ഹൈകോടതി ഉത്തരവിന് പിന്നാലെ കലക്ടറുടെ മിന്നല്‍ പരിശോധന

തൃശൂര്‍: തുരങ്കനിര്‍മാണം നാശനഷ്ടമുണ്ടാക്കിയ കുതിരാന്‍ മേഖലയില്‍ കലക്ടറുടെ മിന്നല്‍ സന്ദര്‍ശനം. നാശനഷ്ടമുണ്ടായ വീടുകള്‍ സന്ദര്‍ശിച്ച് വ്യാഴാഴ്ച റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈകോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് വന്ന് മണിക്കൂറുകള്‍ക്കകമാണ് കലക്ടര്‍ ഡോ. എ. കൗശിഗന്‍െറ അപ്രതീക്ഷിത സന്ദര്‍ശനം. തുരങ്കനിര്‍മാണത്തിന്‍െറ പ്രത്യാഘാതങ്ങളും നാശനഷ്ടങ്ങളും സംബന്ധിച്ച് കലക്ടര്‍ വ്യാഴാഴ്ച ഹൈകോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തുരങ്കനിര്‍മാണത്തിന്‍െറ ഭാഗമായി നാശമുണ്ടായ വീടുകള്‍ ബുധനാഴ്ച വൈകീട്ട് ഏഴോടെയാണ് കലക്ടര്‍ സന്ദര്‍ശിച്ചത്. ജിയോളജി, പരിസ്ഥിതി വകുപ്പുകളുടെ അനുമതിപ്രകാരം മാനദണ്ഡങ്ങള്‍ പാലിച്ചേ കുതിരാനില്‍ തുരങ്കനിര്‍മാണത്തിന് പാറപൊട്ടിക്കാവൂ എന്ന ഹൈകോടതി സിംഗിള്‍ ബെഞ്ചിന്‍െറ ഉത്തരവിനെതിരെ നിര്‍മാണ കമ്പനിയായ തൃശൂര്‍ എക്സ്പ്രസ് വേ ലിമിറ്റഡ് ഡിവിഷന്‍ ബെഞ്ചിന് നല്‍കിയ റിട്ട് ഹരജി പരിഗണിക്കുമ്പോഴാണ് കലക്ടറോട് കോടതി റിപ്പോര്‍ട്ട് തേടിയത്. കുന്നത്തുപറമ്പില്‍ ഷെനിലന്‍, തേക്കിന്‍കാട്ടില്‍ ബഷീര്‍, കബീര്‍ എന്നിവരുടെ വീടുകളാണ് പരിശോധിച്ചത്. കലക്ടര്‍ വന്നതറിഞ്ഞ് തുരങ്കനിര്‍മാണ മേഖലയിലെ കുടുംബങ്ങളില്‍നിന്നുള്ള നൂറോളം പേര്‍ പരാതിയുമായത്തെി. വമ്പന്‍ സ്ഫോടനത്തോടെ പാറപൊട്ടിക്കുന്നതിനാല്‍ വീടുകളുടെ തറയടക്കം കുലുങ്ങുകയും നശിക്കുകയുമാണെന്നും കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ഇവര്‍ പറഞ്ഞു. 300ല്‍ അധികം കുടുംബങ്ങള്‍ സ്ഫോടനത്തിന്‍െറ ഭാഗമായി ദുരിതം അനുഭവിക്കുന്നുണ്ടെന്നും തുറന്ന സ്ഫോടനം നടത്തുന്നതിന് പകരം രാസസ്ഫോടനം നടത്തണമെന്ന കോടതി വിധി നടപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ജനവാസകേന്ദ്രങ്ങളില്‍നിന്ന് 100 മീറ്റര്‍ അകന്ന് മാത്രമേ സ്ഫോടനം നടത്താവൂ എന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ നിബന്ധന പാലിക്കപ്പെടുന്നില്ളെന്നും അവര്‍ കലക്ടറോട് പറഞ്ഞു. നിയന്ത്രിത സ്ഫോടനം പ്രായോഗികമല്ളെന്ന് സമരസമതി നേതാക്കളായ ബെന്നി കൊടിയാട്ടില്‍, സാബു ചാക്കോ എന്നിവര്‍ ചൂണ്ടിക്കാട്ടി. ജനങ്ങളുടെ പരിഭവങ്ങളും പരാതികളും കേട്ടതല്ലാതെ കലക്ടര്‍ പ്രതികരിച്ചില്ല. സ്ഫോടനത്തിന്‍െറ ദുരിതം അനുഭവിക്കുന്ന 300 കുടുംബങ്ങളെ പ്രതിനിധീകരിച്ച് സമരസമിതി വ്യാഴാഴ്ച ഹൈകോടതിയിലെ കേസില്‍ കക്ഷിചേരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.