കേന്ദ്രം മൗനംവെടിഞ്ഞാല്‍ വെടിക്കെട്ട്

തൃശൂര്‍: സംസ്ഥാനത്തെ ഉത്സവാഘോഷങ്ങള്‍ക്ക് വെടിക്കെട്ട് അനുവദിക്കുന്നതിന്‍െറ നിയമ പ്രശ്നങ്ങള്‍ പഠിക്കാനത്തെിയ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി ഉത്സവ സീസണായിട്ടും റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല. കൊല്ലം ജില്ലയിലെ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ വെടിക്കെട്ടിന് അനുമതി നല്‍കുന്നതിന്‍െറ നിയന്ത്രണം കേന്ദ്ര എക്സ്പ്ളോസീവ്സ് വിഭാഗത്തിന്‍െറ പരിധിയിലാക്കി കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിട്ടു. ഇത് തൃശൂര്‍ പൂരം ഉള്‍പ്പെടെയുള്ള ഉത്സവങ്ങളെ പ്രതിസന്ധിയിലാക്കിയതോടെ പൂരം സംഘാടകരും ഫെസ്റ്റിവല്‍ കോഓഡിനേഷന്‍ കമ്മിറ്റിയും നിവേദനവുമായി കേന്ദ്ര സര്‍ക്കാറിനെ സമീപിച്ചപ്പോഴാണ് കാര്യങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമിതിയെ കേന്ദ്രം നിയോഗിച്ചത്. വിദഗ്ധ സംഘത്തിന്‍െറ പരിശോധനക്ക് ശേഷം നിവേദനം പരിഗണിക്കാമെന്നായിരുന്നു കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ ഫെസ്റ്റിവല്‍ കോഓഡിനേഷന്‍ കമ്മിറ്റിക്ക് ഉറപ്പ് നല്‍കിയത്. അതനുസരിച്ച് കേന്ദ്രസംഘം ജനുവരി 23, 24 തീയതികളില്‍ കേരളം സന്ദര്‍ശിച്ച് വിവിധ ക്ഷേത്രം ഭാരവാഹികള്‍, ഫെസ്റ്റിവല്‍ കോഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളില്‍ നിന്ന് വാദങ്ങള്‍ കേള്‍ക്കുകയും തെളിവ് ശേഖരിക്കുകയും ചെയ്തു. പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നായിരുന്നു പറഞ്ഞതെങ്കിലും അങ്ങനെയുണ്ടായില്ല. സംസ്ഥാനത്തെ ഉത്സവാഘോഷങ്ങള്‍ക്ക് അനുവദനീയമായതിന്‍െറ പല മടങ്ങ് അളവില്‍ നിരോധിത സ്ഫോടക വസ്തുക്കള്‍ ഒരു പരിശോധനയും സുരക്ഷയും കുടാതെ ഉപയോഗിക്കുന്നു എന്നാണ് വെടിക്കെട്ടിനെതിരെ നില്‍ക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്. നിലവില്‍ 15 കിലോ വരെയുള്ള കരിമരുന്ന് ഉപയോഗത്തിന് എക്സ്പ്ളോസീവ്സ് അനുമതി നല്‍കാന്‍ കലക്ടര്‍ക്ക് അധികാരമുണ്ട്. ഇതിന്‍െറ മറവിലാണ് ടണ്‍ കണക്കിന് നിരോധിത രാസപദാര്‍ഥങ്ങളടക്കമുള്ള സ്ഫോടക വസ്തുക്കള്‍ സുരക്ഷാമാനദണ്ഡങ്ങള്‍ നഗ്നമായി ലംഘിച്ച് വെടിക്കെട്ട് നടത്തുന്നത്. കേന്ദ്രം നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടാണ് സംസ്ഥാനത്തെ ഉത്സവങ്ങളുടെ വെടിക്കെട്ടിന്‍െറ വലുപ്പവും വ്യാപ്തിയും നിര്‍ണയിക്കുന്നത്. ഈ റിപ്പോര്‍ട്ട് വൈകിയാല്‍ ഉത്സവങ്ങള്‍ സംബന്ധിച്ച് അനിശ്ചിതത്വം തുടരും. റിപ്പോര്‍ട്ട് വന്നാല്‍ അതനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനെ സമീപിക്കുമെന്നും ഫെസ്റ്റിവല്‍ കോഓഡിനേഷന്‍ കമ്മിറ്റിയോ ഉത്സവ സംഘാടകരോ കോടതിയെ സമീപിച്ചാല്‍ അതിനെ പിന്തുണക്കുമെന്നും മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.