വ​ര​ൾ​ച്ച കാണാൻ കേ​ന്ദ്ര​സം​ഘ​മെ​ത്തി

തൃശൂർ: സംസ്ഥാനത്തെ വരൾച്ചക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്രസംഘം ജില്ലയിൽ നാലിടങ്ങൾ സന്ദർശിച്ചു. നെട്ടിശ്ശേരിയിൽ 70 ഏക്കറിൽ വിളനാശം വിലയിരുത്തിയ സംഘം വറ്റിവരണ്ട ഭാരതപ്പുഴയും ഇതോടനുബന്ധിച്ച് കുടിവെള്ള പദ്ധതികൾ നിലച്ചതും കണ്ടു. ജില്ലയിൽ വരൾച്ചമൂലം വിവിധ മേഖലകളിലുണ്ടായ നാശം ചെറുതുരുത്തിയിൽ നടത്തിയ േയാഗത്തിൽ കണക്കുകൾ സഹിതം ദുരന്തനിവാരണ അതോറിറ്റി വിശദീകരിച്ചു. 2664.5 ഹെക്ടർ കൃഷിനാശമുണ്ടായി. പാലുൽപാദനം 10 ശതമാനവും ആഭ്യന്തര മത്സ്യോൽപാദനം 60 ശതമാനവും കുറഞ്ഞു. ഡാമുകളുടെ ജലനിരപ്പ് താഴ്ന്നതും വരൾച്ച സംബന്ധിച്ച് വിവിധ പത്രങ്ങളിൽ വന്ന വാർത്തകളും സംഘത്തെ കാണിച്ചു. ജില്ലയിലെ ജനസംഖ്യയുടെ മൂന്നിൽ ഒരു ഭാഗത്തെ വരൾച്ച ബാധിച്ചതായി കേന്ദ്രസംഘത്തെ കലക്ടർ ഡോ. എ. കൗശിഗൻ അറിയിച്ചു. സംസ്ഥാന സർക്കാർ സമർപ്പിച്ച നിവേദനത്തിൽ ചൂണ്ടിക്കാണിച്ച ഒട്ടുമിക്ക കെടുതികളും ജില്ലയിൽ സംഭവിെച്ചന്ന് ബോധ്യപ്പെട്ടതായി സംഘാംഗങ്ങൾ പ്രതികരിച്ചു. ഇതുസംബന്ധിച്ച കാര്യമായ സംശയങ്ങളും അവർ ഉന്നയിച്ചില്ല. ഭാരതപ്പുഴയിൽ വെള്ളമില്ലാതെവന്നതോടെ ഇതുമായി ബന്ധപ്പെട്ട പഞ്ചായത്തുകളിൽ ആയിരത്തോളം കുടുംബങ്ങൾ ആശ്രയിക്കുന്ന 16ഓളം കുടിവെള്ള പദ്ധതികളുടെ പ്രവർത്തനം നിലച്ചതായി ദുരന്തനിവാരണ അതോറിറ്റി സംഘത്തെ ബോധ്യപ്പെടുത്തി. വരൾച്ച നേരിടാനായി സർക്കാർ തയാറാക്കിയ രണ്ട് പദ്ധതികളും സംഘത്തെ കാണിച്ചു. കൊടകര പെരിങ്ങാംകുളത്തെ മൊബൈൽ ജലശുദ്ധീകരണിയും കോലഴിയിലെ ജല കിയോസ്കുകളും സംഘം കണ്ടു. ശുദ്ധജലം ഇല്ലാത്ത സ്ഥലങ്ങളിൽ കുളങ്ങളിൽനിന്നും പുഴകളിൽനിന്നും വെള്ളമെടുത്ത് ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതാണ് മൊബൈൽ ജലശുദ്ധീകരണി. കേരളത്തിൽ ഇതാദ്യമായാണ് ഇത്തരമൊരു പദ്ധതി പ്രവർത്തിക്കുന്നതെന്ന് കേന്ദ്രസംഘത്തെ ബോധ്യപ്പെടുത്തി. ഈ പ്ലാൻറിെൻറ സമ്പൂർണ വിവരങ്ങളും സംഘം ചോദിച്ചറിഞ്ഞു. സംസ്ഥാനത്തുടനീളം നടപ്പാക്കാനുദ്ദേശിക്കുന്ന ഈ പദ്ധതിക്ക് ഫണ്ട് ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഇതുകൂടാതെ കോലഴിയിലെ ജല കിയോസ്കുകളുടെ പ്രവർത്തനവും സംഘത്തെ പരിചയപ്പെടുത്തി. ജില്ലയിൽ 1500 കിയോസ്കുകളാണ് സ്ഥാപിക്കാനുദ്ദേശിക്കുന്നത്. നീതി ആയോഗ് ഡെ. അഡ്വൈസർ മനേഷ് ചൗധരിയുടെ നേതൃത്വത്തിൽ കുടിവെള്ള ശുചിത്വ മന്ത്രാലയം സീനിയർ കൺസൾട്ടൻറ് ജി.ആർ. സർഗർ, മൃഗസംരക്ഷണ വകുപ്പ് അസി. കമീഷണർ ഡി.വി. റാവു, പൊതുവിതരണ മന്ത്രാലയം എഫ്.സി.ഐ എ.ജി.എം അഗസ്റ്റിൻ ക്ലിൻറൺ, കേന്ദ്രജല കമീഷൻ ഡയറക്ടർ ആർ. തങ്കമണി എന്നിവർ അടങ്ങുന്ന കേന്ദ്ര സംഘമാണ് പര്യടനം നടത്തിയത്. കലക്ടറുടെ നേതൃത്വത്തിൽ ജില്ല അതിർത്തിയിൽ സംഘത്തെ സ്വീകരിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ, ദുരന്ത നിവാരണ ഡെപ്യൂട്ടി കലക്ടർ േഗ്രസി, എൽ.ആർ ഡെപ്യൂട്ടി കലക്ടർ പി.എൻ. പുരുഷോത്തമൻ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ പി.എൻ. വിജയൻ, വിവിധ ഉദ്യോഗസ്ഥർ എന്നിവർ സംഘത്തിനൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.