തൃശൂര്‍: കോര്‍പറേഷന്‍ വൈദ്യുതി വിഭാഗത്തില്‍നിന്ന് കണക്ഷന്‍ ലഭിക്കാന്‍ സമയപരിധി നിശ്ചയിച്ചു. കെട്ടിട നിര്‍മാതാക്കളുടെ സംഘടനായ ‘ക്രെഡായ്’ തൃശൂര്‍ ചാപ്റ്റര്‍ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമീഷന് നല്‍കിയ പരാതിയിന്മേലാണ് നടപടി. കമീഷന്‍െറ ഉത്തരവ് നടപ്പാക്കാന്‍ മേയര്‍ അജിത ജയരാജന്‍ വൈദ്യുതി വിഭാഗത്തിന് നിര്‍ദേശം നല്‍കി. ഇതോടെ കണക്ഷന്‍ ലഭിക്കാനുണ്ടായിരുന്ന കാലതാമസവും നിയമവിരുദ്ധ നടപടികള്‍ക്കും അനാവശ്യ പിഴയീടാക്കലിനും അന്ത്യമാകുമെന്നാണ് പ്രതീക്ഷ. സാധാരണ സര്‍വിസ് കണക്ഷന്‍ വയര്‍ വലിച്ചുനല്‍കാന്‍ ഒരു മാസവും ലൈന്‍ വലിച്ചുനല്‍കാന്‍ അപേക്ഷ സ്വീകരിച്ച് പണമടച്ച ശേഷം 45 ദിവസവും ലൈന്‍ വലിച്ച് ട്രാന്‍സ്ഫോര്‍മര്‍ ഉള്‍പ്പെടെ സ്ഥാപിക്കാന്‍ ആറുമാസവുമാണ് സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. അപേക്ഷിച്ച ദിവസംതന്നെ സര്‍വിസ് കണക്ഷന്‍ നല്‍കിയ ചരിത്രം കോര്‍പറേഷനുണ്ട്. എന്നാല്‍, പിന്നീട് കാര്യങ്ങള്‍ തകിടം മറിഞ്ഞു. ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ച് കണക്ഷന്‍ നല്‍കുന്നത് സാങ്കേതിക വിദഗ്ധര്‍ മാത്രം തീരുമാനിക്കേണ്ട കാര്യമാണ്. എന്നാല്‍, കോര്‍പറേഷന്‍െറ പൊതുമരാമത്ത് കമ്മിറ്റി ഇത് ഏറ്റെടുത്തതോടെ കാര്യങ്ങള്‍ കുഴഞ്ഞു. ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ച് കണക്ഷന്‍ നല്‍കുന്നത് വര്‍ഷങ്ങള്‍ നീണ്ട പ്രക്രിയയായി. 2006ല്‍ എല്‍.ഡി.എഫ് ഭരണസമിതിയുടെ കാലത്താണ് പൊതുമരാമത്ത് കമ്മിറ്റി ഇത് ഏറ്റെടുത്തതെങ്കിലും യു.ഡി.എഫ് ഭരണകാലത്ത് അവസാനിപ്പിച്ചില്ളെന്നു മാത്രമല്ല, ചിലര്‍ അതിനെ ‘കറവപ്പശു’വാക്കി. കണക്ഷന്‍ നല്‍കുന്നത് ‘വലിയ ഇടപാടായി’ മാറിയെന്ന ആക്ഷേപവും ഉയര്‍ന്നു. ബോര്‍ഡിലെ മാനദണ്ഡം പാലിക്കണമെന്ന് ആവശ്യപ്പെട്ട് ക്രെഡായ് കോര്‍പറേഷന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഒന്നര വര്‍ഷം മുമ്പ് റെഗുലേറ്ററി കമീഷനെ സമീപിച്ചത്. ഇലക്ട്രിസിറ്റി ആക്ടിന് വിധേയമായി സമയ വ്യവസ്ഥകള്‍ പാലിക്കണമെന്നും അല്ളെങ്കില്‍ നടപടിയെടുക്കുമെന്നുമുള്ള മുന്നറിയിപ്പോടെയാണ് റെഗുലേറ്ററി കമീഷന്‍െറ ഉത്തരവ്. കണക്ഷനുവേണ്ടി അപേക്ഷ ലഭിച്ചാല്‍ നിശ്ചിത ദിവസത്തിനകം കണക്ഷന്‍ നല്‍കണമെന്നാണ് ഇലക്ട്രിസിറ്റി ബോര്‍ഡിലെ വ്യവസ്ഥ. എന്നാല്‍, കോര്‍പറേഷന്‍ കൗണ്‍സില്‍ ഇത് അപേക്ഷ നല്‍കി പണമടച്ചശേഷം എന്നാക്കി. അപേക്ഷ വാങ്ങിയശേഷം പണമടപ്പിക്കുന്നത് വൈകിപ്പിക്കുന്നതായിരുന്നു തന്ത്രം. കൗണ്‍സിലിന്‍െറ തീരുമാനം റെഗുലേറ്ററി കമീഷന്‍െറ ഉത്തരവിനും ബോര്‍ഡില്‍ ലഭിക്കുന്ന സേവനങ്ങള്‍ക്കും വിരുദ്ധമാണെന്ന് കാണിച്ചാണ് ക്രെഡായ് പരാതി നല്‍കിയത്. സര്‍വിസ് കണക്ഷന്‍ നല്‍കാന്‍ അധിക ഫീസാണ് കോര്‍പറേഷനില്‍ ഈടാക്കിയിരുന്നത്. വൈദ്യുതി പോസ്റ്റുകള്‍ക്കാകട്ടെ ബോര്‍ഡിലേതിനേക്കാള്‍ ഇരട്ടി നിരക്കായിരുന്നു വാങ്ങിയിരുന്നതെന്നും പരാതിയില്‍ ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.