ചാവക്കാട് ഹനീഫ വധക്കേസ് : ഗോപപ്രതാപനെ നുണപരിശോധന നടത്താന്‍ ഉത്തരവ്

തൃശൂര്‍: ചാവക്കാട് തിരുവത്രയില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് എ.സി. ഹനീഫ കൊല്ലപ്പെട്ട കേസില്‍ ആരോപണ വിധേയനായ ഐ ഗ്രൂപ് നേതാവ് ഗോപപ്രതാപനെ നുണപരിശോധനക്ക് വിധേയനാക്കാന്‍ കോടതി ഉത്തരവ്. കേസ് പുനരന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി നല്‍കിയ ഹരജിയിലാണ് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ്. ഗോപപ്രതാപനെ സമന്‍സയച്ച് വരുത്തി നേരിട്ട് മൊഴി രേഖപ്പെടുത്തി പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡിവൈ.എസ്.പി ടി.യു. സജീവനാണ് ഹരജി നല്‍കിയത്. ഗൂഢാലോചനയില്‍ പ്രധാന പങ്കുവഹിച്ചുവെന്ന സംശയത്തിലാണ് ഗോപപ്രതാപനെ നുണപരിശോധനക്ക് വിധേയനാക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. ജയിലിലുള്ള ഒന്നുമുതല്‍ മൂന്നു വരെ പ്രതികളായ ഷമീര്‍, അന്‍സാര്‍, അഫ്സല്‍ എന്നിവരുടെ ഡി.എന്‍.എ ടെസ്റ്റിനായി രക്തസാമ്പിള്‍ ശേഖരിക്കാന്‍ ജില്ല സെഷന്‍സ് കോടതി അനുമതി നല്‍കിയിരുന്നു. 2016 ആഗസ്റ്റ് ഏഴിന് രാത്രി ഒമ്പതരയോടെ വീട്ടില്‍നിന്ന് വിളിച്ചിറക്കിയാണ് ഹനീഫയെ കൊലപ്പെടുത്തിയത്. കോണ്‍ഗ്രസ് ഗ്രൂപ്പിസമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് കണ്ടത്തെിയിരുന്നു. ഗോപപ്രതാപനെതിരെയായിരുന്നു പ്രധാന ആരോപണം. തുടര്‍ന്ന് അദ്ദേഹത്തെ കോണ്‍ഗ്രസ് ബ്ളോക്ക് പ്രസിഡന്‍റ് സ്ഥാനത്തുനിന്നും പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്നും സസ്പെന്‍ഡ് ചെയ്തു. എന്നാല്‍ പൊലീസ് എഫ്.ഐ.ആറിലോ പ്രതിപ്പട്ടികയിലോ ഗോപപ്രതാപന്‍ ഉണ്ടായിരുന്നില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് കോണ്‍ഗ്രസിനെതിരായ പ്രധാന പ്രചാരണായുധവും ഹനീഫ വധമായിരുന്നു. ഗോപപ്രതാപന് പങ്കുണ്ടെന്നും പൊലീസ് അന്വേഷണം തൃപ്തികരമല്ളെന്നും കാണിച്ച് മാതാവും ഭാര്യയും ഹൈകോടതിയെ സമീപിച്ചതിലാണീ ഉത്തരവ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.