കോര്‍പറേഷന്‍ കരട് പദ്ധതിരേഖക്ക് ഭേദഗതിയോടെ അംഗീകാരം

തൃശൂര്‍: കോര്‍പറേഷനില്‍ വികേന്ദ്രീകൃതാസൂത്രണ പദ്ധതിയുടെ കരട് പദ്ധതിരേഖ ഭേദഗതിയോടെ അംഗീകരിക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. മുന്‍ഗണനാക്രമം അനുസരിച്ച് മാറ്റങ്ങള്‍ വരുത്തിയും വിട്ടുപോയത് ചേര്‍ത്തും ഭേദഗതികള്‍ വരുത്തും. ബുധനാഴ്ച നടക്കുന്ന പദ്ധതി രൂപവത്കരണത്തിന്‍െറ വികസന സെമിനാറില്‍ എടുക്കുന്ന തീരുമാനങ്ങള്‍ വര്‍ക്കിങ് ഗ്രൂപ്പുകള്‍ ചേര്‍ന്നശേഷം കരടുരേഖയിലെ പോരായ്മകള്‍ പരിഹരിക്കാമെന്ന് ഡെപ്യൂട്ടി മേയര്‍ ഉറപ്പു നല്‍കി. ചര്‍ച്ച ചെയ്ത് മുന്‍ഗണനാക്രമം അനുസരിച്ച് പദ്ധതികള്‍ തീരുമാനിക്കാമെന്നും വിട്ടുപോയവ കൂട്ടിച്ചേര്‍ക്കാമെന്നും ഡെപ്യൂട്ടി മേയര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച വിളിച്ചുചേര്‍ത്ത കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം ബഹളമയമായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെയും ചട്ടവിരുദ്ധവുമായാണ് കരട് രേഖ തയാറാക്കിയതെന്ന് ആരോപിച്ച് പ്രതിപക്ഷം രേഖ അംഗീകരിക്കാനാവില്ളെന്ന് വ്യക്തമാക്കി. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ തയാറാക്കിയ കരടുരേഖ വോട്ടിനിടണമെന്നും പ്രതിപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ടു. വര്‍ക്കിങ് ഗ്രൂപ് യോഗങ്ങള്‍ ചേരാതെയും കണ്‍വീനര്‍മാരുടെ ഒപ്പ് വാങ്ങാതെയുമാണ് കരടുരേഖ അവതരിപ്പിച്ചതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. കുടിവെള്ളം അടക്കം പ്രാഥമിക ആവശ്യങ്ങള്‍ വിട്ടുപോയതായും സ്പില്‍ ഓവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പണം അനുവദിച്ചിട്ടില്ളെന്നും വ്യാപകമായി പരാതി ഉയര്‍ന്നു. ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സെക്രട്ടറിക്ക് പരാതി നല്‍കുമെന്ന് പ്രതിപക്ഷനേതാവ് അഡ്വ. എം.കെ. മുകുന്ദന്‍ വ്യക്തമാക്കി. തുടര്‍ന്ന് വാദപ്രതിവാദങ്ങളുമായി ഇരുപക്ഷത്തെയും കൗണ്‍സിലര്‍മാര്‍ രംഗത്തത്തെി. ഫെബ്രുവരി 19ന് വികസന ഗ്രൂപ് കണ്‍വീനര്‍മാരെ തെരഞ്ഞെടുത്തിരുന്നുവെന്നും ഘട്ടങ്ങളായി യോഗങ്ങള്‍ ചേര്‍ന്നിരുന്നുവെന്നും വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അജിത വിജയന്‍ പറഞ്ഞു. തുടര്‍ന്ന് ഡെപ്യൂട്ടി മേയര്‍ ഭേദഗതി അംഗീകരിച്ചതോടെ പ്രശ്നങ്ങള്‍ക്ക് വിരാമമായി. മേയര്‍ അജിത ജയരാജന്‍ അധ്യക്ഷത വഹിച്ചു. ഭരണപക്ഷ അംഗങ്ങളായ അനൂപ് ഡേവീസ് കാട, സതീഷ് ചന്ദ്രന്‍, അനൂപ് കരിപ്പാല്‍, പ്രതിപക്ഷ നേതാവ് അഡ്വ. എം.കെ. മുകുന്ദന്‍, ജോണ്‍ ഡാനിയേല്‍, ജോസഫ് ചാലിശ്ശേരി, ലാലി ജെയിംസ്, അഡ്വ. സുബി ബാബു, ബി.ജെ.പി അംഗം കെ. മഹേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.