മലബാര്‍ സിമന്‍റ്സ് അഴിമതി: പത്മകുമാര്‍ പൊലീസ് കസ്റ്റഡിയില്‍

തൃശൂര്‍: അഴിമതിക്കേസില്‍ അറസ്റ്റിലായ മലബാര്‍ സിമന്‍റ്സ് മുന്‍ മാനേജിങ് ഡയറക്ടര്‍ കെ. പത്മകുമാറിനെ തൃശൂര്‍ വിജിലന്‍സ് കോടതി ഈമാസം ഒമ്പതുവരെ വിജിലന്‍സ് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ജാമ്യം അനുവദിക്കണമെന്ന അപേക്ഷ കോടതി നിരാകരിച്ചു. ആരോഗ്യസ്ഥിതി മോശമായതിനാല്‍ വിദഗ്ധ ചികിത്സക്ക് ജഡ്ജി നിര്‍ദേശിച്ചു. വിജിലന്‍സ് കോടതിയില്‍ ചൊവ്വാഴ്ചത്തെ ആദ്യ കേസായിരുന്നു പത്മകുമാറിന്‍േറത്. കേസ് ജാമ്യാപേക്ഷയില്‍ പ്രതിഭാഗത്തിന്‍െറ വാദം കേട്ട കോടതി വിജിലന്‍സിന്‍െറ അപേക്ഷയനുസരിച്ച് കേസ് ഉച്ചകഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റി. 2.30ഓടെ കേസ് എടുത്തപ്പോള്‍, വന്‍ ക്രമക്കേട് നടന്നതിന്‍െറ രേഖകള്‍ കണ്ടെടുത്തെന്നും തെളിവെടുപ്പ് നടത്താന്‍ കസ്റ്റഡിയില്‍ വേണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയതും രേഖകള്‍ വിജിലന്‍സ് കണ്ടെടുത്തുവെന്നും രോഗിയാണെന്നും കാണിച്ച് പ്രതിഭാഗം ജാമ്യത്തിന് അപേക്ഷിച്ചു. ഇരുഭാഗത്തിന്‍െറയും വാദം കേട്ട കോടതി സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ശേഷിയുള്ളയാളാണ് പത്മകുമാറെന്ന് ചൂണ്ടിക്കാട്ടി. അഴിമതി നടന്നെങ്കില്‍ തനിക്ക് മാത്രമല്ല ഡയറക്ടര്‍ ബോര്‍ഡിനാകെ ഉത്തരവാദിത്തമുണ്ടെന്ന പ്രതിഭാഗത്തിന്‍െറ വാദം ഗൗരവമുള്ളതാണെന്ന് കോടതി പറഞ്ഞു. കണ്ടെടുത്ത രേഖകളും ഹാജരാക്കിയ റിപ്പോര്‍ട്ടും പ്രഥമദൃഷ്ട്യാ ക്രമക്കേട് വ്യക്തമാക്കുന്നതാണ്. ചോദ്യംചെയ്യാനും തെളിവെടുക്കാനും കസ്റ്റഡിയില്‍ വേണമെന്നത് കേസിന്‍െറ പ്രാഥമികഘട്ടമെന്ന നിലയില്‍ അന്വേഷണ ഏജന്‍സിയുടെ അവകാശമാണ്. അത് അനുവദിക്കാതിരിക്കാനാകില്ളെന്ന് വ്യക്തമാക്കിയ കോടതി ജാമ്യാപേക്ഷ നിരസിച്ചു. കസ്റ്റഡിയില്‍ വിടുകയാണെങ്കിലും പൂര്‍ണ ആരോഗ്യവാനാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ കസ്റ്റഡിയിലെടുക്കാവൂ എന്നും അല്ളെങ്കില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ സൂക്ഷിക്കണമെന്നും കോടതി ഉത്തരവിട്ടു. ഇതിനായി തൃശൂര്‍ ജനറല്‍ ആശുപത്രി സൂപ്രണ്ടിന്‍െറ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. ജനറല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ പ്രമേഹം മൂര്‍ച്ഛിച്ചതായി കണ്ടത്തെി. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സില്‍ കയറ്റിയെങ്കിലും ജഡ്ജിയുടെ മുന്നില്‍ ഹാജരാക്കേണ്ടതിനാല്‍ ജീപ്പിലേക്കുതന്നെ മാറ്റി. ജനറല്‍ ആശുപത്രി സൂപ്രണ്ടിന്‍െറ റിപ്പോര്‍ട്ടും മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്ത നിര്‍ദേശവും പരിഗണിച്ച ജഡ്ജി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ നിര്‍ദേശിച്ചു. സിമന്‍റ് ഇടപാടില്‍ സ്വകാര്യ കമ്പനികള്‍ക്ക് ഇളവ് നല്‍കി കമ്പനിക്ക് 2.7 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന കേസിലാണ് തിങ്കളാഴ്ച വൈകീട്ട് പാലക്കാട് വിജിലന്‍സ് ഡിവൈ.എസ്.പി ഇയാളെ അറസ്റ്റ് ചെയ്തത്. മറ്റ് മൂന്ന് കേസുകള്‍ കൂടി പത്മകുമാറിനെതിരെയുണ്ട്. കേസ് ഒമ്പതിന് വീണ്ടും പരിഗണിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.