മാളയില്‍ തല്ളോട് തല്ല്; നാട്ടുകാര്‍ അമ്പരപ്പില്‍

മാള: ചക്കാംപറമ്പ് എസ്.എന്‍.ഡി.പി ശാഖ ആഭിമുഖ്യത്തില്‍ നടത്തിയ ഓണത്തല്ല് ആവേശമായി. ആദ്യമായാണ് മാള ഓണത്തല്ലിന് വേദിയാകുന്നത്. ചക്കാംപറമ്പ് വിജ്ഞാനദായിനി സഭാങ്കണത്തില്‍ നടത്തിയ അഭ്യാസ പ്രകടനങ്ങള്‍ കാണാന്‍ നിരവധി പേര്‍ ഒഴുകിയത്തെി. ആര്‍പ്പുവിളിച്ചും ആവേശമുയര്‍ത്തിയും ജനങ്ങള്‍ ഓണത്തല്ലിനത്തെിയ ഇരു ദേശക്കാരെയും വരവേറ്റു. മൈതാനിയുടെ കിഴക്ക് ഭാഗത്ത് പൂപ്പത്തിയിലെ കളരി അഭ്യാസികളും പടിഞ്ഞാറ് വശത്ത് മലപ്പുറം ജില്ലയിലെ വളാഞ്ചേരി ചാങ്ങ് എടയൂര്‍ ദേശത്തുകാരും അണിനിരന്നതോടെ ആവേശം അലതല്ലി. ഗുരു ഇബ്രാഹിംകുട്ടിയുടെ അനുഗ്രഹം വാങ്ങി പൂപ്പത്തി കളരി അഭ്യാസികളും ഗുരു മണികണ്ഠന്‍െറ അനുഗ്രഹം വാങ്ങി എടയൂരും കളത്തിലിറങ്ങിയതോടെ തല്ലിന് തുടക്കമായി. എടയൂരിന്‍െറ അഭ്യാസികളായ അജയഘോഷ്, സുനില്‍ദത്ത്, കുട്ടന്‍മോന്‍, വര്‍ഗീസ്, മനോജ് കാട്ടിലാന്‍ തുടങ്ങിയവര്‍ തറ്റുടുത്ത്, ചേലമുറുക്കി "ഹയ്യത്തടാ" വായ്ത്താരിമുഴക്കി സംഘത്തെ പ്രകോപിപ്പിച്ചു. വീറും വാശിയും ഒട്ടും കുറക്കാതെ പൂപ്പത്തിയുടെ അജയ്ഘോഷും ഉണ്ണികൃഷ്ണന്‍മാരും, അമല്‍നാഥ് ,മധുകുമാര്‍, സാല്‍ബില്‍ എന്നിവരും തിരിച്ചടിച്ചു. ഓണത്തല്ലിന്‍െറ ചിട്ടകള്‍ മുറതെറ്റാതെ തല്ലിന് ഗുരുക്കന്മാരും ചാഴിക്കാരന്‍മാരായ മോഹനന്‍, രാജന്‍ ആശാന്‍മാരും നിയന്ത്രിക്കാനത്തെി. ക്രൈംബ്രാഞ്ച് എസ്.ഐ.മുഹമ്മദ് റാഫി എം.പി. ആശാന്‍മാര്‍ക്ക് അങ്കവസ്ത്രം നല്‍കി ആദരിച്ചു. ഇരുദേശക്കാരും ഒരോ അംഗങ്ങളെ വീതം തല്ലിനിറക്കി. സുനില്‍ ദത്തും, അജയഘോഷും തമ്മില്‍ ആദ്യ അടിക്ക് തുടക്കമിട്ടു. ഇരുവരും കൈയും കണക്കുമില്ലാതെ പരസ്പരം പൊതിരെ തല്ലി തീര്‍ത്തു. ചാഴിക്കാരന്‍മാര്‍ പലവട്ടം ഇവരെ പിടിച്ചു നിയന്ത്രിച്ചു. തല്ലി തളര്‍ന്ന ഇവര്‍ക്കു ശേഷം അടുത്ത രണ്ടുപേര്‍ വീതം മത്സരത്തിനത്തെിയ 24 പേരും പൊരിഞ്ഞ തല്ല് തന്നെ നടത്തി. മത്സരത്തിന് മുമ്പായി ഇരുസംഘവും കളരി അഭ്യാസപ്രകടനങ്ങള്‍ നടത്തി. വടിതല്ല്, വാള്‍പ്പയറ്റ്, മെയ്യഭ്യാസം, ആയുധാഭ്യാസങ്ങള്‍, ഉറുമി വീശല്‍, ഗദപ്പയറ്റ് തുടങ്ങിയ കളരിമുറകള്‍ മൈതാനത്ത് നിറഞ്ഞാടി. കളരി ഗുരുക്കളായ ഇബ്രാഹിംകുട്ടി, കുട്ടന്‍ മോന്‍, സുനില്‍ ദത്ത് എന്നിവരുടെ നേതൃത്വത്തിലും, പങ്കാളിത്വത്തിലും രാജേഷ്, വര്‍ഗീസ്, മനോജ് കാട്ടിലാന്‍, ആന്‍റണി, സാദിഖ് നിസാര്‍, ഫസല്‍, തുടങ്ങിയവര്‍ അഭ്യാസമുറകള്‍ കാഴ്ചവെച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.