കൊട്ടിയം: ലക്ഷങ്ങൾ മുടക്കിയുള്ള നവീകരണ പ്രവർത്തനങ്ങൾ പല തവണ നടന്നെങ്കിലും കോർപറേഷെൻറ വടക്കേവിള മേഖല ഓഫിസ് വളപ്പിലുള്ള കമ്യൂണിറ്റി ഹാൾ അനാഥം. 1984ൽ വടക്കേവിള പഞ്ചായത്തായിരുന്നപ്പോഴാണ് കമ്യൂണിറ്റി ഹാൾ നിർമിച്ചത്. പാവപ്പെട്ടവർക്കും സാധാരണക്കാർക്കും വിവാഹങ്ങളും മറ്റ് പൊതുപരിപാടികളും നടത്തുന്നതിനുവേണ്ടിയായിരുന്നു ഇത് നിർമിച്ചത്. ആദ്യത്തെ കുറച്ചുനാൾ ഇവിടെ പരിപാടികളും വിവാഹങ്ങളും ഒക്കെ നടന്നെങ്കിലും പിന്നീട് അനാഥാവസ്ഥയിലാകുകയായിരുന്നു. ശബ്ദ ക്രമീകരണം ശരിയല്ലെന്ന കാരണം പറഞ്ഞ് പലരും ഹാൾ പരിപാടികൾക്കായി എടുക്കാതാകുകയായിരുന്നു. തുടർന്ന് പഞ്ചായത്ത് അധികൃതർ ലക്ഷങ്ങൾ മുടക്കി ശബ്ദ ക്രമീകരണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് പല കാരണങ്ങൾക്കായി കമ്യൂണിറ്റി ഹാളിൽ പണം ചെലവഴിച്ചെങ്കിലും അതെല്ലാം വെള്ളത്തിൽ വരച്ച വരപോലെയായി. കൊല്ലം കോർപറേഷനിൽ വടക്കേവിള പഞ്ചായത്ത് കൂട്ടിച്ചേർത്തതോടെ കമ്യൂണിറ്റി ഹാൾ കോർപറേഷെൻറ അധീനതയിലായി. കോർപറേഷനും കമ്യൂണിറ്റി ഹാളിനായി നല്ലൊരു തുക ചെലവാക്കി. അടുത്തിടെ കോർപറേഷൻ ലക്ഷങ്ങൾ മുടക്കി കമ്യൂണിറ്റി ഹാളിനോട് ചേർന്ന് ഒരു ഉൗട്ടുപുര നിർമിച്ചെങ്കിലും അത് തുറന്നിട്ടുപോലുമില്ല. രാഷ്ട്രീയ പാർട്ടികളുടെ മീറ്റിങ്ങും െറസിഡൻറ്സ് അസോസിയേഷെൻറ യോഗവും മാത്രമാണ് ഇവിടെ നടന്നിട്ടുള്ളത്. സർക്കാറിെൻറ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ഫോട്ടോയെടുപ്പും കാർഡ് പുതുക്കലും ഇവിടെയാണ് നടന്നിരുന്നത്. ഈ വർഷം കാർഡ് പുതുക്കൽ നടന്നത് അടുത്തുള്ള സ്കൂളിൽവെച്ചാണ്. ഇതിെൻറ വാടക സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധപ്പെടുത്താൻ അധികൃതർ തയാറാകാത്തതാണ് ആരും പരിപാടികൾ നടത്താൻ മുന്നോട്ട് വരാത്തതെന്ന് പറയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.