കുട്ടാടന്‍ പാടം കൃഷിയോഗ്യമാക്കാന്‍ നടപടിക്കായി മുറവിളി

ചാവക്കാട്: 30 വര്‍ഷമായി തരിശിട്ട കുട്ടാടന്‍ പാടശേഖരം കൃഷിയോഗ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് താലൂക്ക് വികസന സമിതിയില്‍ ആവശ്യം. ഗുരുവായൂര്‍ നഗരസഭയിലും, പുന്നയൂര്‍, പുന്നയൂര്‍ക്കുളം, വടക്കേക്കാട് പഞ്ചായത്തുകളിലുമായി 1,500 ഏക്കര്‍ വിസ്തൃതിയിലുള്ള കുട്ടാടന്‍ പാടം കൃഷിയോഗ്യമാക്കാന്‍ സംസ്ഥാന ഗ്രാമീണ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നബാര്‍ഡിന്‍െറ സഹായമായ 15 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതാണ്. പദ്ധതി ആരംഭിക്കാനുള്ള ടെന്‍ഡര്‍ നടപടിയിലേക്ക് നീങ്ങാനുള്ള തടസ്സം സാങ്കേതിക വിഭാഗത്തിന്‍െറ അനുമതി ലഭിക്കാത്തതാണെന്ന് സമിതിയംഗം പി. മുഹമ്മദ് ബഷീര്‍ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. മത്സ്യത്തൊഴിലാളികളുടെ ജീവനും തൊഴിലിനും ഭീഷണിയായ ചേറ്റുവ പുഴയിലെ മണല്‍തിട്ട അടിയന്തരമായി നീക്കണമെന്ന് എം.കെ. ഷംസുദ്ദീന്‍ ആവശ്യപ്പെട്ടു. ചാവക്കാട് താലൂക്കിലെ ദേശീയ പാത, പൊതുമരാമത്ത്, നഗരസഭ, പഞ്ചായത്ത് റോഡുകള്‍ സഞ്ചാരയോഗ്യമാക്കണമെന്നും ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഉള്‍പ്പെടെ ചാവക്കാട്, ഗുരുവായൂര്‍ നഗരസഭകളിലെ പ്രധാന കേന്ദ്രങ്ങളില്‍ പ്രീ പെയ്ഡ് ഓട്ടോ സംവിധാനം ഏര്‍പ്പെടുത്തണമെന്നും തോമസ് ചിറമ്മല്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. താലൂക്കിലെ പച്ചക്കറി കടകളിലുള്‍പ്പെടെ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന് ലാസര്‍ പേരകവും മണത്തല, എടക്കഴിയൂര്‍, അകലാട് തുടങ്ങിയ ഭാഗങ്ങളില്‍ തകര്‍ന്ന റോഡ് നന്നാക്കാത്തതില്‍ നടപടിയെടുക്കണമെന്ന് കെ. അബൂബക്കറും ആവശ്യപ്പെട്ടു. പുന്നയൂര്‍ പഞ്ചായത്തില്‍ കുടിവെള്ളാവശ്യത്തിന് വാട്ടര്‍ അതോറിറ്റിക്ക് ലക്ഷങ്ങള്‍ നല്‍കിയിട്ട് 11 വര്‍ഷമായിട്ടും നടപടിയില്ലാത്തതില്‍ യോഗം പ്രതിഷേധിച്ചു. പ്രശ്ന പരിഹാരത്തിനായി പഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോഗം ചേരണമെന്ന് ആവശ്യപ്പെട്ടു. യോഗത്തില്‍ പങ്കെടുക്കാത്ത പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പടെയുള്ളവര്‍ക്കെതിരെ പരാതി നല്‍കാന്‍ തീരുമാനിച്ചു. ചാവക്കാട് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ഉമര്‍ മുക്കണ്ടത്ത് അധ്യക്ഷത വഹിച്ചു. ബ്ളാക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഉമര്‍, ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജെ. ചാക്കോ, തഹസില്‍ദാര്‍ എം.ബി. ഗിരീഷ്, കെ.എം. അബ്ദുല്‍ ജമാല്‍, ആര്‍. ആശാ ബാബു, അനില്‍ കുമാര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.