കൂടല്‍മാണിക്യം ക്ഷേത്രം: തണ്ടികക്ക് ഭക്തിനിര്‍ഭര വരവേല്‍പ്

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ പ്രസിദ്ധമായ തൃപ്പുത്തരിയോടനുബന്ധിച്ചുള്ള തണ്ടികക്ക് ഇരിങ്ങാലക്കുടയില്‍ ഭക്തിനിര്‍ഭര വരവേല്‍പ്. തുലാമാസത്തിലെ തിരുവോണനാളിലാണ് തൃപ്പുത്തരി. വര്‍ഷത്തില്‍ ആദ്യമായി കൃഷി ചെയ്ത് വിളയിച്ച വിഭവങ്ങള്‍കൊണ്ട് അര്‍പ്പിക്കുന്ന നിവേദ്യമാണ് തൃപ്പുത്തരി. ഈ വര്‍ഷം പത്തര തണ്ടാണ് തണ്ടിക. തൃപ്പുത്തരി നിവേദ്യത്തിന് ആവശ്യമായ നേന്ത്രപ്പഴം, കദളിപ്പഴം, പുന്നെല്ലിന്‍െറ അരി, പച്ചമുളക്, ഇഞ്ചി, കുരുമുളക്, മാങ്ങ, ഇടിയന്‍ചക്ക തുടങ്ങിയ വിഭവങ്ങള്‍ മുളം തണ്ടികയില്‍ കെട്ടി പാരമ്പര്യ അവകാശി മത്തോള്‍ അപ്പുനായരുടെ നേതൃത്വത്തില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് പോട്ട പ്രവര്‍ത്തി കച്ചേരിയില്‍ നിന്നാണ് പണിക്കവീട്ടുകാരുടെ അകമ്പടിയോടെ തണ്ടിക ഘോഷയാത്ര പുറപ്പെട്ടത്. കല്ളേറ്റുങ്കര വില്ളേജ് ഓഫിസ്, വല്ലക്കുന്ന്, പുല്ലൂര്‍ പുളിഞ്ചോട്ടിലുള്ള എന്‍.എസ്.എസ് കരയോഗം എന്നിവിടങ്ങളില്‍ തണ്ടിക കുത്തി വിശ്രമിച്ചു. തുടര്‍ന്ന് ഇരിങ്ങാലക്കുട എസ്.എന്‍.ബി.എസ് സമാജം വക ശ്രീ വിശ്വനാഥപുരം ക്ഷേത്രാങ്കണത്തില്‍ എത്തിയ തണ്ടിക ഘോഷയാത്രയെ ഇരിങ്ങാലക്കുട എം.എല്‍.എ പ്രഫ. കെ.യു. അരുണന്‍, എസ്.എന്‍.ബി.എസ് സമാജം സെക്രട്ടറി എം.കെ. വിശ്വംഭരന്‍, വൈസ് പ്രസിഡന്‍റ് സത്യന്‍, ക്ഷേത്രം ശാന്തി ശരണന്‍, സമാജം ഭരണ സമിതി അംഗങ്ങളായ പ്രദീപ്, വിജു കൊറ്റിക്കല്‍, പ്രദീപ് എളന്തോളി, എസ്.എന്‍.വൈ.എസ് പ്രസിഡന്‍റ് ബിന്നി അതിരുങ്ങല്‍ തുടങ്ങിയവര്‍ വരവേറ്റു. തുടര്‍ന്ന് വൈകീട്ട് അഞ്ചിന് ഠാണാവിലുള്ള ദേവസ്വം വക സ്ഥലത്ത് വിശ്രമിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു, വൈസ് ചെയര്‍പേഴ്സണ്‍ രാജേശ്വരി ശിവരാമന്‍ നായര്‍ തുടങ്ങിയവര്‍ വരവേല്‍ക്കുവാന്‍ എത്തി. വൈകീട്ട് പള്ളിവേട്ട ആല്‍ത്തറക്കല്‍ എത്തിച്ചേര്‍ന്ന തണ്ടിക ഘോഷയാത്രയെ വാദ്യമേളങ്ങളോടെയാണ് ക്ഷേത്രത്തിലേക്ക് ആനയിച്ചത്. ദേവസ്വം ചെയര്‍മാന്‍ പനമ്പിള്ളി രാഘവമേനോന്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ വിനോദ് തറയില്‍, സി. മുരാരി, ദേവസ്വം ജീവനക്കാര്‍, കെ.എന്‍. രാമചന്ദ്രന്‍ തുടങ്ങിയവര്‍ തണ്ടികയെ അനുഗമിച്ചു. ഏഴിന് തിങ്കളാഴ്ച ഉച്ചക്ക് നടക്കുന്ന തൃപ്പുത്തരി നകരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരി ഭഗവാന് നിവേദിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.