തൃശൂർ: മധ്യകേരളത്തിൽനിന്ന് പൊള്ളാച്ചി, പഴനി വഴി രാമേശ്വരത്തേക്കുള്ള ആദ്യ ട്രെയിനിന് ഞായറാഴ്ച വൈകീട്ട് തൃശൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകും. പാലക്കാട്^പൊള്ളാച്ചി പാതയുടെ ഗേജുമാറ്റം പൂർത്തിയായതിനെത്തുടർന്നാണ് നേരിട്ട് രാമേശ്വരത്തേക്ക് ട്രെയിൻ ഗതാഗതം സാധ്യമായത്. പ്രതിവാര, സ്പെഷൽ ഫെയർ, സ്പെഷൽ തീവണ്ടിയാണ് എറണാകുളം രാമേശ്വരം റൂട്ടിൽ ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ ഓടിക്കുന്നത്. എല്ലാ ഞായറാഴ്ചയും വൈകീട്ട് നാലിന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന രാമേശ്വരം ട്രെയിൻ 6.12ന് തൃശൂരിലെത്തും. ആലുവ, തൃശൂർ, പാലക്കാട് ജങ്ഷൻ, പാലക്കാട് ടൗൺ, പൊള്ളാച്ചി, ഉദുമൽപേട്ട്, പഴനി, ദിണ്ടിക്കൽ, മധുര, മനമധുര, രാമനാഥപുരം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. തിങ്കളാഴ്ച രാവിലെ നാലിന് രാമേശ്വരത്തെത്തുന്ന വണ്ടി അന്ന് രാത്രി പത്തിന് തിരിച്ച് ചൊവ്വാഴ്ച രാവിലെ 8.15ന് തൃശൂരിലും 10.15 എറണാകുളത്തും എത്തും. പഴനി, കൊടൈക്കനാൽ, മധുര, ഏർവാടി, രാമേശ്വരം തീർഥാടന, വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്നവർക്ക് നേരിട്ടുള്ള തീവണ്ടി സൗകര്യപ്രദമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.