ഇരയുടെ പേര് വെളിപ്പെടുത്തല്‍: കെ. രാധാകൃഷ്ണനെതിരെ കേസെടുക്കും

തൃശൂര്‍: സി.പി.എം കൗണ്‍സിലര്‍ ഉള്‍പ്പെട്ട വടക്കാഞ്ചേരി പീഡനക്കേസിലെ ഇരയുടെ പേര് പറഞ്ഞ സി.പി.എം ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണനെതിരെ തിങ്കളാഴ്ച കേസെടുത്തേക്കും. ഇതുസംബന്ധിച്ച അന്വേഷണത്തിന് ചുമതലപ്പെടുത്തിയ സ്പെഷല്‍ ബ്രാഞ്ച് അസി. കമീഷണര്‍ ബാബുരാജ് തന്‍െറ റിപ്പോര്‍ട്ട് ഇന്ന് സിറ്റി പൊലീസ് കമീഷണര്‍ക്ക് കൈമാറും. രാധാകൃഷ്ണന്‍ ഇരയുടെ പേര് പരാമര്‍ശിക്കുന്നുണ്ടെന്നാണ് അസി. കമീഷണറുടെ റിപ്പോര്‍ട്ട്. പീഡനക്കേസില്‍ ആരോപണ വിധേയരായ കൗണ്‍സിലര്‍ ജയന്തനെയും അംഗം ബിനീഷിനെയും പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്ത കാര്യം അറിയിക്കുന്നതിനിടെയാണ് രാധാകൃഷ്ണന്‍ ഇരയുടെ പേര് പരാമര്‍ശിച്ചത്. ആരോപണ വിധേയന്‍െറ പേര് ആവര്‍ത്തിക്കപ്പെടുമ്പോള്‍ പരാതിക്കാരിയുടെ പേര് പറയാതിരിക്കാനാകില്ളെന്നായിരുന്നു അദ്ദേഹത്തിന്‍െറ ന്യായം. ബലാത്സംഗക്കേസിലെ ഇരയെ തിരിച്ചറിയാനുതകുന്ന വിവരങ്ങള്‍ അച്ചടിക്കുകയോ പ്രസിദ്ധപ്പെടുത്തുകയോ ചെയ്യുന്നത് ഐ.പി.സി 228 എ (1), (2) വകുപ്പുകള്‍ പ്രകാരം കുറ്റമാണെന്നത് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ മണ്ഡലം കമ്മിറ്റിയും ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് എ. നാഗേഷും സിറ്റി പൊലീസ് കമീഷണര്‍ക്ക് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയതിനെ അടിസ്ഥാനമാക്കിയാണ് പരാതി. ഇതനുസരിച്ചാണ് അന്വേഷണം. ഇതനുസരിച്ച് കേസെടുക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. കേസെടുക്കുന്ന കാര്യം കമീഷണര്‍ തീരുമാനിക്കും. ദേശീയ വനിതാ കമീഷനും സംസ്ഥാന മനുഷ്യാവകാശ കമീഷനും കേസെടുക്കാന്‍ ഉത്തരവിട്ടിരുന്നു. 48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നാണ് ദേശീയ വനിതാ കമീഷന്‍ ഉത്തരവ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.