തൃശൂര്‍: രാമവര്‍മപുരം പൊലീസ് അക്കാദമി വളപ്പില്‍ ദേശീയ ഗെയിംസിനായി ആറുകോടിയോളം ചെലവിട്ട് നിര്‍മിച്ച രാജ്യാന്തര ഷൂട്ടിങ് റേഞ്ച് പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈകോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കി. റിട്ട. ഡി.ജി.പി അലക്സാണ്ടര്‍ ജേക്കബില്‍നിന്ന് വിദഗ്ധോപദേശം തേടിയാണ് റിപ്പോര്‍ട്ട് തയാറാക്കേണ്ടത്. ഷൂട്ടിങ് റേഞ്ച് എങ്ങനെ ഉപയോഗപ്പെടുത്താമെന്നും എപ്രകാരം സംരക്ഷിക്കാമെന്നും നിര്‍ദേശിക്കണം. റേഞ്ചിന്‍െറ ശോച്യാവസ്ഥയെക്കുറിച്ച് ആഭ്യന്തര സെക്രട്ടറി, ഡയറക്ടര്‍ ജനറല്‍ പ്രോസിക്യൂഷന്‍ എന്നിവരില്‍നിന്ന് മൂന്ന് ആഴ്ചക്കകം വിശദീകരണം തേടാനും സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു. ഷൂട്ടിങ് റേഞ്ച് സംരക്ഷണവുമായി ബന്ധപ്പെട്ട് മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് നേരത്തേ നല്‍കിയ ഉത്തരവ് സര്‍ക്കാര്‍ പാലിക്കാതിരുന്ന സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വീണ്ടും ഉത്തരവിട്ടത്. തൃശൂര്‍ ഷൂട്ടിങ് റേഞ്ച് മികച്ച നിലവാരത്തിലുള്ളതാണെന്ന് കഴിഞ്ഞവര്‍ഷം ദേശീയ ഗെയിംസില്‍ മത്സരിക്കാന്‍ എത്തിയ പ്രമുഖ ഷൂട്ടിങ് താരങ്ങളും പരിശീലകരും വിലയിരുത്തിയിരുന്നു. പരിപാലിച്ചാല്‍ കേരളത്തിന് ഷൂട്ടിങ് രംഗത്ത് വന്‍ മുന്നേറ്റമുണ്ടാക്കാമെന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു. നല്ല രീതിയില്‍ നിലനിര്‍ത്തുമെന്നും ഷൂട്ടിങ് താരങ്ങള്‍ക്കും പൊലീസ് സേനക്കും പരിശീലനത്തിന് വിട്ടുകൊടുക്കുമെന്നും കഴിഞ്ഞ സര്‍ക്കാറിന്‍െറ കായിക, ആഭ്യന്തര മന്ത്രിമാര്‍ പറഞ്ഞിരുന്നു. എന്നാല്‍, ഗെയിംസിനുശേഷം ഇരുവകുപ്പിലെയും ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം പരിപാലനമില്ലാതെ റേഞ്ച് നശിച്ചുതുടങ്ങി. ഇതിനെതിരെ തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്താണ് ഹൈകോടതിയെ സമീപിച്ചത്. എന്നാല്‍, ഷൂട്ടിങ് റേഞ്ച് ഏറ്റെടുത്തിട്ടില്ളെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതോടെ കേന്ദ്ര സര്‍ക്കാറിനെ കേസില്‍ കക്ഷിചേര്‍ക്കാനും മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഹൈകോടതി നിര്‍ദേശിച്ചു. ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് റിട്ട. ഐ.ജിയുടെ ഉപദേശം തേടി റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഹൈകോടതി ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.