വിദ്യക്കൊപ്പം വിളഞ്ഞത് അവാര്‍ഡുകള്‍

കൊടുങ്ങല്ലൂര്‍: സാങ്കേതിക വിദ്യാലയത്തിന്‍െറ മുറ്റത്തും തൊടിയിലും എന്തിന് മട്ടുപ്പാവുവരെ കൃഷിയിടമാക്കിയ അധ്യാപകനെ തേടി സംസ്ഥാനതല അംഗീകാരം. കൊടുങ്ങല്ലൂര്‍ ഗവ. ടെക്നിക്കല്‍ ഹൈസ്കൂളില്‍ വളര്‍ന്നു വിളഞ്ഞ കൃഷിപാഠങ്ങള്‍ ജനകീയമാക്കിയ ട്രേഡ് ഇന്‍സ്ട്രക്ടര്‍ എസ്. മനോജിനെയാണ് സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ കര്‍ഷക അധ്യാപകനായി സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുത്തത്. സംസ്ഥാനത്തെ 39 ടെക്നിക്കല്‍ ഹൈസ്കൂളുകളില്‍നിന്ന് വ്യത്യസ്തമായി കൃഷി പഠന വിഷയമായ ഏക ടെക്നിക്കല്‍ സ്കൂളാണ് കൊടുങ്ങല്ലൂരിലേത്. വിദ്യാര്‍ഥികളുടെ പങ്കാളിത്തത്തില്‍ ഹരിതസേന രൂപവത്കരിച്ചാണ് വെറുംമണ്ണിലും മട്ടുപ്പാവിലും പുത്തന്‍വിള പരീക്ഷണങ്ങള്‍ നടക്കുന്നത്. ശാസ്ത്രീയവും നൂതനവുമായ പരീക്ഷണങ്ങളിലൂടെ വിവിധ വിളകള്‍ ഉണ്ടാക്കിയതോടെ സ്കൂളിനെ തേടി അംഗീകാരങ്ങളുടെ വരവായി. ബാലകൃഷി ശാസ്ത്ര കോണ്‍ഗ്രസില്‍ തുടര്‍ച്ചയായി നാലുവര്‍ഷം മികച്ച സ്കൂള്‍, മികച്ച കര്‍ഷക അധ്യാപകന്‍, മികച്ച കര്‍ഷക വിദ്യാര്‍ഥി പുരസ്കാരങ്ങള്‍ സ്കൂളിനായിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാനത്തെ മികച്ച സംരംഭപ്പുതുമക്കുള്ള സമ്മാനം നേടി. കൃഷി വിജ്ഞാന്‍ പുരസ്കാരത്തിന് പുറമെ കഴിഞ്ഞ വര്‍ഷം ജില്ലയിലെ മികച്ച സര്‍ക്കാര്‍ കര്‍ഷക സ്കൂളിനുള്ള അവാര്‍ഡും ടെക്നിക്കല്‍ സ്കൂള്‍ സ്വന്തമാക്കി. ഈ വിദ്യാലയത്തിലെ ഉച്ചഭക്ഷണത്തില്‍ ഒരു ഭാഗം ഇവിടെ വിളയുന്നവയാണ്. കൊത്തമര, ഉള്ളി, സവാള, ബീറ്റ്റൂട്ട് തുടങ്ങിയ ഇനങ്ങള്‍ക്ക് തീരദേശത്തെ മണ്ണ് പാകമാണെന്ന് ഹരിതസേന തെളിയിച്ചു. പാലക്കാട് തത്തമംഗലം അമ്പാട്ടുപറമ്പ് ലക്ഷ്മി നിവാസ് കുടുംബാംഗമാണ് എസ്. മനോജ്. രജിതയാണ് ഭാര്യ. മകള്‍: അനഘ. സ്കൂള്‍ സൂപ്രണ്ട് പി.കെ. സജീഷ്, വിദ്യാര്‍ഥികള്‍, സഹപ്രവര്‍ത്തകര്‍, കൃഷി ഉദ്യോഗസ്ഥര്‍, പി.ടി.എ, ജനപ്രതിനിധികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് സ്കൂളിനും തനിക്കും അംഗീകാരങ്ങള്‍ നേടാനായതെന്ന് മനോജ് പ്രതികരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.