തൃശൂര്‍: തുടര്‍ച്ചയായ ബാങ്ക് അവധി ദിനങ്ങളുടെ ആദ്യദിവസം തന്നെ ജില്ലയിലെ മിക്ക എ.ടി.എം കൗണ്ടറുകളും കാലി. എസ്.ബി.ടി, എസ്.ബി.ഐ ഉള്‍പ്പെടെ പ്രധാന ബാങ്കുകളുടെ എ.ടി.എമ്മുകള്‍ ശനിയാഴ്ച ഉച്ചയോടെ കാലിയായി. പണമില്ളെന്നും അടുത്ത കൗണ്ടറിനെ സമീപിക്കുകയെന്നുമുള്ള സന്ദേശമാണ് ഉപഭോക്താക്കള്‍ക്ക് ലഭിച്ചത്. അടുത്ത എ.ടി.എം കൗണ്ടര്‍ തേടിപ്പിടിച്ച് എത്തിയപ്പോള്‍ അവിടെയും സ്ഥിതി അതുതന്നെ. ജനത്തിരക്കേറിയ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്‍, പാറമേക്കാവ്, പൂത്തോള്‍, കൊക്കാല എന്നിവിടങ്ങളിലെ സ്റ്റേറ്റ് ബാങ്ക് എ.ടി.എമ്മുകള്‍ കാലിയാണ്. മറ്റ് ബാങ്കുകളുടെയും എ.ടി.എം കൗണ്ടറുകളുടെ സ്ഥിതി മറിച്ചല്ല. ഓണം, ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സാധനങ്ങള്‍ വാങ്ങാനായി എ.ടി.എമ്മുകളില്‍ എത്തിയവര്‍ പണമില്ളെന്നറിഞ്ഞ് നിരാശയോടെ മടങ്ങി. ഒറ്റപ്പെട്ട സ്ഥലങ്ങളിലെ ചില കൗണ്ടറുകളില്‍ മാത്രമാണ് പണമുള്ളത്. ഞായറാഴ്ചയോടെ അവിടങ്ങളിലും പണം തീരുമെന്നുറപ്പ്. ആഘോഷവേളയായതിനാല്‍ പണം പിന്‍വലിക്കുന്നവരുടെ എണ്ണം കൂടിയതാകാം എ.ടി.എമ്മുകള്‍ കാലിയാകാന്‍ കാരണമെന്ന് ബാങ്ക് വൃത്തങ്ങള്‍ പറയുന്നു. ഓരോ എ.ടി.എം മെഷീനുകളിലും 40 ലക്ഷം രൂപയോളം സൂക്ഷിക്കാനുള്ള സൗകര്യമാണുള്ളത്. 40,000 രൂപ വീതം നൂറുപേര്‍ പിന്‍വലിച്ചാല്‍ എ.ടി.എം കാലിയാകില്ളേയെന്ന ചോദ്യവും അവര്‍ ഉന്നയിക്കുന്നു. അങ്ങനെയാണെങ്കില്‍ ഇത്രയും എ.ടി.എമ്മുകളില്‍നിന്ന് കോടികള്‍ ഒറ്റദിവസംകൊണ്ട് പിന്‍വലിക്കപ്പെട്ടിരിക്കണം. എ.ടി.എം മെഷീനുകളില്‍ പണം നിറക്കുന്ന ജോലി മിക്ക ബാങ്കുകളും ഏജന്‍സികളെയാണ് ഏല്‍പിച്ചിട്ടുള്ളത്. ഏജന്‍സികള്‍ എന്തെങ്കിലും കൃത്രിമങ്ങള്‍ കാട്ടിയിട്ടുണ്ടോയെന്ന സംശയവുമുണ്ട്. നിക്ഷേപകര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ അവധി ദിവസങ്ങള്‍ക്കിടെ ഒരുദിവസം എ.ടി.എമ്മുകളില്‍ പണം നിറക്കാനുള്ള നടപടി കൈക്കൊള്ളാന്‍ ബാങ്ക് അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. അത് എന്നാണെന്ന കാര്യത്തിലും വ്യക്തതയില്ല. ഫലത്തില്‍ എ.ടി.എമ്മില്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്ന നിക്ഷേപകര്‍ വലഞ്ഞ മട്ടാണ്. ബലിപെരുന്നാള്‍-ഓണം പ്രമാണിച്ച് ശനിയാഴ്ച മുതല്‍ ബുധനാഴ്ച വരെ ബാങ്കുകള്‍ തുടര്‍ച്ചയായ അവധിയിലാണ്. വ്യാഴാഴ്ചയാണ് ഇനി ബാങ്കുകള്‍ പ്രവര്‍ത്തിക്കുക. സഹകരണബാങ്കുകള്‍ പലതും ശനിയാഴ്ചയാണ് തുറക്കുക. ഫലത്തില്‍ ഒരാഴ്ച കഴിഞ്ഞേ എ.ടി.എമ്മുകള്‍ പ്രവര്‍ത്തനസജ്ജമാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.