കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് നിര്‍ദേശം

തൃശൂര്‍: നഗരത്തില്‍ അനധികൃത നിര്‍മാണത്തിന് കൂട്ടുനിന്ന കോര്‍പറേഷന്‍ ടൗണ്‍ പ്ളാനിങ് വിഭാഗത്തിലെ പത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തദ്ദേശഭരണ വകുപ്പ് നിര്‍ദേശം. ടൗണ്‍ പ്ളാനിങ് വിജിലന്‍സ് വിഭാഗം നഗരത്തിലെ വിവിധ നിര്‍മാണപ്രവൃത്തികള്‍ പരിശോധിച്ചപ്പോള്‍ ക്രമക്കേട് കണ്ടത്തെിയതിനെ തുടര്‍ന്ന് വിജിലന്‍സ് ചീഫ് ടൗണ്‍ പ്ളാനര്‍ നടപടിക്ക് ശിപാര്‍ശ ചെയ്തതനുസരിച്ചാണ് ഉത്തരവ്. കോര്‍പറേഷന്‍ ഒല്ലൂര്‍ സോണിലെ ഓവര്‍സിയര്‍മാരായ ഷൈന, സന്തോഷ്, അശോക് കുമാര്‍, അസി. എന്‍ജിനീയര്‍മാരായ രംഗജയന്‍, ഇ. ലീല, അസി. എക്സി. എന്‍ജിനീയര്‍മാരായ രമേശന്‍ പരീക്കല്‍, രാധാകൃഷ്ണന്‍, എക്സി.എന്‍ജിനീയര്‍ ജോസ് മൈക്കിള്‍, ഓവര്‍സീയര്‍ കെ.ആര്‍. രാജേഷ്, എക്സി.എന്‍ജിനീയര്‍ എസ്.ജി. രാജ്മോഹന്‍ എന്നിവര്‍ക്കെതിരെയാണ് നടപടിക്ക് ശിപാര്‍ശ. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് സെക്രട്ടറി കെ.എം. ബഷീറിനെ നേരത്തേ സസ്പെന്‍ഡ് ചെയ്തിരുന്നു. വിജിലന്‍സ് ടൗണ്‍ പ്ളാനര്‍ വി.എ. ഗോപി നടത്തിയ പരിശോധനയിലാണ് അനധികൃത നിര്‍മാണങ്ങള്‍ കണ്ടത്തെിയത്. ഉപയോഗമാറ്റം, തുറസ്സായ സ്ഥലം രേഖപ്പെടുത്താത്തത്, പാര്‍ക്കിങ് സൗകര്യങ്ങള്‍, അഗ്നിസുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കല്‍ എന്നിവയിലാണ് നിയമലംഘനം ഉണ്ടായത്. ഒല്ലൂരിലും ശക്തന്‍ തമ്പുരാന്‍ നഗര്‍ ബസ് സ്റ്റാന്‍ഡിനടുത്ത് ബഹുനില വാണിജ്യ കെട്ടിടവും അനധികൃത നിര്‍മാണവുമാണെന്ന് ടൗണ്‍ പ്ളാനിങ് വിജിലന്‍സ് വിഭാഗം കണ്ടത്തെിയിരുന്നു. കോവിലകത്തുംപാടത്തെ ‘ദൃശ്യം ഐ കെയര്‍’ പ്രവര്‍ത്തിക്കുന്ന കെട്ടിടം നിര്‍മിച്ചതിലും വിജിലന്‍സ് വിഭാഗം നിയമലംഘനം കണ്ടത്തെി. 2008ല്‍ കെട്ടിടത്തിന് നിര്‍മാണാനുമതി നല്‍കിയതാണ് . അനുമതി ലഭിക്കാതെ നിര്‍മാണം, വിനിയോഗ മാറ്റം, ഉയരമനുസരിച്ച് തുറസ്സായ സ്ഥലമില്ലാത്തത്, കെട്ടിടത്തിന് ചുറ്റും നിയമാനുസൃതം സ്ഥലം വിടാത്തത്, പാര്‍ക്കിങ്, ഫയര്‍ഫോഴ്സ് അനുമതി, മലിനീകരണനിയന്ത്രണ ബോര്‍ഡിന്‍െറ അംഗീകാരം, ശുചീകരണ സജ്ജീകരണങ്ങള്‍, മഴവെള്ള സംഭരണി തുടങ്ങിയ ചട്ടങ്ങള്‍ ലംഘിച്ചു. കെട്ടിട നമ്പര്‍-പ്രവര്‍ത്തന ലൈസന്‍സ് റദ്ദാക്കല്‍, വൈദ്യുതി വിച്ഛേദിക്കല്‍ ഉള്‍പ്പെടെ നടപടികള്‍ സ്വീകരിച്ച് 30 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കോര്‍പറേഷനോട് ആവശ്യപ്പെട്ടു. എന്നാല്‍, രണ്ടുമാസം കഴിഞ്ഞിട്ടും നടപടി ഉണ്ടായിട്ടില്ല. നഗരത്തില്‍ അനധികൃതമായി നിര്‍മിച്ച നൂറിലേറെ കെട്ടിടങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോര്‍പറേഷന് ഉത്തരവ് നല്‍കിയിട്ടുണ്ടെങ്കിലും ഒന്നിലും നടപടിയുണ്ടായിട്ടില്ല. ഉത്തരവുകള്‍തന്നെ വെളിച്ചം കാണാറില്ല. എന്‍ജിനീയറിങ്-ടൗണ്‍ പ്ളാനിങ് വിഭാഗത്തിലെ ബില്‍ഡിങ് ഇന്‍സ്പെക്ടര്‍ക്കു മുകളിലുള്ള മിക്കവാറും എല്ലാ എന്‍ജിനീയര്‍മാരും വകുപ്പുതല നടപടികളിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.