സംഘര്‍ഷഭീതി ഒഴിയാതെ കൊടുങ്ങല്ലൂര്‍

കൊടുങ്ങല്ലൂര്‍: ഇടത് വിജയത്തിന്‍െറ ആഹ്ളാദത്തിമിര്‍പ്പിനിടെ ബി.ജെ.പി പ്രവര്‍ത്തകന്‍ മരിച്ചതിനെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ മേഖലയില്‍ ഉടലെടുത്ത സംഘര്‍ഷാവസ്ഥക്ക് അയവ് വന്നില്ല. സംഭവത്തില്‍ പ്രതിഷേധിച്ച് തൃശൂര്‍ ജില്ലയില്‍ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടയിലും പലയിടങ്ങളിലും ആക്രമണങ്ങള്‍ അരങ്ങേറി. ശനിയാഴ്ച ബി.ജെ.പി ആഹ്വാനം ചെയ്ത ജില്ലാ ഹര്‍ത്താല്‍ അക്ഷരാര്‍ഥത്തില്‍ ബന്ദായി മാറി. ജനജീവിതം പാടെ നിശ്ചലമായി. റോഡുകളില്‍ പൊലീസ് സന്നാഹങ്ങള്‍ മാത്രമായി. വോട്ടെണ്ണല്‍ ദിവസം വൈകീട്ട് എടവിലങ്ങിലുണ്ടായ സംഘര്‍ഷത്തിന് പിറകെ ആക്രമണത്തിനിരയായ ബി.ജെ.പി പ്രവര്‍ത്തകന്‍ വല്ലത്ത് പ്രമോദ് വെള്ളിയാഴ്ച ഉച്ചയോടെയാണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം ശനിയാഴ്ച 12.30മണിയോടെ എടവിലങ്ങ് ചന്തയില്‍ കൊണ്ടുവന്നു. പഞ്ചായത്ത് ഓഫിസിന് സമീപം പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, ജില്ലാ പ്രസിഡന്‍റ് എ. നാഗേഷ്, മണ്ഡലം പ്രസിഡന്‍റ് പോണത്ത് ബാബു, കയ്പമംഗലം എന്‍.ഡി.എ സ്ഥാനാര്‍ഥിയായിരുന്ന ഉണ്ണികൃഷ്ണന്‍ തഷ്ണാത്ത്, ആര്‍.എസ്.എസ്, വിശ്വഹിന്ദുപരിഷത്ത് മറ്റ് പോഷക സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. പൊതുദര്‍ശനത്തിന് ശേഷം വിലാപയാത്രയായി മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി സംസ്കരിച്ചു. പൊതുദര്‍ശന സ്ഥലത്ത് തടിച്ചുകൂടിയ ബി.ജെ.പി പ്രവര്‍ത്തകരില്‍ ചിലര്‍ പ്രകോപിതരാവുകയും പൊലീസ് സന്നാഹത്തിനിടെ സി.പി.എം എടവിലങ്ങ് ലോക്കല്‍ കമ്മിറ്റി ഓഫിസും സി.ഐ.ടി.യു ഓഫിസും തീവെക്കുകയും അടിച്ച് തകര്‍ക്കുകയുമുണ്ടായി. പൊലീസത്തെി തീ അണച്ചതിനാല്‍ കാര്യമായ നഷ്ടമുണ്ടായില്ല. എടവിലങ്ങിലും എസ്.എന്‍ പുരത്തെ പി. വെമ്പല്ലൂരിലുമാണ് ആക്രമണങ്ങള്‍ കൂടുതലായി നടന്നത്. വീടുകളും വാഹനങ്ങളും ആക്രമിക്കപ്പെട്ടു. എടവിലങ്ങ് ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് അംഗം ആദര്‍ശ്, പടിയത്ത് ഇബ്രാഹീം, മാങ്കറ സുധീഷ് എന്നിവരുടെ വീടുകള്‍ രാത്രി ആക്രമിക്കപ്പെട്ടു. വെമ്പല്ലൂരില്‍ മുല്ലശേരി ഷാജിയുടെ ഓട്ടോ, വേലായിയുടെ സ്കൂട്ടര്‍ എന്നിവ തകര്‍ത്തു. കൊളങ്ങര സിദ്ധാര്‍ഥന്‍െറ വീടിന്‍െറ ചില്ലുകള്‍ തകര്‍ത്തു. അസ്മാബി കോളജ് പരിസരത്ത് എടമുട്ടത്ത് ഹമീദ്, പുന്നിലത്ത് അന്‍സാര്‍ എന്നിവരുടെ പീടികകളിലും നാശമുണ്ടായി. ആല, ആമണ്ടൂര്‍ എന്നിവിടങ്ങളിലും വീടുകള്‍ക്ക് കേടുപാട് വരുത്തിയിട്ടുണ്ട്. ഇതിനിടെ പ്രതികളെ പിടികൂടാനുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി. നേരത്തെ യുവമോര്‍ച്ച നേതാവ് കൊല്ലപ്പെട്ട കേസില്‍ പ്രതികളായവരെയാണ് പൊലീസ് തേടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.