എം.എന്‍. വിജയന്‍െറ സംഭാവനകള്‍ വലുത് –എം.എ. ബേബി

കൊടുങ്ങല്ലൂര്‍: പ്രഫ. എം.എന്‍. വിജയന്‍ ഇടതുപക്ഷത്തിനും കേരള സമൂഹത്തിനും നല്‍കിയ സംഭാവനകള്‍ വളരെ വലുതാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. മതിലകം കളരിപ്പറമ്പ്് ഗ്രാമീണ വായനശാല ഏര്‍പ്പെടുത്തിയ പ്രഥമ എം.എന്‍. വിജയന്‍ സ്മാരക പുരസ്കാരം കവി കെ. സച്ചിദാനന്ദന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അവര്‍ മനുഷ്യസമൂഹത്തിന് നല്‍കിയ സംഭാവനകളുടെ ആകെ തുകയുടെ അടിസ്ഥാനത്തിലാണ് ഓര്‍ക്കേണ്ടതെന്ന് ബേബി ചൂണ്ടിക്കാട്ടി. ‘അവസാനകാലത്തുണ്ടായ ദൗര്‍ഭാഗ്യകരമായ ചില അനൗചിത്യങ്ങളുടെ പേരിലല്ല എം.എന്‍. വിജയന്‍ ഓര്‍മിക്കപ്പെടേണ്ടത്. മറിച്ച്, അദ്ദേഹം നല്‍കിയ വലിയ സംഭാവനകളെ മുന്‍നിര്‍ത്തിയാകണം. അദ്ദേഹം ജീവിച്ചിരുന്നെങ്കില്‍ ഫാഷിസത്തിനെതിരായ പോരാട്ടത്തില്‍ മുന്നണിപ്പോരാളിയായി നമ്മോടൊപ്പമുണ്ടാകുമായിരുന്നു. പാര്‍ട്ടിക്കാര്‍ മാത്രം പങ്കെടുക്കുന്ന സംസ്ഥാന കമ്മിറ്റിയില്‍ വരെ വന്ന് യോജിപ്പും വിയോജിപ്പും പറയാന്‍ കഴിയുമായിരുന്ന പാര്‍ട്ടിക്കാരനല്ലാത്ത ഏക വ്യക്തി എം.എന്‍. വിജയനായിരുന്നു. അത്രയും ആദരവും സ്നേഹവും എന്‍െറ പാര്‍ട്ടി അദ്ദേഹത്തിന് നല്‍കിയിരുന്നു. ഇടതുപക്ഷത്തിന്‍െറ ഹൃദയത്തിനുള്ളിലായിരുന്നു മാഷുടെ സ്ഥാനം. ഫാഷിസത്തിന്‍െറ വിപത്ത് ആസന്നമാണെന്ന് തിരിച്ചറിഞ്ഞ് അതിനെതിരെ കൊടുങ്കാറ്റുപോലെയാണ് അദ്ദേഹം ആഞ്ഞടിച്ചത്. കലാ-സാംസ്കാരിക-സാഹിത്യ രംഗങ്ങളിലെ അദ്ദേഹത്തിന്‍െറ ഇടപെടലുകള്‍ ഭാവിയിലേക്കുള്ള മൂല്യവത്തായ ഈടുവെപ്പായിരിക്കും’- ബേബി പറഞ്ഞു. വിജയന്‍ മാഷുടെ പേരിലുള്ള പുരസ്കാരം കെ. സച്ചിദാനന്ദന് സമര്‍പ്പിക്കുന്നത് സാംസ്കാരിക സമരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എഴുത്തും പ്രഭാഷണവും മറ്റ് സാംസ്കാരിക ഇടപെടലുകളുമായ ഫാഷിസത്തിനെതിരായ സച്ചിദാനന്ദന്‍െറ പോരാട്ടം തുടരുകയാണ്. ഫാഷിസത്തിനെതിരായ വലിയ പ്രതിരോധം ഉയര്‍ന്നുവരേണ്ട സമയമാണിത്. അതിനായി എല്ലാവരുടെയും കൂട്ടായ്മ രൂപപ്പെടണം. അതിലൂടെ മാത്രമേ മനുഷ്യത്വത്തില്‍ അധിഷ്ഠിതമായ സാമൂഹിക വ്യവസ്ഥ സംരക്ഷിക്കാനാകൂ. അല്ളെങ്കില്‍ എല്ലാം തകരും. ഫാഷിസത്തിനെതിരെ ചിന്താപരമായും കായികമായും പ്രതിരോധം ആവശ്യമാണെന്ന് ബേബി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.