വരള്‍ച്ച രൂക്ഷം: വനമേഖലയില്‍ കാട്ടുതീ നേരിടാന്‍ സര്‍വസജ്ജം

അതിരപ്പിള്ളി: വേനല്‍ കടുത്തതിനെ തുടര്‍ന്ന് വനമേഖലയില്‍ കാട്ടുതീ ഭീഷണി നേരിടാന്‍ ഫയര്‍ലൈന്‍ നിര്‍മിക്കുന്ന പണികള്‍ നേരത്തെ ആരംഭിച്ചു. ചാലക്കുടി, വാഴച്ചാല്‍ വനം ഡിവിഷനുകളുടെ നേതൃത്വത്തിലാണ് പണികള്‍. ഇത്തവണ മഴ കുറവായതിനാല്‍ കാട്ടുതീ ഭീഷണി ശക്തമാകുമെന്നതിനാലാണ്് നേരത്തെ തീ തടയുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചത്. ജനുവരി 15ന് മുമ്പ് ഫയര്‍ലൈനുകള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. കണ്ണുകുഴിയില്‍ ഇതിന് കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. കാട്ടുതീ നേരിടാന്‍ വാഴച്ചാല്‍ ഡിവിഷനിലെ എട്ടുസ്റ്റേഷനുകളില്‍ ഫയര്‍ഗ്യാങ്ങുകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് ഡി.എഫ്.ഒ എന്‍.രാജേഷ്കുമാര്‍ പറഞ്ഞു. വാഴച്ചാല്‍ മേഖലയില്‍ പ്ളാന്‍േറഷനുകളില്‍ അടക്കം 180 കിലോ മീറ്റര്‍ ദൂരം ഫയര്‍ലൈന്‍ നിര്‍മിക്കും. 27 ലക്ഷത്തോളം രൂപയാണ് ഇതിന് നീക്കിവെച്ചിട്ടുള്ളത്. ചാലക്കുടി വനം ഡിവിഷനിലെ പരിയാരം, പാലപ്പിള്ളി, വെള്ളിക്കുളങ്ങര റേഞ്ചുകളില്‍ ഫയര്‍ലൈന്‍ പണി ഡിസംബറില്‍ തന്നെ ആരംഭിച്ചു. ചാലക്കുടി ഡിവിഷനില്‍ 21 കി.മീ ഫയര്‍ലൈന്‍ തീര്‍ക്കുമെന്ന് ഡി.എഫ.്ഒ ആര്‍. കീര്‍ത്തി അറിയിച്ചു. കഴിഞ്ഞ തവണ പരിയാരം ഫോറസ്റ്റ് റേഞ്ചില്‍ അഞ്ചു ദിവസത്തോളം ആളിക്കത്തിയ കാട്ടുതീ പൂര്‍ണമായും അണക്കാനാകാതെ വനപാലകര്‍ വിഷമിച്ചിരുന്നു. ആറ് കി.മീറ്ററിലധികം തീ പടര്‍ന്നു. തീ അണയ്ക്കാന്‍ വെള്ളം എത്തിക്കാനുള്ള മാര്‍ഗമില്ലാത്തത് പ്രശ്നമായി. ഉണങ്ങിയ പുല്‍പടര്‍പ്പുകളും ചെറുസസ്യങ്ങളും അടങ്ങുന്ന അടിക്കാട്ടില്‍ തീ വേഗത്തില്‍ പടരുന്നത് തടയാന്‍ എളുപ്പമല്ല. ഒപ്പം ഉണങ്ങിയ വന്‍മരങ്ങളിലും തീ പിടിച്ചു. ഇത് ദിവസങ്ങളോളം പുകഞ്ഞത് വീണ്ടും തീ പിടിക്കുന്നതിന് ഇടയാക്കി. കാട്ടുതീയും പുകയും കരിയുമെല്ലാം വന്യജീവികളുടെ നാശത്തിന് കാരണമാകും.മ്ളാവ്, മാന്‍, കാട്ടുപന്നി, പക്ഷികള്‍, കാട്ടിലെ ഉരഗങ്ങള്‍, മറ്റ് ചെറുജീവികളെയെല്ലാം കാട്ടുതീ നശിപ്പിക്കും. വനംവകുപ്പ് ഉദ്യോഗസ്ഥരും വനസംരക്ഷണസമിതിയുമാണ് ഫയര്‍ലൈന്‍ പണികള്‍ നടത്തുന്നത്.കാട്ടുതീ പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുള്ള സ്ഥലത്തെ ഉണങ്ങിയ മരങ്ങളും സസ്യങ്ങളും വെട്ടി മാറ്റുകയാണ് ഇതിന്‍െറ ഭാഗമായി ചെയ്യുന്നത്. ഇത് ജനുവരി അവസാനം വരെ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.