കൃഷി നശിപ്പിക്കുമെന്ന് ആശങ്ക; കര്‍ഷകര്‍ രാപകല്‍ കാവലില്‍

ചാലക്കുടി: വിളവെടുക്കാറായ 31 ഏക്കര്‍ മുണ്ടകന്‍ കൃഷി വെള്ളം കയറ്റി നശിപ്പിക്കുമെന്ന ഭീതിയില്‍ രാവും പകലും കാവലിരിക്കുകയാണ് കൂടപ്പുഴ കുട്ടാടന്‍ പാടത്തെ കര്‍ഷകര്‍. പാടത്തുനിന്ന് മണ്ണെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് സമീപത്തെ ഓട്ടുകമ്പനി ഉടമയാണ് കൃഷി നശിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് കര്‍ഷകര്‍ ആരോപിച്ചു. ഇയാളുടെ നാമമാത്രമായ കൃഷിയുടെ പേരില്‍ സമീപത്തെ തോട്ടിലെ വെള്ളം കെട്ടിനിര്‍ത്തി 32 പേരടങ്ങുന്ന പാടശേഖരസമിതിയോട് പകപോക്കാന്‍ ശ്രമിക്കുകയാണ്. രാത്രിയില്‍ തോട്ടിലെ വെള്ളം പലയിടത്തായി കെട്ടിനിര്‍ത്തി കൊയ്യാറായ പാടത്തേക്ക് ഒഴുക്കി കൃഷി നശിപ്പിക്കാനുള്ള ശ്രമം പലപ്പോഴും കര്‍ഷകരുടെ സമയോചിത ഇടപെടല്‍മൂലം പരാജയപ്പെട്ടിരുന്നു. ചാലക്കുടി നഗരസഭ 12ാം വാര്‍ഡില്‍ 60 ഏക്കര്‍ വിസ്തൃതിയുള്ള കുട്ടാടന്‍ പാടത്ത് 31 ഏക്കറില്‍ പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ മുണ്ടകന്‍ കൃഷിയിറക്കി. ഇത് വിളവെടുക്കാറായി. എന്നാല്‍, ഒരു മാസം കഴിഞ്ഞാണ് നാലര ഏക്കറില്‍ ഇയാള്‍ നടുഭാഗത്ത് കൃഷിചെയ്യുന്നത്. ഇയാള്‍ക്ക് അപ്പുറത്ത് കൃഷിസ്ഥലങ്ങള്‍ ഉണ്ടെങ്കിലും ദുരുദ്ദേശ്യത്തോടെ നടുവിലെ ഭാഗത്ത് മാത്രമായി കൃഷി ചെയ്യുകയാണുണ്ടായത്. പാടത്തേക്ക് വെള്ളം കയറ്റാനെന്ന ഭാവത്തില്‍ തോട്ടില്‍ വെള്ളം കെട്ടിനിര്‍ത്തി വിളഞ്ഞ പാടത്ത് കയറ്റി കൃഷി നശിപ്പിക്കാനാണ് ശ്രമം. സമീപത്തെ ഓട്ടുകമ്പനി ഉടമയായ ഇയാള്‍ മണ്ണെടുക്കുന്നതിനുവേണ്ടി കുട്ടാടന്‍ പാടത്ത് നിലം വാങ്ങിയിരുന്നത്രേ. ഇതില്‍ കുളത്തിനെന്ന വ്യാജേന ഏക്കറോളം മണ്ണെടുത്തിരുന്നു. എന്നാല്‍, തുടര്‍ന്ന് മണ്ണെടുക്കാനുള്ള ശ്രമം കര്‍ഷകരുടെ പരാതിമൂലം പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് ഇയാള്‍ക്ക് പാടശേഖരസമിതിയോട് പകയുണ്ടായത്. അതിനാല്‍ പ്രതികാരമെന്ന വണ്ണം നേരംതെറ്റിച്ച് കൃഷിയിറക്കി പാടശേഖരസമിതിക്ക് അലോസരമുണ്ടാക്കാനുള്ള ശ്രമം തുടരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.