മെഡിക്കല്‍ കോളജിന് അടിയന്തര മാലിന്യനിര്‍മാര്‍ജന ചികിത്സ വേണം

മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കല്‍ കോളജില്‍ കോടികള്‍ ചെലവിട്ട് നിര്‍മിച്ച് മലിനജല ശുദ്ധീകരണ പ്ളാന്‍റ് മാലിന്യകേന്ദ്രമായി. ഒരുവര്‍ഷം മുമ്പ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്തതായിരുന്നു പ്ളാന്‍റ്. ആശുപത്രിയില്‍നിന്നുള്ള മലിനജലമെല്ലാം ഇവിടെയത്തെിച്ച് ശുദ്ധീകരിച്ച് ഉപയോഗിക്കാനാണ് പ്ളാന്‍റ് ഉണ്ടാക്കിയത്. എന്നാല്‍, പ്ളാന്‍റ് ഉദ്ഘാടനം കഴിഞ്ഞ് ഒരുവര്‍ഷം പിന്നിട്ടിട്ടും മലിനജലം ഇവിടെയത്തെിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടില്ല. പ്ളാന്‍റ് ഉപയോഗപ്പെടുത്താത്തത് മൂലം മെഡിക്കല്‍ കോളജിലെ വിവിധ വിഭാഗങ്ങളില്‍നിന്നുള്ള മാലിന്യം ആശുപത്രി പരിസരത്തേക്ക് ഒഴുകുകയാണ്. ഓപറേഷന്‍ തിയറ്ററിലെയും കക്കൂസുകളിലെയും അവശിഷ്ടങ്ങളാണ് മാലിന്യത്തില്‍ ഏറെയും. ഇതോടെ കൊതുകും ദുര്‍ഗന്ധവുമായി നാട്ടുകാരും രോഗികളും ബന്ധുക്കളും ഡോക്ടര്‍മാരും ബുദ്ധിമുട്ടുകയാണ്. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞാണ് മലിനജല ശുദ്ധീകരണ പ്ളാന്‍റ് പ്രവര്‍ത്തിപ്പിക്കാത്തത്. നിരവധി തവണ രോഗികളും നാട്ടുകാരും പരാതിപ്പെട്ടെങ്കിലും ചില ഉദ്യോഗസ്ഥരുടെ ഇടപെടല്‍ മൂലം പദ്ധതി നടപ്പായിട്ടില്ല. ഇതിനിടെ മാലിന്യസംസ്കരണത്തിനുള്ള മെഡിക്കല്‍ കോളജിലെ ഇന്‍സിനറേറ്റര്‍ തകരാര്‍ പരിഹരിക്കാനും നടപടികളുണ്ടായിട്ടില്ല. ഇതോടെ മാലിന്യം പൊതുവഴിക്ക് സമീപം കൂട്ടിയിട്ടിരിക്കുകയാണ്. ആശുപത്രിയിലേക്കുള്ള പൊതുവഴിയുടെ സമീപം ഇപ്പോള്‍ മാലിന്യക്കൂമ്പാരമാണ്. ഇവിടം തെരുവുനായകളുടെ കേന്ദ്രമായി മാറി. ആശുപത്രി പരിസരത്തൂടെ പോയാല്‍പോലൂം പകര്‍ച്ചവ്യാധി പിടിപെടുമെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.