കുന്നംകുളം: വ്യാപാരിയിൽനിന്ന് മൂന്നുലക്ഷം രൂപ കവർന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ. അഞ്ഞൂർകുന്ന് മുണ്ടത്തറ വീട്ടിൽ സുമേഷിനെയാണ് (സുമൻ -30) കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിനുശേഷം വിദേശത്തേക്ക് കടന്ന പ്രതി നാട്ടിലേക്ക് വരാൻ മുംബൈ എയർപോർട്ടിൽ ഇറങ്ങിയതോടെയാണ് പിടിയിലായത്. 2016 ജൂലൈ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. കടയടച്ച് സ്കൂട്ടറിൽ പോവുകയായിരുന്ന കുന്നംകുളത്തെ ഇരുമ്പുവ്യാപാരിയായ ചൊവ്വന്നൂർ പൊറത്തൂർ താരുകുട്ടിയെ ആക്രമിച്ചാണ് പണം കവർന്നത്. രാത്രി കടയിൽനിന്ന് സ്കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടെ ഗുഡ്ഷെപ്പേഡ് സ്കൂളിന് സമീപമാണ് രണ്ട് ബൈക്കുകളിലെത്തിയ നാലംഗ സംഘം പണം അടങ്ങിയ ബാഗ് കവർന്നത്. ഗൂഢാലോചന നടത്തിയതുൾപ്പെടെ എട്ടുപേർ കേസിലെ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. പഴഞ്ഞി കാട്ടകാമ്പാൽ ചിറക്കൽ സ്വദേശികളായ കിളിനംപുറത്ത് നിതിൻ, മുട്ടിപ്പാലത്തിങ്കൽ ഷെബിൻ, പൊന്നരാശ്ശേരി നിതിൻ, ആമ്പല്ലൂർ കല്ലൂർ മാവിൻചുവട് സ്വദേശികളായ കല്ലിണപുറം അമൽ, മുട്ടത്ത് പ്രണവ്, കമ്പനിപ്പടി മണ്ണാപ്പെട്ടി നിതിൻ, ചീനാത്ത് അഭിജിത്ത് എന്നിവർ നേരേത്ത പിടിയിലായിരുന്നു. ഇതിൽ അഭിജിത്ത് 2016 ഒക്ടോബർ 23ന് ആത്മഹത്യ ചെയ്തു. സ്വർണപ്പണിക്കാരനായിരുന്ന സുമേഷ് കല്ലൂരിലാണ് ജോലിചെയ്തിരുന്നത്. കവർച്ചക്ക് കല്ലൂർ സ്വദേശികളായ യുവാക്കളെ ചുമതലപ്പെടുത്തുകയായിരുന്നു. സംഭവശേഷം വിദേശത്തേക്ക് കടന്ന സുമേഷ് നെടുമ്പാശ്ശേരി വഴി വന്നാൽ പിടിക്കപ്പെടുമെന്ന് കരുതി മുംബൈയിൽ വിമാനമിറങ്ങുകയായിരുന്നു. പ്രതിയെ കുന്നംകുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.