ചാലക്കുടി: സർക്കാർ ഹൈസ്കൂളിന് ഹൈടെക് കെട്ടിട നിർമാണത്തിനുള്ള ഒരുക്കത്തിനിടെ എതിർപ്പുമായി നഗരസഭ പ്രതിപക്ഷം. റോഡിന് അഭിമുഖമായി താൽക്കാലിക ഗേറ്റ് നിർമിക്കുന്നതിന് മതിൽ പൊളിക്കാൻ ശ്രമിക്കുമ്പോഴാണ് യു.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. പുതിയ കെട്ടിട നിർമാണത്തിന് കുറ്റിയടിക്കാനുള്ള ശ്രമവും തടഞ്ഞു. തുടർന്ന് നിർമാണജോലികൾ നിർത്തിവെച്ചു. കെട്ടിടത്തിെൻറ സ്ഥാനവും ശരിയായ പ്ലാനും കളിസ്ഥലത്ത് എത്ര ട്രാക്ക് നിർമിക്കുന്നുണ്ടെന്നും വ്യക്തമാക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. നഗരസഭയിൽ വൈകീട്ട് സർവകക്ഷിയോഗം ചേർന്ന് കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതുവരെ പ്രതിപക്ഷം പ്രതിഷേധം തുടർന്നു. സ്കൂളും കളിസ്ഥലവും ഒരുമിച്ച് നിർമിക്കേണ്ടതില്ലെന്നാണ് കോൺഗ്രസ് കൗൺസിലർമാരുടെ അഭിപ്രായം. ചില കായിക േപ്രമികളുടെ താൽപര്യപ്രകാരമാണ് സ്കൂൾ പൊളിച്ച് കളിസ്ഥലം നിർമിക്കുന്നതെന്ന് അവർ ആരോപിച്ചു. ഇപ്പോഴത്തെ കളിസ്ഥലത്ത് കെട്ടിടം നിർമിക്കണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ, ഹൈസ്കൂളിന് ഹൈടെക് കെട്ടിടവും കളിസ്ഥലവും ഒരുമിച്ച് നിർമിക്കണമെന്ന നിലപാടാണ് ഭരണപക്ഷത്തിന്. ബി.ഡി. ദേവസി എം.എൽ.എയുടെ ഫണ്ടിൽനിന്ന് ഒരു കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിക്കുന്നത്. ടെൻഡർ നടപടി പൂർത്തിയായിട്ടുണ്ട്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് നിർമാണ ചുമതല. അവധിക്കാലത്ത് പണി തിടുക്കത്തിൽ ആരംഭിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. നഗരസഭക്ക് എതിർവശമുള്ള ഭാഗത്താണ് ആദ്യഭാഗം നിർമിക്കുന്നത്. ഇതോടെ സ്കൂളിലേക്കുള്ള ഗേറ്റ് തൽക്കാലം അടച്ചിടേണ്ടിവരുന്നതിനാലാണ് സർവിസ് റോഡിന് മുന്നിൽ മതിൽ പൊളിച്ച് താൽക്കാലിക ഗേറ്റ് നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.