വാടാനപ്പള്ളി: കടലാക്രമണത്താല്‍ വീട് നഷ്ടപ്പെട്ട വാടാനപ്പള്ളി പഞ്ചായത്തിലെ നൂറോളം കുടുംബങ്ങള്‍ പെരുവഴിയില്‍. അന്തിയുറങ്ങാന്‍ ഇടമില്ലാത്ത ഇവരുടെ ജീവിതം തീര്‍ത്തും ദുരിതം. സൈനുദ്ദീന്‍ നഗര്‍ മുതല്‍ പൊക്കാഞ്ചേരി ബീച്ചു വരെയുള്ള കടലോര മേഖലയിലെ കുടുംബങ്ങളാണ് കടലാക്രമണം മൂലം ദുരിതത്തിലായത്. 2001 മുതല്‍ ഇതുവരെ നൂറിലധികം വീടുകള്‍ കടലാക്രമണത്തില്‍ ഇല്ലാതായിട്ടുണ്ട്. പുറമെ ഏക്കര്‍ കണക്കിന് സ്ഥലവും റോഡുകളും തെങ്ങുകളും കടലെടുത്തു. ചിലങ്ക ബീച്ച് മുതല്‍ പൊക്കാഞ്ചേരി വരെ 200 മീറ്ററോളം കര കടല്‍ കവര്‍ന്നു. കുടിവെള്ള വിതരണവും വൈദ്യുതി വിതരണവും താറുമാറായി. പുതിയ കടല്‍ ഭിത്തികള്‍ വരെ തകര്‍ന്നു. കടലാക്രമണത്തില്‍ വീടില്ലാത്ത കുടുംബങ്ങളെ താമസിപ്പിക്കാന്‍ ഏതാനും വര്‍ഷം മുമ്പ് സര്‍ക്കാര്‍ സൂനാമി പുനരധിവാസ പദ്ധതിക്ക് രൂപം നല്‍കിയിരുന്നു. ഫ്ളാറ്റ് നിര്‍മിക്കാന്‍ റവന്യൂ വകുപ്പ് ഖദീജുമ്മ സ്കൂളിന് കിഴക്ക് ഒന്നരയേക്കര്‍ സ്ഥലം കണ്ടത്തെി നിര്‍മാണം ആരംഭിച്ചതോടെ സ്വകാര്യ വ്യക്തി കോടതിയെ സമീപിച്ചു. ഇതോടെ പദ്ധതി പാളി. ഇതിനിടെ വ്യാസനഗറിലെ ഫിഷറീസ് സ്ഥലത്ത് വീട് നിര്‍മിക്കാനുള്ള പദ്ധതിയും പാളിയതോടെ ഫണ്ടും ലാപ്സായി. ഇത്തവണയും രൂക്ഷമായ കടലാക്രമണം നാശം വിതച്ചതോടെ എം.എല്‍.എ അടക്കമുള്ള ജനപ്രതിനിധികള്‍ ബീച്ച് സന്ദര്‍ശിച്ച് പുനരധിവാസം അജണ്ടയിലുണ്ടെന്ന് അറിയിച്ചിരുന്നെങ്കിലും തീരദേശ വാസികളുടെ പ്രതീക്ഷ മാത്രം ബാക്കി. വീടില്ലാതായവര്‍ കടലോരത്ത് കുടില്‍ കെട്ടിയും വാടകക്കും ബന്ധുവീടുകളിലുമായി കഴിയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.