നിരോധന ആവശ്യം കോടതി തള്ളിയിട്ടും വെടിക്കെട്ടിന് നിയമക്കുരുക്ക് നീങ്ങിയില്ല

തൃശൂര്‍: തൃശൂര്‍ പൂരത്തിനോടനുബന്ധിച്ച വെടിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി കോടതി തള്ളിയെങ്കിലും കേന്ദ്ര സര്‍ക്കാറിന്‍െറ ഇടപെടല്‍ ഉണ്ടായില്ളെങ്കില്‍ പൂരം വെടിക്കെട്ട് അനിശ്ചിതത്വത്തിലാകുമെന്ന് നിയമ വിദഗ്ധര്‍. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ഈയാഴ്ച സമര്‍പ്പിക്കും. തൃശൂര്‍ രണ്ടാം അഡീഷനല്‍ മുന്‍സിഫ് കോടതിയാണ് വെടിക്കെട്ട് നിരോധിക്കണമെന്ന ഹരജി പ്രാഥമിക വാദം കേട്ട് തള്ളിയത്. ഉത്സവാഘോഷങ്ങള്‍ സംസ്കാരത്തിന്‍െറ ഭാഗമാണെന്നും ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായുള്ള ചടങ്ങുകള്‍ നിരോധിക്കാനാകില്ളെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ബോധിപ്പിച്ചു. നിയമപരമായും സുരക്ഷ ഒരുക്കിയുമാണ് നടത്തുന്നതെന്നും സര്‍ക്കാര്‍ ഭാഗം ബോധിപ്പിച്ചതോടെയാണ് ഹരജി തള്ളിയത്. തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങള്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, സര്‍ക്കാര്‍ എന്നിവരെ കക്ഷിയാക്കിയുള്ളതായിരുന്നു ഹരജി. എന്നാല്‍, തൃശൂര്‍ പൂരം ഉള്‍പ്പെടെയുള്ള ഉത്സവങ്ങളുടെ വെടിക്കെട്ട് ഇപ്പോഴും ആശങ്കയിലാണ്. മധ്യകേരളത്തിലെ പ്രസിദ്ധമായ വടക്കാഞ്ചേരി കുറ്റിയങ്കാവ് പൂരത്തിന് വെടിക്കെട്ടിന് അനുമതി നല്‍കിയില്ല. ഇവിടെ ചൈനീസ് പടക്കങ്ങളും ഡിജിറ്റല്‍ വെടിക്കെട്ടുമാണ് ഒരുക്കിയത്. നാളുകള്‍ക്ക് മുമ്പ് പാറമേക്കാവ് വേല ആഘോഷത്തിന് വെടിക്കെട്ടിനുള്ള അനുമതി അപേക്ഷ ജില്ല മജിസ്ട്രേറ്റ് നിരസിച്ചിരുന്നു. ഉഗ്ര സ്ഫോടക വസ്തുക്കള്‍ ഉപയോഗിക്കാതെ വെടിക്കെട്ട് നടത്തണമെന്ന വ്യവസ്ഥയോടെ ഹൈകോടതിയില്‍നിന്ന് പ്രത്യേക അനുമതി വാങ്ങിയാണ് വെടിക്കെട്ട് നടത്തിയത്. വെടിക്കെട്ടിന് മാനദണ്ഡങ്ങളും കര്‍ശന നിര്‍ദേശങ്ങളുമൊരുക്കിയ കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച് പഠനം നടത്താന്‍ നിയോഗിച്ച കേന്ദ്ര വാണിജ്യ മന്ത്രാലയം ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രമോഷന്‍ ജോയന്‍റ് സെക്രട്ടറി ഷൈലേന്ദ്രസിങ്ങിന്‍െറ നേതൃത്വത്തിലുള്ള സംഘത്തിന്‍െറ റിപ്പോര്‍ട്ടിലാണ് പ്രതീക്ഷയര്‍പ്പിക്കുന്നത്. ഈയാഴ്ച സംഘത്തിന്‍െറ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. തൃശൂരിലും പാലക്കാടും കഴിഞ്ഞ മാസം 17,18 തീയതികളിലാണ് തെളിവെടുപ്പ് നടത്തിയത്. വെടിക്കെട്ടിലെ നിയമവിരുദ്ധതകള്‍ ചൂണ്ടിക്കാട്ടിയ സംഘം ഉത്സവാഘോഷ കമ്മിറ്റികള്‍ക്കെതിരെ കടുത്ത വിമര്‍ശനമായിരുന്നു ഉന്നയിച്ചത്. വെടിക്കെട്ടിന് ജില്ല മജിസ്ട്രേട്ടിന്‍െറ ലൈസന്‍സ് ലഭിക്കുന്നതിന് ഏകജാലക സംവിധാനമൊരുക്കണമെന്നാണ് ദേവസ്വങ്ങളും സംഘാടകരും കേന്ദ്ര വിദഗ്ധ സംഘത്തിന് മുന്നില്‍ വെച്ചിരിക്കുന്ന നിര്‍ദേശം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.