താങ്ങ് തേടി മുഖ്യമന്ത്രിക്ക് മുന്നില്‍

കൊടുങ്ങല്ലൂര്‍: ജീവിതം കൈവിടാതിരിക്കാന്‍ ഭരണാധികാരികളുടെ കരുണ തേടുകയാണ് കട്ടിലിലും വീല്‍ചെയറിലും ജീവിതം തള്ളിനീക്കുന്ന രോഗികള്‍. തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളുമായി അവര്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മുന്നിലത്തെി. ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ്സ് ഫെഡറേഷന്‍െറ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്. മനുഷ്യരായി പിറന്ന തങ്ങള്‍ക്കും ഒരു മനുഷ്യന്‍െറ അത്യാവശ്യ കാര്യങ്ങളെങ്കിലും സ്വന്തമായി നിര്‍വഹിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നതാണ് ഇവരുടെ മുഖ്യആവശ്യം. അതിനായി ഒരു ആധുനിക പുനരധിവാസ കേന്ദ്രം സ്ഥാപിക്കണം. ഫിസിയോ തെറപ്പിയിലൂടെ ചലനശേഷി കഴിയുന്നത്ര വീണ്ടെടുക്കുക, കിടക്കയില്‍നിന്ന് വീല്‍ചെയറിലേക്കും തിരിച്ചും മാറിയിരിക്കാനുള്ള പരിശീലനം, വിസര്‍ജ്യ കാര്യങ്ങളില്‍ സ്വയം പ്രാപ്തരാക്കുക തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ പുനരധിവാസ പദ്ധതിയിലൂടെ നടപ്പാക്കാനാകുമെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു. ഇത്തരം കേന്ദ്രങ്ങള്‍ വികസിത രാജ്യങ്ങളില്‍ സാധാരണമാണ്. തമിഴ്നാട്ടിലെ വെല്ലൂര്‍ സി.എം.സി മെഡിക്കല്‍ സെന്‍ററില്‍ പുനരധിവാസ കേന്ദ്രമുണ്ട്. സ്പൈനല്‍കോഡ് ദുരിതം പേറുന്നവര്‍ക്ക് കേരളത്തില്‍ ഒരു പദ്ധതിയുമില്ല. ഈ മനുഷ്യരുടെ ദൈന്യത ഭരണാധികാരികള്‍ വേണ്ടത്ര ഗൗനിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ജില്ലയില്‍ ഇരിങ്ങാലക്കുട കല്ളേറ്റുങ്കര റെയില്‍വേ സ്റ്റേഷന് സമീപം സംസ്ഥാന നീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്‍ററില്‍ (എന്‍.ഐ.പി.എം.ആര്‍) ഒഴിഞ്ഞ് കിടക്കുന്ന ഭാഗം ഉപയോഗപ്പെടുത്തി ആധുനിക സ്പൈനല്‍കോഡ് ഇഞ്ച്വറി റീഹാബിലിറ്റേഷന്‍ സെന്‍റര്‍ സ്ഥാപിക്കുന്നത് ദുരിതം അനുഭവിക്കുന്ന വിരവധി പേര്‍ക്ക് ആശ്വാസമാകുമെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു. റെയില്‍വേ സ്റ്റേഷന് അടുത്തായതിനാല്‍ രോഗികള്‍ക്ക് എത്താന്‍ എളുപ്പമാകുമെന്നും എ.കെ.ഡബ്ള്യു.ആര്‍.എഫ് സര്‍ക്കാറിന് നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. വീല്‍ചെയറിലും കിടക്കയിലുമായി ജീവിതം കഴിച്ചുകൂട്ടാന്‍ വിധിക്കപ്പെട്ട കേരളത്തിലെ പതിനായിരക്കണക്കിന് പേരാണ് ഇങ്ങനെയൊരു ആവശ്യവുമായി മൂന്നോട്ടുവരുന്നത്. അപകടത്തില്‍ ഒരു നിമിഷംകൊണ്ട് ജീവിതം മാറിമറിഞ്ഞവരും വിവിധ രോഗങ്ങളാല്‍ കഷ്ടപ്പെടുന്നവരുമാണ് അവര്‍ക്കിടയിലെ ഭൂരിപക്ഷവും. സ്പൈനല്‍കോഡിന് ക്ഷതവും മറ്റു രോഗങ്ങളും കാരണം ജീവിതത്തില്‍ തളര്‍ന്ന് പോയവര്‍. പരസഹായത്തോടെ ജീവിതം തള്ളിനീക്കുന്ന ഈ മനുഷ്യരില്‍ നല്ളൊരു ഭാഗവും സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്നവരാണ്. കിടക്കയില്‍ ഒന്ന് തിരിഞ്ഞ് കിടക്കാനോ, ദൈനംദിന കാര്യങ്ങള്‍ നിര്‍വഹിക്കാനോ പോലും കഷ്ടപ്പെടുന്ന ഈ മനുഷ്യര്‍ അനുഭവിക്കുന്ന ശാരീരിക-മാനസിക ദുരിതം വാക്കുകള്‍ക്ക് അതീതമാണ്. സാമൂഹിക ജീവിതം ഏതാണ്ട് അന്യമായ ഇവരുടെ കുടുംബ ജീവിതവും അത്യന്തം പ്രയാസം നിറഞ്ഞതാണ്. തളര്‍ന്ന ശരീരഭാഗങ്ങളുടെ സംവേദന ശേഷി നഷ്ടപ്പെടുന്നതാണ് പ്രധാന പ്രശ്നം. ഇത് ക്ഷതങ്ങള്‍ക്കും മുറിവുകള്‍ക്കും വഴിവെക്കുന്നതോടെ അണുബാധയും വ്രണങ്ങളും ഉണ്ടാകുന്നു. പിന്നെ മരണത്തിലേക്ക് നീങ്ങുകയായി. ഈ അവസ്ഥയില്‍നിന്ന് കാര്യമായ മാറ്റങ്ങളുണ്ടാക്കാന്‍ ആധുനിക പുനരധിവാസ പദ്ധതിയിലൂടെ സാധ്യമാകുമെന്ന് യാതന ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ്സ് ഫെഡറേഷന്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.