വിദ്യാര്‍ഥിയെ പുറത്താക്കിയത് പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കണം –ഹൈകോടതി

കൊടുങ്ങല്ലൂര്‍: പി. വെമ്പല്ലൂര്‍ എം.ഇ.എസ് അസ്മാബി കോളജ് വിദ്യാര്‍ഥി കയ്പമംഗലം കോലോത്തുംപറമ്പില്‍ ആബിദ് ഹുസൈനെ പുറത്താക്കിയത് പരിശോധിക്കാന്‍ അധ്യാപകരുടെയും രക്ഷാകര്‍ത്താക്കളുടെയും പ്രതിനിധികള്‍ അടങ്ങുന്ന സമിതിയെ നിയോഗിക്കാന്‍ ഹൈകോടതി ഉത്തരവിട്ടു. കോളജില്‍ ബി.എ മാസ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥിയായ ആബിദ് ഹുസൈനെ മോശം പെരുമാറ്റം, കാമ്പസില്‍ മൊബൈല്‍ ഉപയോഗിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് സസ്പെന്‍ഡ് ചെയ്തത്. ഇതിനെതിരെ എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ ഇടപെടലുകള്‍ ഫലമില്ലാതായതോടെ വിദ്യാര്‍ഥി ഹൈകോടതിയെ സമീപിക്കുകയായിരുന്നു. കോളജില്‍നിന്ന് പുറത്താക്കിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രിന്‍സിപ്പലിനെ എതിര്‍കക്ഷിയാക്കിയാണ് ഹരജി നല്‍കിയത്. കോളജിന്‍െറ അച്ചടക്കത്തിനും മികവിനും മറ്റും ആവശ്യമായ നടപടി സ്വീകരിക്കാന്‍ പ്രിന്‍സിപ്പലിന് അധികാരമുണ്ടെന്ന് പറഞ്ഞ കോടതി ഇത് പാലിക്കാന്‍ വിദ്യാര്‍ഥികള്‍ക്കും ബാധ്യതയുണ്ടെന്ന് നിരീക്ഷിച്ചു. എന്നാല്‍, പുറത്താക്കല്‍ നോട്ടീസില്‍ അതുസംബന്ധമായ ആവശ്യമായ വിവരങ്ങളും വിശദീകരണങ്ങളും ഇല്ളെന്നും വിദ്യാര്‍ഥിയുടെ ഭാഗം കേട്ടില്ളെന്നും ഉത്തരവില്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ സ്റ്റാഫും പി.ടി.എ അംഗങ്ങളും ഉള്‍പ്പെടുന്ന സമിതിയെ നിയോഗിക്കണം. പരാതിക്കാരന്‍െറ ഭാഗം പറയാനും അവസരം ഉണ്ടാകണം. ഇതുസംബന്ധിച്ച് അന്വേഷണം പൂര്‍ത്തിയാക്കുന്നതുവരെ സസ്പെന്‍ഷന്‍ നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. കോടതി ഉത്തരവ് മാനിച്ച് വിദ്യാര്‍ഥിയുടെ സുഖമമായ പഠനം ഉറപ്പാക്കാന്‍ കോളജ് അധികൃതരും പി.ടി.എയും തയാറാകണമെന്ന് വിദ്യാര്‍ഥിയായ ആബിദ് ഹുസൈനും പിതാവ് സുലൈമാനും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.