ. തികഞ്ഞ അനാസ്ഥയാണ് അധികൃതര്‍ പുലര്‍ത്തുന്നതെന്ന് ജനം പരാതിപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.