പാസ്പോര്‍ട്ട് അന്വേഷണവും ഇനി മൊബൈല്‍ ആപ്പിലൂടെ: സിറ്റി പൊലീസ് ഡിജിറ്റല്‍ പൊലീസ്

തൃശൂര്‍: പാസ്പോര്‍ട്ട് പരിശോധനയുള്‍പ്പെടെ സമ്പൂര്‍ണ ഡിജിറ്റലായി തൃശൂര്‍ സിറ്റി പൊലീസ്. പാസ്പോര്‍ട്ട് അന്വേഷണം സംബന്ധമായ മുഴുവന്‍ പ്രവൃത്തികളും സിറ്റി പൊലീസ് ഇനി മുതല്‍ ഡിജിറ്റല്‍ സംവിധാനത്തിലൂടെ നടത്തും. പാസ്പോര്‍ട്ട് അപേക്ഷയില്‍ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥന്‍െറ ആന്‍ഡ്രോയിഡ് ഫോണില്‍ വിവരം ലഭ്യമാവുകയും അന്വേഷണം നടത്തി മൊബൈല്‍ ആപ്ളിക്കേഷനിലൂടെ തന്നെ റിപ്പോര്‍ട്ടും കഴിയുന്നതിലൂടെ പാസ്പോര്‍ട്ട് അന്വേഷണം വേഗത്തിലാക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത. പാസ്പോര്‍ട്ട് സേവാകേന്ദ്രത്തില്‍ സ്വീകരിക്കുന്ന അപേക്ഷകള്‍ ഓണ്‍ലൈനില്‍ അന്ന് തന്നെ ജില്ല ഓഫിസില്‍ എത്തുകയും, ജില്ല സ്പെഷല്‍ ബ്രാഞ്ച് ഓഫിസ് മുഖേന അടുത്ത ദിവസം തന്നെ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്കും ഇ-വിപ്പ് ( ഇലക്ട്രോണിക് വെരിഫിക്കേഷന്‍ ഇന്‍റര്‍ഫേസ് ഫോര്‍ പാസ്പോര്‍ട്ട് ആപ്ളിക്കേഷന്‍സ്) സംവിധാനം കഴിഞ്ഞ വര്‍ഷം മുതല്‍ സിറ്റി പൊലീസ് നടപ്പാക്കിയിരുന്നു. ഇതുമൂലം പാസ്പോര്‍ട്ട് അപേക്ഷകര്‍ക്ക് പൊലീസിന്‍െറ www.e-vip.in എന്ന വെബ്സൈറ്റിലൂടെ പാസ്പോര്‍ട്ട് അപേക്ഷയുടെ തല്‍സ്ഥിതി അറിയാനുള്ള സൗകര്യവും ലഭ്യമായിരുന്നു. തുടര്‍ന്നാണ് പാസ്പോര്‍ട്ട് അന്വേഷണം മൊബൈല്‍ ആപ്ളിക്കേഷനിലൂടെ നടപ്പാക്കുന്ന രീതി വികസിപ്പിച്ചെടുക്കുകയും പരീക്ഷണാടിസ്ഥാനത്തില്‍ ചില പൊലീസ് സ്റ്റേഷനുകളില്‍ നടപ്പാക്കുകയും ചെയ്തത്. ഇത് വിജയകരമാണെന്ന് കണ്ടത്തെിയതോടെ മുഴുവന്‍ ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍ ഡി.ജി.പി നിര്‍ദേശം നല്‍കിയിരുന്നു. മുഴുവന്‍ പൊലീസ് സ്റ്റേഷനുകളുമായി ബന്ധിപ്പിച്ച് സംവിധാനം നടപ്പാക്കി തൃശൂര്‍ സിറ്റി പൊലീസ് ജില്ല സംസ്ഥാനത്തെ ആദ്യ ജില്ലയായി. സിറ്റി ഡി.സി.ആര്‍.ബിയിലെ സി.പി.ഒമാരായ ഫീസ്റ്റോ, ശ്രീരാഗ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പാസ്പോര്‍ട്ട് അന്വേഷണം സമ്പൂര്‍ണ ഡിജിറ്റിലാക്കുന്ന സംവിധാനം വികസിപ്പിച്ചെടുത്തത് . ഇതോടനുബന്ധിച്ച് പൊലീസ് സ്റ്റേഷനുകളിലേക്ക് അനുവദിച്ച ടാബ്ലെറ്റ് ഫോണുകള്‍ കമീഷണര്‍ ടി.നാരായണന്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ക്ക് വിതരണം ചെയ്തു. പാസ്പോര്‍ട്ട് അന്വേഷണവുമായി ബന്ധപ്പെട്ട് കൊച്ചിന്‍ റീജനല്‍ പാസ്പോര്‍ട്ട് ഓഫിസര്‍ പ്രശാന്ത് ചന്ദ്രന്‍ പൊലീസുകാര്‍ക്ക് ക്ളാസ് നല്‍കി. സേവന വിവരങ്ങള്‍ 9497962692 നമ്പറില്‍ അറിയാവുന്ന ഏകജാലക സംവിധാനവും സിറ്റി പൊലീസില്‍ നിലവിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.