മഴ കനിഞ്ഞില്ല; മനമിടിഞ്ഞ് കര്‍ഷകര്‍

തൃശൂര്‍: മഴക്കുറവില്‍ രണ്ടാം സ്ഥാനത്തുനില്‍ക്കുന്ന ജില്ലയുടെ കാര്‍ഷിക മേഖല പ്രതിസന്ധിയിലേക്ക്. വേനലില്‍ നനക്കേണ്ട വാഴയുള്‍പ്പെടെ പച്ചക്കറി കൃഷിയെ സാരമായി ബാധിക്കുന്നതാണ് മഴക്കുറവ്. ഡാമിലെ ജലനിരപ്പ് താഴുന്നതോടെ കോള്‍മേഖലയിലെ ഉല്‍പാദനം ഗണ്യമായി ഇടിയും. തുലാമഴയിലാണ് ഇനി പ്രതീക്ഷ. കാലാവസ്ഥാ നിരീക്ഷകരുടെ കണക്ക് തെറ്റിച്ചതാണ് ഇക്കൊല്ലത്തെ കാലവര്‍ഷം. പോയവര്‍ഷത്തേക്കാള്‍ മഴ കൂടുതല്‍ ലഭിക്കുമെന്ന് വിലയിരുത്തിയപ്പോഴാണ് 44 ശതമാനം കുറഞ്ഞത്. കഴിഞ്ഞവര്‍ഷം 24 ശതമാനമായിരുന്നു കുറവ്. മഴക്കുറവ് ബാധിക്കുന്ന മറ്റൊരു വിഭാഗം കോള്‍മേഖലയെയാണ്. ചണ്ടി നീക്കി മുണ്ടകന് വിത്തിറക്കാനൊരുങ്ങുകയാണ് കര്‍ഷകര്‍. വിത്തിറക്കിയ സ്ഥലത്ത് വെള്ളമില്ലാതെ പാടം വിണ്ട് കീറുന്നത് കണ്ട് കര്‍ഷകരുടെ ചങ്കിടിക്കുകയാണ്. ചിമ്മിനി, പീച്ചി ഡാമുകളില്‍നിന്നാണ് കോള്‍മേഖലയിലേക്കും അനുബന്ധ കാര്‍ഷികമേഖലയിലേക്കും വെള്ളം എത്തിക്കുന്നത്. ഇരുഡാമുകളിലും ജലനിരപ്പ് താഴ്ന്നു. ജനുവരി മുതല്‍ ആഴ്ച്ച ഇടവിട്ട് കനാലുകള്‍ വഴി വെള്ളം ഒഴുക്കേണ്ടി വരും. ഡാമുകളിലെ ജലനിരപ്പിനനുസരിച്ചാണ് പ്രദേശത്തെ കിണറുകളുടെയും ജലലഭ്യത. മഴക്കുഴി നിര്‍മാണം വര്‍ഷങ്ങളായി നടക്കാത്തതിനാല്‍ ഭൂഗര്‍ഭ ജലത്തിന്‍െറ അളവിലും ഗണ്യമായ കുറവുണ്ട്. ന്യായവില ലഭിച്ചതിനാല്‍ വാഴകര്‍ഷകര്‍ ആഹ്ളാദത്തിലായിരുന്നു. അതിനാല്‍ പാട്ടത്തിനെടുത്തും കൂടുതല്‍ സ്ഥലത്തും കൃഷിയിറക്കിയിട്ടുണ്ട്. കരനെല്‍ കൃഷി ജില്ലയില്‍ വ്യാപകമാണ്. ജൈവ പച്ചക്കറിക്കായി വിവിധ ഗ്രൂപ്പുകളും സജീവമായി രംഗത്തുണ്ട്. അതേസമയം, കഴിഞ്ഞവര്‍ഷം മഴക്കുറവിന് കാരണമായ എല്‍നിനോ പ്രതിഭാസം ഇക്കൊല്ലമുണ്ടാകില്ളെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍. ചൂടിന്‍െറ ആധിക്യം കുറയുമെന്നും വിലയിരുത്തുന്നു. അതേസമയം, താരതമ്യേന മഴക്കുറവ് ബാധിക്കാത്ത തൃശൂരില്‍ കാലവര്‍ഷത്തില്‍ 20 ശതമാനം കുറവുണ്ടാകുന്നത് ആശങ്കക്കിടയാക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.