നാടാകെ നോട്ടോട്ടം

തൃശൂര്‍: ബാങ്കുകളുടെ ‘ട്രാന്‍സാക്ഷന്‍ ഹോളിഡേ’യില്‍ ജില്ലയില്‍ ജനജീവിതം സ്തംഭിച്ചു. 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കുകയും എ.ടി.എമ്മുകള്‍ അടച്ചിടുകയും ബാങ്കുകളില്‍ പണമിടപാട് നടക്കാതിരിക്കുകയും ചെയ്തതോടെ സമസ്ത മേഖലയും നിശ്ചലമായി. അസാധുവാക്കിയ നോട്ടുകള്‍ സ്വീകരിക്കുന്ന ആശുപത്രികളിലും പെട്രോള്‍ പമ്പുകളിലും ബാക്കി കൊടുക്കാന്‍ പണമില്ലാത്ത അവസ്ഥ വന്നു. ബുധനാഴ്ച രാവിലെതന്നെ 100ന്‍െറ നോട്ടുകള്‍ കഴിഞ്ഞതോടെ ആശുപത്രി പ്രവര്‍ത്തനത്തെ ബാധിച്ചു. ബാക്കി കൊടുക്കാന്‍ ഇല്ലാത്തതിനാല്‍ 500, 1000 നോട്ടുമായി എത്തിയവര്‍ക്ക് ഇന്ധനം ലഭിക്കാത്ത സാഹചര്യമുണ്ടായി. ഭക്ഷണം, മരുന്ന്, മറ്റ് അടിസ്ഥാന വസ്തുക്കള്‍ വാങ്ങാനാകാതെ ജനം വലഞ്ഞു. മെഡിക്കല്‍ കോളജ്, ജനറല്‍ ആശുപത്രി, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നോട്ടുകള്‍ കിട്ടാതെ നെട്ടോട്ടമായി. യാത്രയെയും കാര്യമായി ബാധിച്ചു. റെയില്‍വേ സ്റ്റേഷനുകളിലും കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളിലും ബാക്കി കൊടുക്കാന്‍ പണമില്ലാത്തതിനാല്‍ കാര്യങ്ങള്‍ അവതാളത്തിലായി. രാവിലെ തുറന്നെങ്കിലും വാണിജ്യ -വ്യാപാര മേഖലകള്‍ നിശ്ചലമായിരുന്നു. ഉച്ചയോടെ ഇവ അടക്കേണ്ടി വന്നു. അടിസ്ഥാന വസ്തു-വ്യാപാരികള്‍ മുതല്‍ സ്വര്‍ണവ്യാപാരം അടക്കം മേഖലകളില്‍ കാര്യമായ ചലനമുണ്ടായില്ല. അമ്പതും നൂറും ‘പൂഴ്ത്തി’; ഇടപാടുകള്‍ സ്തംഭിച്ചു തൃശൂര്‍: ആയിരവും അഞ്ഞൂറും അസാധുവായപ്പോള്‍ അമ്പതിനും നൂറിനും പൊന്നുവില. നൂറും അമ്പതും കൈയില്‍ വന്നവരൊക്കെ ‘പൂഴ്ത്തി’. അനിശ്ചിതത്വം എത്രനാള്‍ തുടരുമെന്നത് അവ്യക്തമായതിനാല്‍ അത്യാവശ്യങ്ങള്‍ക്കുള്ള കരുതലായാണ് ഈ പൂഴ്ത്തിവെപ്പ്. ഇന്ന് ബാങ്കില്‍ എത്തിയാലും മാറ്റിക്കിട്ടുന്ന തുകക്ക് പരിധിയുള്ളതിനാല്‍ എല്ലാം കലങ്ങിത്തെളിയുംവരെ അമ്പതും നൂറും കൈവിടാതിരിക്കാനുള്ള തത്രപ്പാടിലായിരുന്നു എല്ലാം. ഫലം, നാട്ടില്‍ പണം കൊടുത്ത് നടത്തേണ്ട എല്ലാ ഇടപാടുകളും ഇന്നലെ സ്തംഭിച്ചു. ആശുപത്രികളില്‍ ‘അസാധു’ നോട്ടുകള്‍ സ്വീകരിക്കുമെന്ന് പറഞ്ഞെങ്കിലും ആദ്യ മണിക്കൂറുകളില്‍ത്തന്നെ പ്രശ്നമായി. അഞ്ഞൂറോ ആയിരമോ വാങ്ങിയാല്‍ ബാക്കി കൊടുക്കാനുള്ള നൂറും അഞ്ഞൂറും സ്റ്റോക്ക് തീര്‍ന്നതാണ് കാരണം. ബാങ്കുകളില്‍ ഇന്നലെ പണമിടപാട് നടക്കാത്തതിനാലും എ.ടി.എം അടച്ചിട്ടതിനാലും ചില്ലറ നോട്ടുകള്‍ കിട്ടാന്‍ വഴിയുണ്ടായിരുന്നില്ല. റെയില്‍വേ സ്റ്റേഷനുകളില്‍ നോട്ടുകള്‍ സ്വീകരിച്ചു. നൂറും അമ്പതും കിട്ടുന്ന മുറക്ക് ബാക്കി കൊടുത്തു. അതുകൊണ്ടുതന്നെ ഒട്ടേറെപ്പേര്‍ ബാക്കി കിട്ടാന്‍ കാത്തുനില്‍ക്കേണ്ടിവന്നു. കെ.എസ്.ആര്‍.ടി.സി അടക്കമുള്ള ബസ് സര്‍വിസുകളില്‍ വല്ലാതെ ബാധിച്ചു. ബാക്കി കൊടുക്കാനില്ലാത്തതുതന്നെ പ്രശ്നം. പെട്രോള്‍ പമ്പുകളില്‍ നോട്ടുകള്‍ സ്വീകരിച്ച് സ്റ്റോക്കുള്ള നൂറും അമ്പതും കൊടുത്തു. അതുകഴിഞ്ഞ് വന്നവര്‍ക്ക് കൊടുത്ത പണത്തിന് മുഴുവന്‍ പെട്രോളും ഡീസലും അടിച്ചു. ചിട്ടിക്കമ്പനിക്കാരും ഇടപാടുകാരുമാണ് വല്ലാതെ വലഞ്ഞത്. അഞ്ഞൂറും ആയിരവും മിക്ക ചിട്ടിക്കമ്പനിക്കാരും സ്വീകരിച്ചില്ല. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അസാധുവായ നോട്ടുകള്‍ സ്വീകരിച്ചെങ്കിലും ബാക്കി കൊടുക്കല്‍ പ്രശ്നമായി. വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ തുറന്നെങ്കിലും ചില്ലറ അവിടെയും വില്ലനായി. വാങ്ങാന്‍ എത്തുന്നവര്‍ കുറവായിരുന്നു. വന്നവര്‍ക്കാകട്ടെ, ബാക്കി കൊടുക്കുന്നതും പ്രശ്നമായി. മിക്ക സ്ഥാപനങ്ങളും ഉച്ചക്കുമുമ്പ് പൂട്ടി. ഇന്നും അതേ അവസ്ഥയാകാനാണ് സാധ്യതയെന്ന് വ്യാപാരികള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.