തെരുവുനായ് ഉന്മൂലനം: പ്രഖ്യാപനം പ്രഹസനമായി

തൃശൂര്‍: തെരുവുനായ്ക്കളുടെ കാര്യത്തില്‍ സുപ്രീംകോടതി വരെ കയറുമെന്ന് പ്രഖ്യാപിച്ച തൃശൂര്‍ കോര്‍പറേഷന്‍ അനങ്ങാപ്പാറനയം തുടരുന്നു. ജനജീവിതത്തിന് ഭീഷണിയായ തെരുവുനായ്ക്കളുടെ വിഷയത്തില്‍ ‘പാടത്തു പണി വരമ്പത്തു കൂലിയെന്ന’ സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍െറ വാക്കുകളാണ് സ്വീകരിക്കേണ്ടതെന്ന് ഡെപ്യൂട്ടിമേയര്‍ വര്‍ഗീസ് കണ്ടംകുളത്തിയുടെ വാക്കും പാഴായി. കടിക്കാന്‍ വരുന്ന നായ്ക്കളെ കൊല്ലുക തന്നെയാണ് വേണ്ടതെന്നും ഇതിനായി നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് സുപ്രീംകോടതിയില്‍ ഹരജി നല്‍കുന്നത് അടക്കമുള്ള നടപടികള്‍ പരിശോധിക്കുമെന്നും പ്രതിപക്ഷ കൗണ്‍സിലര്‍ എം.കെ. മുകുന്ദന് ഡെപ്യൂട്ടി മേയര്‍ നല്‍കിയ ഉറപ്പിനും ഒരു മാസം പ്രായമായി. ഒന്നും നടന്നില്ല. മാലിന്യ നിര്‍മാര്‍ജനവും സംസ്കരണവും കൃത്യമായി നടക്കാത്തതിനാല്‍ നഗരങ്ങളിലും പ്രാന്തപ്രദേശങ്ങളിലും നായ്ക്കള്‍ പെരുകുകയാണ്. കോര്‍പറേഷന്‍ ഓഫിസ് പരിസരത്തടക്കം നായ്ക്കളുടെ വിളയാട്ടമുണ്ട്. തൃശൂരില്‍ പടിഞ്ഞാറെ കോട്ടയിലും കിഴക്കേകോട്ടയിലും കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും പൂത്തോള്‍ റോഡിലും വടക്കുന്നാഥമൈതാനിയിലും ശക്തന്‍ സ്റ്റാന്‍ഡിലുമെല്ലാം രാപകലില്ലാതെ തെരുവുനായ്ക്കള്‍ അരങ്ങു വാഴുകയാണ്. പട്ടാളം മാര്‍ക്കറ്റിലും വടക്കേ സ്റ്റാന്‍ഡിലും ജങ്ഷനുകളിലും റോഡുകളിലും നായ്ക്കള്‍ അലയുകയാണ്. രാത്രിയില്‍ ശക്തനിലേക്കും വടക്കേ സ്റ്റാന്‍ഡിലേക്കും ഇവയെ പേടിച്ച് പോകാനാവില്ല. ദീര്‍ഘദൂര സര്‍വിസുകള്‍ ഏറെയുള്ള കെ.എസ്.ആര്‍.ടി.സിയില്‍ രാത്രി ബസ് കാത്തുനില്‍ക്കുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പൊതുനിരത്തുകള്‍ അടക്കം നായ്ക്കള്‍ കീഴടക്കിയിരിക്കുകയാണ്. ഇരുചക്ര വാഹനയാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കുമാണ് തെരുവുനായ്ക്കള്‍ കൂടുതല്‍ ഭീഷണി. രാത്രി വെളിച്ചമില്ലാത്ത ഇടങ്ങളിലും നായ്ക്കള്‍ പതിയിരിക്കാറുണ്ട്. അതിനാല്‍ രാത്രി ജോലി കഴിഞ്ഞു മടങ്ങുന്നവര്‍ക്ക് ഭീതിയേറെയാണ്. പാതയോരങ്ങളില്‍ ഉപേക്ഷിക്കുന്ന മാലിന്യങ്ങള്‍ തേടിയാണ് ഇവ തെരുവില്‍ അലയുന്നത്. ഈ സമയത്ത് പാതയിലൂടെ കടന്നുപോകുന്നവരെ ആക്രമിക്കുകയാണ് പതിവ്. കൊട്ടിഘോഷിച്ച് പറവട്ടാനിയില്‍ ഉദ്ഘാടനം ചെയ്ത തെരുവുനായ് വന്ധ്യംകരണകേന്ദ്രത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ ഏങ്ങുമത്തെിയില്ല. അരക്കോടി മുടക്കിയാണ് കേന്ദ്രം ഒരുക്കിയത്. ഇത്തരമൊരു പദ്ധതിക്ക് തൃശൂര്‍ കോര്‍പറേഷന്‍ രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് തുടക്കമിട്ടിരുന്നു. നായ്ക്കളെ വന്ധ്യംകരിച്ചശേഷം പിടികൂടിയ സ്ഥലത്ത് തിരിച്ചുകൊണ്ടുവിടുകയാണ് ചെയ്തിരുന്നത്. എന്‍ഡ് പ്രോഗ്രാമെന്ന് പേരിട്ട പരിപാടിക്ക് പിന്നീട് തെരുവുനായ്ക്കളെ എത്തിച്ചുകൊടുക്കണമെന്ന ആവശ്യമാണ് പദ്ധതി ഏറ്റെടുത്ത് നടത്താനത്തെിയ സംഘം മുന്നോട്ടുവെച്ചത്. എന്നാല്‍ നായ്ക്കളെ പിടിച്ചുകൊടുക്കാന്‍ ആളെ കിട്ടാത്ത സഹചര്യമാണുള്ളത്. കോര്‍പറേഷന്‍ അധികാരികളുമായി ഒരുസംഘം ഇക്കാര്യം ചര്‍ച്ച ചെയ്തെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. തെരുവുനായ്ക്കളുടെ ആക്രമണം കുറഞ്ഞതോടെ ഇക്കാര്യത്തിലെ ശുഷ്കാന്തിയും കുറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.