ചാവക്കാട്: കനോലി കനാലിന് കുറുകെ ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച പാലങ്ങള്‍ ചലിപ്പിക്കുന്ന കേബിളുകളും ഗിയര്‍ ബോക്സുകളും തുരുമ്പെടുത്ത് നശിക്കുന്നു. ചിലയിടങ്ങളിലെ ഗിയര്‍ ബോക്സ് കാണാതായി. പുന്നയൂര്‍ക്കുളം, പുന്നയൂര്‍, ചാവക്കാട് മേഖലയിലെ അണ്ടത്തോട്, പനന്തറ, ഒറ്റയിനി, നാലാംകല്ല് പതേരിക്കടവ്, പുന്ന, ആശുപത്രി റോഡ് എന്നിവിടങ്ങളിലെ ചലിക്കും പാലങ്ങള്‍ നിയന്ത്രിക്കാന്‍ സ്ഥാപിച്ച ഗിയര്‍ വീല്‍, റോപ്പ് ഡ്രം, ഗിയര്‍ബോക്സ് എന്നിവയാണ് മഴയും വെയിലും മഞ്ഞുംകൊണ്ട് തുരുമ്പെടുക്കുന്നത്. വള്ളങ്ങളും മറ്റും പോകുമ്പോള്‍ ആവശ്യത്തിന് ഉയര്‍ത്താനുള്ള സൗകര്യവുമുണ്ടായിരിക്കണമെന്ന നിര്‍ദേശത്തിന്‍െറ ഭാഗമായാണ് പാലം ഉയര്‍ത്താനുള്ള കേബിളുകളും അവ ബന്ധിപ്പിക്കുന്ന ഗിയര്‍ ബോക്സുകളും സ്ഥാപിച്ചത്. കനോലി കനാലിനു കുറുകെ നിരവധിയാളുകള്‍ക്കും ചെറുവാഹനങ്ങള്‍ക്കും സഞ്ചരിക്കാന്‍ പാകത്തില്‍ ഉരുക്കുകൊണ്ട് നിര്‍മിച്ച പാലം ഇപ്പോള്‍ നിശ്ചലമാണ്. ആവശ്യാനുസരണം ഉയര്‍ത്താന്‍ കഴിയാത്ത അവസ്ഥയിലാണ്. വര്‍ഷാവര്‍ഷം ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങളാണ് ഇവയുടെ അറ്റകുറ്റപ്പണി നടത്തേണ്ടത്. പാലത്തിന്‍െറ ഇരുമ്പുപാളികള്‍ തുരുമ്പെടുക്കുന്ന മുറക്ക് അറ്റകുറ്റപ്പണി നടത്താറുണ്ടെങ്കിലും ലക്ഷങ്ങള്‍ വിലവരുന്ന കേബിളുകളില്‍ പലതും തുരുമ്പെടുത്തു. പാലത്തിന് സമീപംതന്നെ ചെറിയ മേല്‍ക്കൂരയോ ആവരണമോ ഇല്ലാതെ സ്ഥാപിച്ച ഗിയര്‍ ബോക്സുകളും പാലവുമായി നേരിട്ടുള്ള ബന്ധമില്ലാത്ത സ്ഥിതിയിലായി. പുന്നയൂര്‍ പഞ്ചായത്തിലെ നാലാംകല്ല് പതേരിക്കടവില്‍ നിര്‍മിച്ച പാലത്തിന്‍െറ ഗിയര്‍ ബോക്സുകളും അനുബന്ധ സാധനങ്ങളും പരിസരത്തെവിടെയും കാണാനില്ല. നേരത്തേ ചീര്‍പ്പ് പാലങ്ങളുണ്ടായിരുന്ന ഭാഗത്താണ് പല പാലങ്ങളും നിര്‍മിച്ചിട്ടുള്ളത്. പുതിയ പാലം വന്നിട്ടും പഴയ പാലങ്ങള്‍ പൊളിച്ചുനീക്കാതെ ഇടിഞ്ഞുവീഴാറായ അവസ്ഥയിലാണ്. ചെറുവള്ളങ്ങളില്‍ കനാലില്‍ ഉള്‍നാടന്‍ മത്സ്യബന്ധനം നടത്തുന്നവര്‍ക്കും പഴയ പാലങ്ങള്‍ ഭീഷണിയാണ്. പാലങ്ങള്‍ തകര്‍ന്ന് കനാലിലേക്ക് വീണാല്‍ പുറത്തെടുക്കാന്‍ ലക്ഷങ്ങള്‍ ചെലവിടേണ്ടിവരും. എന്നിരുന്നാലും പനന്തറ, ഒറ്റിയിനി, നാലാംകല്ല് ഭാഗത്തെ പഴയ കോണ്‍ക്രീറ്റ് പാലങ്ങള്‍ പൊളിച്ചുമാറ്റാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഒരു ശ്രമവുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.