അക്ഷയ കേന്ദ്രങ്ങള്‍ അമിതനിരക്ക് ഈടാക്കുന്നെന്ന് ആക്ഷേപം

കൊടുങ്ങല്ലൂര്‍: അക്ഷയ കേന്ദ്രങ്ങള്‍ സേവനങ്ങള്‍ക്ക് അമിത നിരക്ക് ഈടാക്കുന്നതായി പരാതി. സൗജന്യ സേവനങ്ങള്‍ക്ക് പണം വാങ്ങുന്നതടക്കം നിരവധി പരാതികളാണ് അക്ഷയ കേന്ദ്രങ്ങള്‍ക്കെതിരെ ഉയരുന്നത്. സര്‍ക്കാര്‍ നിര്‍ദേശങ്ങളും നിബന്ധനകളും നിര്‍ദേശങ്ങളും ലംഘിച്ചാണ് പല അക്ഷയകേന്ദ്രങ്ങളുടെയും പ്രവര്‍ത്തനം. അക്ഷയകേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള അജ്ഞത മുതലെടുത്താണ് ഇവയുടെ പ്രവര്‍ത്തനം. ഒ.ബി.സി വിദ്യാര്‍ഥികളുടെ പോസ്റ്റ്മെട്രിക് സ്കോളര്‍ഷിപ് അപേക്ഷകള്‍ ഓണ്‍ലൈനില്‍ അയക്കുന്നത് അക്ഷയകേന്ദ്രങ്ങള്‍ ചെയ്യേണ്ട സൗജന്യ സേവനമാണ്. സമാനമായ എസ്.സി, എസ്.ടി സ്കോളര്‍ഷിപ്പിനും പണം ഈടാക്കാന്‍ പാടില്ല. എന്നാല്‍, അപേക്ഷകരില്‍ നിന്ന് 100 രൂപ വരെ വാങ്ങുന്ന അക്ഷയകേന്ദ്രങ്ങളുണ്ട് മതിലകത്ത്. ശ്രീനാരായണപുരത്തെ ചില കേന്ദ്രങ്ങള്‍ 60 രൂപയാണ് വാങ്ങുന്നതെന്ന് അനുഭവസ്ഥര്‍ പറയുന്നു. സ്കോളര്‍ഷിപ്പിന് പുറമെ കിയോസ്ക് ബാങ്കിങ്, ആധാര്‍ എന്‍റോള്‍മെന്‍റ്, ആര്‍.എസ്.ബി.വൈ ആരോഗ്യകാര്‍ഡ് രജിസ്ട്രേഷനും പുതുക്കലും, ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ രജിസ്ട്രേഷന്‍, വ്യാപാരികളുടെ പ്രതിമാസ ഇ-ഫയലിങ്, ബി.എസ്.എന്‍.എല്‍ ബില്‍ അടക്കല്‍, കര്‍ഷകരുടെ വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലാക്കാനുള്ള ഇ-കൃഷി തുടങ്ങിയ സേവനങ്ങളെല്ലാം അക്ഷയ കേന്ദ്രങ്ങള്‍ സൗജന്യമായി നല്‍കേണ്ടതാണ്. എന്നാല്‍, ഇവയില്‍ പലതിനും കൊടുങ്ങല്ലൂര്‍ ഉള്‍പ്പെടെ തീരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയകേന്ദ്രങ്ങള്‍ പണം ഈടാക്കുന്നതായാണ് പരാതി. ആധാര്‍ എടുക്കാന്‍ എറിയാട് മേഖലയിലെ ഒരു അക്ഷയ കേന്ദ്രം 50 രൂപയാണ് വാങ്ങുന്നത്. കുറഞ്ഞ സര്‍വിസ് ചാര്‍ജുള്ള കാര്യങ്ങള്‍ക്ക് എത്തുന്നവരെ പല കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കുന്നതായി പരാതിയുണ്ട്. റേഷന്‍ കാര്‍ഡ് സംബന്ധമായ എല്ലാ ആവശ്യങ്ങള്‍ക്കും 25 രൂപയാണ് സര്‍വിസ് ചാര്‍ജായി നിശ്ചയിച്ചിട്ടുള്ളത്. കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി ബില്ലുകള്‍ അടക്കാന്‍ 10 രൂപയാണ് സര്‍വിസ് ചാര്‍ജ്. അക്ഷയ കേന്ദ്രങ്ങളുടെ സേവനങ്ങളും അവക്ക് ഈടാക്കേണ്ട തുകയും കാണിച്ച് കേന്ദ്രങ്ങളില്‍ പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന് നിബന്ധനയുണ്ട്. എന്നാല്‍, പല കേന്ദ്രങ്ങളിലും ഇത് കാണാനില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.