തൃശൂര്‍: ലക്ഷങ്ങള്‍ ശമ്പളമുള്ള ബംഗളൂരു ഇന്‍ഫോസിസിലെ ജോലി ഉപേക്ഷിച്ച് ജൈനി കുര്യാക്കോസ് ഇറങ്ങിനടന്നത് കാട്ടിലേക്കാണ്. കൂട്ടിനൊരു കാനന്‍ കാമറയും. ട്രക്കിങ്ങും സാഹസികതയും നിറഞ്ഞ യാത്രകളിലൂടെ ജൈനി രാജ്യത്തെ അറിയപ്പെടുന്ന പക്ഷിനിരീക്ഷകയും ഫോട്ടോഗ്രാഫറുമായി. പക്ഷിനിരീക്ഷക സംഘത്തോടൊപ്പം വനാന്തരങ്ങളില്‍ ഇവരുടെ കാല്‍പാടുകളുണ്ട്. ജൈനിയുടെ ജീവതത്തിലെ ഏറ്റവും സുന്ദരനിമിഷമായിരുന്നു കഴിഞ്ഞ മേയ് രണ്ട്. ലോകത്തുതന്നെ അപൂര്‍വം കാണുന്ന ‘വെസ്റ്റേണ്‍ ട്രാഗോപാന്‍’ പക്ഷിയെ സ്വന്തം കാമറയില്‍ പകര്‍ത്താനായതിന്‍െറ സന്തോഷം അവരുടെ മുഖത്തുകാണാം. 2015 എപ്രിലിലാണ് ആദ്യം പക്ഷിയെ പകര്‍ത്താന്‍ ശ്രമം നടത്തിയത്. അന്ന് കാട്ടില്‍ പോയി വെറുംകൈയോടെ മടങ്ങേണ്ടിവന്നു. രണ്ടാമത്തെ യാത്രയില്‍ സ്വപ്നം യാഥാര്‍ഥ്യമായി. മാത്രമല്ല ചിത്രം ഫോട്ടോ ബേര്‍ഡ്സ് ഏഷ്യ മാഗസിന്‍െറ മുഖചിത്രമായി വരുകയും ചെയ്തു. 2007 മുതലാണ് പക്ഷിനിരീക്ഷണത്തില്‍ ജൈനിക്ക് പ്രിയം തോന്നുന്നത്. 2013ഓടെ ജോലി രാജിവെച്ച് മുഴുസമയ പക്ഷിനിരീക്ഷണവും ഫോട്ടോപിടിത്തവുമായി. ജീവിതപങ്കാളി ധനേഷ് പത്മനാഭന്‍െറ പ്രോത്സാഹനംകൂടി കിട്ടിയതോടെ ജൈനി താരമായി. 1100ല്‍ അധികം വന്യജീവികളുടെ ഫോട്ടോശേഖരം സ്വന്തമായുണ്ട്. എങ്കിലും ആദ്യമായി ജൈനി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഞായറാഴ്ച ആര്‍ട്ട്ഗാലറിയില്‍ തുടക്കമിട്ട വന്യജീവി ഫോട്ടോ പ്രദര്‍ശനത്തില്‍ ‘വെസ്റ്റേണ്‍ ട്രാഗോപാന്‍’ അടക്കം മൂന്ന് ഫോട്ടോകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വന്യജീവി ഫോട്ടോഗ്രാഫിയിലെ അപൂര്‍വ സ്ത്രീ സാന്നിധ്യമായ കീഴില്ലം പരത്തുവയലില്‍ ജൈനി കുര്യാക്കോസിന്‍െറ ഫോട്ടോകള്‍ക്ക് കൃഷിമന്ത്രി സുനില്‍കുമാര്‍ അടക്കം നിരവധി ആരാധകരുമുണ്ട്. ധനേഷിനൊപ്പം ബംഗളൂരുവില്‍ താമസിക്കുമ്പോഴും ജൈനിയുടെ മനസ്സ് കാട്ടില്‍ അലയുകയാണ്. ഒരുള്‍വിളികേട്ട് അവര്‍ ഇറങ്ങിപ്പുറപ്പെടും. പ്രിയപ്പെട്ട കാമറയുമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.