കുരുവിലശേരിയില്‍ നെയ്ത്ത് കേന്ദ്രവും അച്ചടിശാലയും ചിതല്‍ തിന്നുന്നു

മാള: പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിന് വ്യവസായ വകുപ്പ് അനുവദിച്ച തുണി നെയ്ത്ത് കേന്ദ്രവും, സഹകരണ വകുപ്പ് നല്‍കിയ പ്രിന്‍റിങ് പ്രസും ചിതല്‍ തിന്നുന്നു. ഏറ്റെടുക്കാനാളില്ലാത്ത ഈ കേന്ദ്രം വര്‍ഷങ്ങളോളമായി അനാഥമാണ്. ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായ കെട്ടിടം തകര്‍ച്ചാഭീഷണിയിലാണ്. ഇതിനുചുറ്റുമായി നിരവധി കുടുംബങ്ങളും താമസിക്കുന്നുണ്ട്. മാള കുരുവിലശേരിയില്‍ മാള ബ്ളോക് പഞ്ചായത്തിന്‍െറ മൂക്കിന് താഴെയാണ് കെട്ടിടം. 1995-96 കാലത്താണ് പ്രിന്‍റിങ് പ്രസ് സ്ഥാപിച്ചത്. സഹകരണ വകുപ്പ് അഷ്ടമിച്ചിറ കോള്‍കുന്നില്‍ ഇതിനായി പത്ത് സെന്‍റ് സ്ഥലം വാങ്ങിയിരുന്നു. ഇവിടെ പ്രസ് സ്ഥാപിക്കാന്‍ കെട്ടിട നിര്‍മാണം നടത്തണം. അപ്പോഴാണ് വലിയപറമ്പ് കുരുവിലശേരിയില്‍ പട്ടിക ജാതിയുടെ നെയ്ത്തു കേന്ദ്രത്തിന്‍െറ പ്രവര്‍ത്തനം നിലക്കുന്നത്. ഇതത്തേുടര്‍ന്ന് പ്രസ് ഇവിടെ തുടങ്ങുകയായിരുന്നു. വലിയപറമ്പ് കുടിലിങ്ങല്‍ അനി എന്നയാളായിരുന്നു അന്നത്തെ പ്രിന്‍റര്‍. പട്ടികജാതി വിഭാഗത്തിന്‍െറ സൊസൈറ്റിക്കായിരുന്നു മേല്‍നോട്ടം. പ്രസിഡന്‍റ് സി.സി. സുബ്രനും, സെക്രട്ടറി കുടിലിങ്ങല്‍ ശ്രീദേവിയുമായിരുന്നു. പ്രസ് പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ഇതിന് മുമ്പ് ഇവിടെ പ്രവര്‍ത്തിച്ചിരുന്ന നെയ്ത്ത് കേന്ദ്രത്തിന്‍െറ ഗതി തന്നെ അച്ചടിശാലക്കും വന്നു. ഒന്ന് രണ്ട് വര്‍ഷം പ്രവര്‍ത്തിച്ചെങ്കിലും ഉപഭോക്താക്കള്‍ വരാതായതോടെ അച്ചടിയും നിലച്ചു. നൂറോളം ഹരിജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നിണ്ടിവിടെ. രണ്ട് വ്യക്തികളില്‍ നിന്ന് ഏഴ്, അഞ്ച് സെന്‍റ് ഭൂമി വാങ്ങി വ്യവസായം നടത്തുന്നതിനാണ് കെട്ടിടം നിര്‍മിച്ചത് . കെട്ടിടം ഇപ്പോള്‍ ഏതുസമയത്തും ഇടിഞ്ഞുവീഴാവുന്ന നിലയിലാണ്. മൂന്ന് മന്ത്രിസഭകള്‍ മാറി മാറി അധികാരത്തില്‍ വന്നിട്ടും ശോച്യാവസ്ഥക്ക് പരിഹാരം കണ്ട് ഇത് തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ നടപടിയെടുത്തില്ല. പുതിയ സര്‍ക്കാറിലാണ് നാട്ടുകാരുടെ പ്രതീക്ഷ. കെട്ടിടത്തിന്‍െറ സംരക്ഷണം സംബന്ധിച്ച് പഞ്ചായത്തും കൈ മലര്‍ത്തുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.