തൃശൂർ: വരൾച്ചാ കെടുതി വിലയിരുത്താനുള്ള കേന്ദ്രസംഘം ബുധനാഴ്ച ജില്ലയിലെ തെരഞ്ഞെടുത്ത നാലിടങ്ങൾ സന്ദർശിക്കും. ജലദൗർലഭ്യം കണക്കിലെടുത്ത് ലഭ്യമായ ജലം ശുദ്ധീകരിക്കാനുള്ള മൊബൈൽ ഫിൽറ്റർ ജില്ലമുഴുവൻ വ്യാപിപ്പിക്കാനുള്ള പദ്ധതിക്ക് സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ. കൊടകരയിൽ പെരിങ്ങാംകുളത്തെ മൊബൈൽ ജലശുദ്ധീകരണ സംവിധാനം സംഘം പരിശോധിക്കും. വരൾച്ചക്കെതിരെ കൈക്കൊണ്ട നടപടിയുടെ ഭാഗമായാണ് ഇവിടെ പരിശോധിക്കുക. ഇതോടൊപ്പം കോലഴിയിൽ സ്ഥാപിച്ച കുടിവെള്ള കിയോസ്ക്കും സംഘം പരിശോധിക്കും. ജില്ലയിലെ മുഴുവൻ കിയോസ്ക്കുകളും രണ്ടാഴ്ച്ചക്കകം പ്രവർത്തന സജ്ജമാകും. ഡാമുകളിൽനിന്ന് വെള്ളം ലഭിക്കാത്തതിനാൽ കൃഷിനശിച്ച നെട്ടിശ്ശേരിയിലെ 70ഏക്കർ പാടത്ത് സംഘമെത്തി വിളനാശത്തിെൻറ വ്യാപ്തി വിലയിരുത്തും. കുടിവെള്ളക്ഷാമം വിലയിരുത്താൻ പിന്നീട് ചെറുതുരുത്തിയിൽ ഭാരതപ്പുഴയിൽ പരിശോധന നടത്തും. ഭാരതപ്പുഴയിൽ വെള്ളം ലഭ്യമല്ലാത്തതിനാൽ ഇതോടനുബന്ധിച്ച 16ഓളം കുടിവെള്ളപദ്ധതികളെ ബാധിച്ചതായാണ് വിലയിരുത്തൽ. രാവിലെ 10.30ന് എത്തുന്ന സംഘം വൈകീട്ട് 3.30ന് പരിശോധന പൂർത്തിയാക്കി ജില്ലയിൽനിന്ന് പോകും. വരൾച്ചയുടെ വ്യാപ്തി, കൃഷി നാശം, കുടിവെള്ള ക്ഷാമം, ഇത് പരിഹരിക്കാൻ ജില്ല ഭരണകൂടം കൈക്കൊണ്ട നടപടി എന്നിവയാണ് സംഘം വിലയിരുത്തുക. വരൾച്ച സംബന്ധിച്ച കണക്കുകൾ ജില്ലയിലെ ദുരന്തനിവാരണ അതോറിറ്റി തയാറാക്കിയിട്ടുണ്ട്. ഇത് സംഘം പരിശോധിക്കും. അതേസമയം, കുടിവെള്ള ക്ഷാമം രൂക്ഷമായ ആദിവാസി മേഖലകളിൽ സംഘം സന്ദർശിക്കില്ല. കേരളം സമർപ്പിക്കുന്ന റിപ്പോർട്ടിെൻറയും പരിഹാര നടപടിക്കായുള്ള പദ്ധതിക്കായും പകുതി ഫണ്ട് മാത്രമെ പലപ്പോഴും കേന്ദ്രത്തിൽനിന്ന് ലഭിക്കാറുള്ളൂ. സംസ്ഥാന സർക്കാർ തയാറാക്കുന്ന മെമ്മോറാണ്ടത്തിനനുസൃതമായ റിപ്പോർട്ടാണ് ജില്ലയിലും തയാറാക്കുന്നത്. ഉദ്യോഗസ്ഥതലത്തിലുള്ള വിലയിരുത്തൽ യോഗം പിന്നീട് തിരുവനന്തപുരത്ത് നടത്തും. ചർച്ചയോ മറ്റ് വിലയിരുത്തലുകളോ ജില്ലയിലുണ്ടാകില്ല. നീതി ആയോഗ് ഡെപ്യൂട്ടി അഡ്വൈസർ മഹേഷ് ചൗധരി, കുടിവെള്ള ശുചിത്വ മന്ത്രാലയം സീനിയർ കൺസൾട്ടൻറ് ജി.ആർ. സാഗർ തുടങ്ങിയവരുൾപ്പെട്ട സംഘമാണ് പരിശോധനക്കെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.