തളിക്കുളം പഞ്ചായത്ത് യോഗത്തില്‍ ബഹളം; ഇറങ്ങിപ്പോക്ക്

വാടാനപ്പള്ളി: ജനകീയ കൃഷി ഓഫിസറെ സ്ഥലം മാറ്റിയതിനെച്ചൊല്ലിയുള്ള ബഹളത്തെ തുടര്‍ന്ന് തളിക്കുളം പഞ്ചായത്ത് യോഗത്തില്‍നിന്ന് യു.ഡി.എഫ്, ബി.ജെ.പി, ആര്‍.എം.പി അംഗങ്ങള്‍ ഇറങ്ങിപ്പോയി. വെള്ളിയാഴ്ച വൈകീട്ട് നടന്ന യോഗമാണ് കൈയാങ്കളിയിലും ബഹളത്തിലും കലാശിച്ചത്. ബി.ജെ.പി അംഗം പ്രമീള സുദര്‍ശനനാണ് കൃഷി ഓഫിസര്‍ വി.എസ്. പ്രതീഷിനെ സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ട് വിഷയം അവതരിപ്പിച്ചത്. വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തര യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി അംഗങ്ങള്‍ നോട്ടീസ് നല്‍കിയെങ്കിലും യോഗം വിളിക്കാതിരുന്നതും അജണ്ടയില്‍ ഉള്‍പ്പെടുത്താത്തതും പ്രമീള ചോദ്യം ചെയ്തു. നാളികേര ഫെഡറേഷനിലെ അഴിമതി ചോദ്യം ചെയ്തതിനാണ് കൃഷി ഓഫിസറെ സ്ഥലം മാറ്റിയതെന്നായിരുന്നു അവര്‍ ഉയര്‍ത്തിയ വിമര്‍ശം. എന്നാല്‍, സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കുക മാത്രമായിരുന്നെന്ന് പ്രസിഡന്‍റ് കെ. രജനി പറഞ്ഞു. ഇതേച്ചൊല്ലിയുള്ള വാക്കുതര്‍ക്കത്തിനിടെ പ്രമീള സുദര്‍ശന്‍, സിന്ധു ഷജില്‍ എന്നീ രണ്ട് ബി.ജെ.പി അംഗങ്ങള്‍ ഇറങ്ങിപ്പോയി. കൃഷി ഓഫിസറെ സ്ഥലം മാറ്റിയത് യു.ഡി.എഫ് അംഗങ്ങളും ചോദ്യം ചെയ്തു. ഭരണകക്ഷി അംഗങ്ങള്‍ പ്രതിരോധിച്ചതോടെ വാക്കുതര്‍ക്കത്തിലും തുടര്‍ന്ന് കൈയാങ്കളിയുടെയും വക്കിലും എത്തി. പിന്നാലെ യു.ഡി.എഫിലെ പി.ഐ. ഷൗക്കത്തലി, കെ.എ. ഹാറൂണ്‍ റഷീദ്, പി.എസ്. സുല്‍ഫിക്കര്‍, സുമന ജോഷി, എ.ടി. നേന എന്നിവരും ഇറങ്ങിപ്പോയി. ആര്‍.എം.പി അംഗം പി.ആര്‍. രമേഷും പിന്നീട് ഇറങ്ങിപ്പോയി. അതേസമയം, കൃഷി ഓഫിസറുടെ പേരില്‍ നടക്കുന്ന പരാമര്‍ശങ്ങള്‍ കൃഷി ഓഫിസറെ അവഹേളിക്കലാണെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. രജനി അഭിപ്രായപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.