അക്ഷരപുണ്യം നേടി കുരുന്നുകള്‍; തിരക്കിലമര്‍ന്ന് ക്ഷേത്രങ്ങള്‍

തൃശൂര്‍: ക്ഷേത്രങ്ങളില്‍ എഴുത്തിനിരുത്തലിന് വന്‍ തിരക്ക്. വിദ്യാരംഭത്തിന് പ്രസിദ്ധമായ ചേര്‍പ്പ് തിരുവുള്ളക്കാവ് ശ്രീധര്‍മശാസ്ത, ഗുരുവായൂര്‍, പാറമേക്കാവ്, തിരുവമ്പാടി, വടക്കുന്നാഥന്‍ ക്ഷേത്രങ്ങളിലും വിജയദശമി നാളില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു. പലയിടത്തും വിദ്യാരംഭ ചടങ്ങുകള്‍ ഉച്ചവരെ നീണ്ടു. തിരുവുള്ളക്കാവില്‍ വൈകീട്ടും എഴുത്തിനിരുത്തല്‍ നടന്നു. നവരാത്രി ആഘോഷങ്ങള്‍ക്കൊപ്പം വിദ്യാരംഭത്തിനും പ്രസിദ്ധമായ തിരുവുള്ളക്കാവില്‍ മുന്‍വര്‍ഷങ്ങളേക്കാള്‍ തിരക്കായിരുന്നു. അച്ഛനമ്മമാര്‍ക്കൊപ്പം ഏറെ നേരം കാത്തിരുന്നാണ് കുഞ്ഞുങ്ങള്‍ ആദ്യക്ഷരം കുറിച്ചത്. കീഴ്വഴക്കമനുസരിച്ച് തിരുവുള്ളക്കാവ് വാര്യത്തെ 50ല്‍പരം ആചാര്യന്മാരാണ് ആദ്യക്ഷരം എഴുതിച്ചത്. സ്വര്‍ണമോതിരംകൊണ്ട് നാവില്‍ ‘ഹരിശ്രീ’ എഴുതിച്ചശേഷം ഓട്ടുരുളിയിലെ അരിയില്‍ വിരലുകൊണ്ടും എഴുതിച്ചു. മീനത്തിലെ അത്തം നാളിലും മഹാനവമി നാളിലും ഒഴികെ എല്ലാ ദിവസവും തിരുവുള്ളക്കാവില്‍ എഴുത്തിനിരുത്തലുണ്ട്. വിദ്യാരംഭത്തിനത്തെുന്ന കുട്ടികള്‍ക്കും ഭക്തര്‍ക്കുമായി വിപുല സജ്ജീകരണങ്ങളാണ് ക്ഷേത്രം ദേവസ്വം ഒരുക്കിയത്. ഗുരുവായൂരപ്പസന്നിധിയില്‍ നൂറുകണക്കിന് കുരുന്നുകള്‍ ആദ്യക്ഷര മാധുര്യം നുകര്‍ന്നു. ശീവേലിക്കും സരസ്വതീപൂജക്കും ശേഷമായിരുന്നു ചടങ്ങുകള്‍. കൂത്തമ്പലത്തില്‍നിന്ന് വിദ്യാരംഭ മണ്ഡപത്തിലേക്ക് കുത്തുവിളക്കിന്‍െറയും വാദ്യഘോഷങ്ങളുടെയും അകമ്പടിയില്‍ ഗുരുവായൂരപ്പന്‍െറയും സരസ്വതി ദേവിയുടെയും വിഘ്നേശ്വരന്‍െറയും ഛായാചിത്രങ്ങള്‍ എഴുന്നള്ളിച്ചു. തുടര്‍ന്ന് ഊട്ടുപുരയിലെ സരസ്വതി മണ്ഡപത്തിലെ നിലവിളക്കിലേക്ക് അഗ്നി പകര്‍ന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. ക്ഷേത്രത്തിലെ 13 കീഴ്ശാന്തി ഇല്ലങ്ങളില്‍നിന്നുള്ള കാരണവന്മാരാണ് ആചാര്യന്മാരായത്. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളില്‍ വിജയദശമി ദിനത്തില്‍ നൂറുകണക്കിന് കുരുന്നുകള്‍ ആദ്യക്ഷരം കുറിച്ചു. തിരുവമ്പാടി ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ക്കും ചടങ്ങുകള്‍ക്കും ശേഷം പൂജയെടുപ്പ് നടന്നു. വിദ്യാരംഭത്തില്‍ ആചാര്യ-പണ്ഡിത ശ്രേഷ്ഠന്മാര്‍ കുരുന്നുകളെ എഴുത്തിനിരുത്തി. പാറമേക്കാവ് ക്ഷേത്രത്തില്‍ വിദ്യാരംഭത്തോടനുബന്ധിച്ച് സാരസ്വത അഷ്ടോത്തരനാമ സമൂഹാര്‍ച്ചന നടന്നു. എഴുത്തിനിരുത്തല്‍ ചടങ്ങിന് ഡോ. സി. ശാന്ത, ഡോ. കെ. നീലകണ്ഠന്‍, പ്രഫ. എം. മോഹന്‍ദാസ്, വടക്കുമ്പാട്ട് കേശവന്‍ നമ്പൂതിരി, പ്രഫ. വി. ഗോപാലന്‍, ഡോ. ജി. മുകുന്ദന്‍, കല്യാണി ബാലകൃഷ്ണന്‍, ഡോ. കെ.പി. സുധ, ഗീത മോഹന്‍ദാസ് എന്നിവര്‍ നേതൃത്വം നല്‍കി. പാറമേക്കാവ് കലാക്ഷേത്രത്തിലെ അധ്യാപിക നിര്‍മല വാമനന്‍ നമ്പൂതിരിയും ശിഷ്യരും ചേര്‍ന്ന് അവതരിപ്പിച്ച സംഗീത സദസ്സും ഉണ്ടായി. വൈകീട്ട് ദീപാരാധനക്കുശേഷം പാറമേക്കാവ് കലാക്ഷേത്രം വിദ്യാര്‍ഥികളുടെ കുറുംകുഴല്‍ അരങ്ങേറ്റവും നടന്നു. വടക്കുന്നാഥ ക്ഷേത്രത്തില്‍ അയ്യപ്പ ക്ഷേത്രത്തിനോട് ചേര്‍ന്ന ആല്‍ത്തറയിലായിരുന്നു എഴുത്തിനിരുത്തല്‍. പുന്നയൂര്‍ക്കുളം നാലപ്പാട്ട് സര്‍പ്പകാവില്‍ പത്മനാഭന്‍ കാട്ടാമ്പില്‍ കുട്ടികളെ എഴുത്തിനിരുത്തി. സര്‍പ്പപൂജ ,സരസ്വതി പൂജ എന്നിവ ഉണ്ടായി. വിജീഷ് ശാന്തി മുഖ്യകാര്‍മികത്വം വഹിച്ചു. നിരവധി കുട്ടികള്‍ ആദ്യക്ഷരം കുറിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.