തൃശൂര്‍: എം.ജി റോഡ് വികസനം വീണ്ടും വഴിമുട്ടി. ഒക്ടോബറില്‍ പുനരാരംഭിച്ച റോഡ് വികസനം സ്ഥലപരിശോധനക്കുശേഷം നടപടികളിലേക്ക് കടക്കാനായില്ല. സ്ഥലം നഷ്ടപ്പെടുന്നവര്‍ക്കും വ്യാപാരികള്‍ക്കുമായി നിര്‍ദേശിച്ച നഷ്ടപരിഹാര പാക്കേജില്‍ എതിര്‍പ്പുയര്‍ത്തി ഒരു വിഭാഗം കോടതിയെ സമീപിച്ചു. ഇതോടെ തല്‍ക്കാലം നടപടികളിലേക്ക് കടക്കേണ്ടതില്ളെന്ന് കോര്‍പറേഷനും നിലപാടെടുത്തു. കോര്‍പറേഷന്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിച്ച സ്ഥലത്തിന്‍െറ ഉടമകളായ രണ്ടുപേരാണ് കോടതിയെ സമീപിച്ചത്. സ്ഥലം നിര്‍ബന്ധപൂര്‍വം കോര്‍പറേഷന്‍ പിടിച്ചെടുക്കുന്നെന്നാണ് ഇവരുടെ പരാതി. കെട്ടിടനിര്‍മാണ ചട്ടങ്ങളില്‍ ഇളവ് നല്‍കി ആകര്‍ഷക പാക്കേജ് നല്‍കിയാല്‍ സൗജന്യമായി സ്ഥലം നല്‍കാമെന്ന ചില ഉടമകളുടെ നിര്‍ദേശം കണക്കിലെടുത്ത് പ്രത്യേക പാക്കേജായിരുന്നു തയാറാക്കിയത്. ഇതോടെ വന്‍ സാമ്പത്തിക ബാധ്യതയെന്ന കടമ്പ മറികടക്കാമെന്നായിരുന്നു കോര്‍പറേഷന്‍െറ കണക്കുകൂട്ടല്‍. എതിര്‍പ്പുകളില്ലാതെ റോഡ് വികസനം സാധ്യമാവുകയും ചെയ്യുമായിരുന്നു. ഇതോടൊപ്പം പ്രമുഖ വ്യവസായി സി.കെ. മേനോന്‍ കോട്ടപ്പുറം മേല്‍പാലം നിര്‍മാണത്തിനുള്ള തുക നല്‍കുമെന്നും വ്യക്തമാക്കിയതോടെ കാര്യങ്ങള്‍ക്ക് ഊര്‍ജം കൈവന്നു. നിരവധി തവണയായി വ്യാപാരികളും ഭൂവുടമകളുമായി കോര്‍പറേഷന്‍ ചര്‍ച്ച നടത്തുകയും പാക്കേജിന് തത്വത്തില്‍ അംഗീകാരം നല്‍കുകയും ചെയ്തു. വ്യാപാരികള്‍ക്ക് പുനരധിവാസവും പാക്കേജിലുണ്ടായിരുന്നു. നടുവിലാല്‍ ജങ്ഷന്‍ മുതല്‍ പാറയില്‍ ജങ്ഷന്‍ വരെ 21 മീറ്ററിലും പടിഞ്ഞാറേകോട്ട വരെ 25 മീറ്ററിലും റോഡ് വികസിപ്പിക്കാന്‍ 40 വര്‍ഷം മുമ്പ് കൗണ്‍സില്‍ അംഗീകരിച്ച നഗരാസൂത്രണ പദ്ധതിയനുസരിച്ച് സ്ഥലമെടുപ്പ് നടത്താനായിരുന്നു ധാരണ. റോഡ് വികസനത്തിനാവശ്യം 179 സെന്‍റ് സ്ഥലമാണ്. ഇതില്‍ 29 സെന്‍റ് നേരത്തേ സ്ഥലം ഉടമകള്‍ സൗജന്യമായി കൈമാറിയിരുന്നു. ബാക്കി 150 സെന്‍റ് സ്ഥലത്തിന് 60 കോടിയെങ്കിലും വില വരുമെന്നതിനാല്‍ പണം മുടക്കി സ്ഥലം വാങ്ങി റോഡ് വികസനം എളുപ്പമാകില്ളെന്നുകണ്ടാണ് പാക്കേജ് പ്രഖ്യാപിച്ചത്. എം.ജി റോഡില്‍ നിലവില്‍ 4.5 മീറ്റര്‍ വിട്ട് വേണം കെട്ടിടം നിര്‍മിക്കാന്‍. ഇത് 1.5 മീറ്റര്‍ ആക്കി ചുരുക്കി കെട്ടിടം നിര്‍മിക്കാന്‍ അനുവദിക്കണമെന്നതായിരുന്നു സൗജന്യമായി സ്ഥലം നല്‍കുന്ന ഉടമകളുടെ പ്രധാന വ്യവസ്ഥ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.