തൃശൂര്‍: അംഗീകാരമില്ലാത്ത കോഴ്സിെൻറ പേരില്‍ വിദ്യാർഥികളെ കബളിപ്പിച്ചതിന് വിമല കോളജ് പ്രിന്‍സിപ്പലടക്കം നാലുപേര്‍ക്കെതിരെ കേസ്. കര്‍ണാടക സ്റ്റേറ്റ് ഓപണ്‍ യൂനിവേഴ്സിറ്റിയുടെ എക്സ്റ്റെന്‍ഷന്‍ സെൻററായി വിമല കോളജില്‍ പ്രവര്‍ത്തിച്ചിരുന്ന സ്വകാര്യ സ്ഥാപനമായ ബ്രെയിന്‍ നെറ്റിനെതിരെയും കേസെടുത്തു. തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റാണ് കേസെടുക്കാൻ ഉത്തരവിട്ടത്. കോളജ് പ്രിന്‍സിപ്പൽ സിസ്റ്റര്‍ മരിയ, ബ്രെയിന്‍ നെറ്റ് ഉടമ ലിജു പോള്‍, അധ്യാപികയായ ഗയാന, സ്റ്റാഫ് രശ്മി സുധീര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ബി.എസ്സി ഇൻറീരിയര്‍ ഡിസൈനിങ് കോഴ്സിെൻറ പേരില്‍ തങ്ങളെ വഞ്ചിച്ചുവെന്നുകാണിച്ച് വിദ്യാർഥികള്‍ നല്‍കിയ പരാതിയിലാണ് നടപടി. കര്‍ണാടക യൂനിവേഴ്സിറ്റിയുടെ അംഗീകാരമുള്ള കോഴ്സാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രവേശനം നടത്തിയത്. വിമല കോളജിെൻറ ഒൗദ്യോഗിക വെബ്സൈറ്റ് വഴിയായിരുന്നു പരസ്യം. ആറ് സെമസ്റ്ററുകളിലായി മൂന്നുവര്‍ഷ കോഴ്സിന് രണ്ടുലക്ഷം രൂപ ഫീസായി ഈടാക്കുകയും ചെയ്തു. എന്നാല്‍, കോഴ്സിന് അംഗീകാരമില്ലെന്ന് പിന്നീട് വ്യക്തമായി. ഇതോടെ തങ്ങള്‍ക്ക് കോഴ്സുമായി ബന്ധമിെല്ലന്ന നിലപാടാണ് വിമല കോളജ് സ്വീകരിച്ചത്. 36 വിദ്യാർഥികളാണ് പ്രവേശനം നേടിയത്. അഞ്ചുപേര്‍ ഒഴികെ ബാക്കി എല്ലാവരും ഒരു വര്‍ഷം കഴിഞ്ഞതോടെ കോഴ്സ് തുടരുന്നില്ലെന്ന് തീരുമാനിച്ചു. എന്നാല്‍, ഫീസ് മടക്കി നല്‍കാന്‍ കോളജ് തയാറായില്ല. പ്രവേശന സമയത്ത് വിമല കോളജിെൻറ തിരിച്ചറിയല്‍ കാര്‍ഡും ഫീസ് രശീതും ബസ് കണ്‍സെഷന്‍ കാര്‍ഡും നല്‍കിയിരുന്നു. ഫീസിനത്തില്‍ യഥാസമയം പണം വാങ്ങിയിരുന്നുവെങ്കിലും ക്ലാസോ പരീക്ഷയോ കൃത്യമായി നടത്താറില്ലെന്ന് വിദ്യാർഥികള്‍ പറയുന്നു. അംഗീകാരമില്ലാത്ത കോഴ്സാണെന്ന കാര്യം മറച്ചുവെച്ച് ചില സെമസ്റ്റര്‍ പരീക്ഷകള്‍ നടത്തുകയും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും ചെയ്തു. സംശയം തോന്നിയ ചില വിദ്യാർഥികള്‍ നടത്തിയ അന്വേഷണത്തിലാണ് അംഗീകാരമില്ലാത്ത കോഴ്സാണെന്ന് വ്യക്തമായത്. ബാങ്ക് വായ്പയെടുത്ത് വരെ കോഴ്സിന് ചേര്‍ന്ന വിദ്യാർഥികളുണ്ട്. കാമ്പസില്‍ നടന്നിരുന്ന ക്ലാസുകള്‍ പുറത്തെ ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് മാറ്റി. ഇതോടെയാണ് പരാതിയുമായി വിദ്യാർഥികൾ കോടതിയെ സമീപിച്ചത്. പരാതി പരിഗണിച്ച കോടതി പ്രതികള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.